തെല്‍അവീവ് – ഗാസ മുനമ്പില്‍ തടവിലാക്കപ്പെട്ട ഇസ്രായിലി ബന്ദികളുടെ മോചനം തിങ്കളാഴ്ച രാവിലെ ആരംഭിക്കുമെന്ന് ഇസ്രായില്‍ സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
ജീവിച്ചിരിക്കുന്ന 20 ബന്ദികളെ ഒറ്റയടിക്ക് മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജീവിച്ചിരിക്കുന്ന ബന്ദികളെ മോചിപ്പിച്ചതിന് ശേഷം മരിച്ച 28 ബന്ദികളുടെ മൃതദേഹങ്ങള്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. 20 ജീവിച്ചിരിക്കുന്ന ഇസ്രായിലി ബന്ദികള്‍ തങ്ങളുടെ പക്കലുണ്ടന്ന് അറബ് മധ്യസ്ഥര്‍ വഴി ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്.
ഈ ഘട്ടത്തില്‍, ഇന്റലിജന്‍സ് വിലയിരുത്തലില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് ഇസ്രായിലി പ്രതിരോധ ഉദ്യോഗസ്ഥന്‍ ടൈംസ് ഓഫ് ഇസ്രായിലിനോട് പറഞ്ഞു. എന്നിരുന്നാലും, ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഏത് സംഭവവികാസങ്ങള്‍ക്കും ഇസ്രായില്‍ സൈന്യം തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരിച്ച ചില ബന്ദികളുടെ മൃതദേഹങ്ങള്‍ എവിടെയാണെന്ന് അറിയില്ലെന്നും ട്രംപ് പദ്ധതി പ്രകാരം അവരെ കൈമാറാനായി നിശ്ചയിച്ചിട്ടുള്ള 72 മണിക്കൂര്‍ സമയപരിധി പാലിക്കാന്‍ ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്നും ഹമാസ് മധ്യസ്ഥരെയും ഇസ്രായിലിനെയും അറിയിച്ചിട്ടുണ്ട്. എല്ലാ മൃതദേഹങ്ങളുടെയും സ്ഥാനം ഹമാസിന് അറിയില്ലെന്നും അവ ശേഖരിക്കാന്‍ വളരെ സമയമെടുക്കുമെന്നും ഇസ്രായില്‍ ഇന്റലിജന്‍സും വിശ്വസിക്കുന്നു.
സ്ഥാനങ്ങള്‍ അജ്ഞാതമായ ഇസ്രായിലി ബന്ദികളുടെ മൃതദേഹങ്ങള്‍ കണ്ടെത്താനായി സംയുക്ത ബഹുരാഷ്ട്ര ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വാള്‍ സ്ട്രീറ്റ് ജേണലിനോട് പറഞ്ഞു. ഈ ടാസ്‌ക് ഫോഴ്സില്‍ തുര്‍ക്കി, അമേരിക്ക, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടും.