ജറൂസലം – ജറൂസലമിന് കിഴക്കുള്ള അല്‍സഈം, അല്‍ഈസാവിയ എന്നീ ഗ്രാമങ്ങളില്‍ ഫലസ്തീനികളുടെ ഉടമസ്ഥതയിലുള്ള 77 ഏക്കറിലേറെ ഭൂമി പിടിച്ചെടുക്കാന്‍ ഇസ്രായില്‍ സൈന്യം ഇന്ന് സൈനിക ഉത്തരവ് പുറപ്പെടുവിച്ചതായി പ്രാദേശിക ഫലസ്തീന്‍ വൃത്തങ്ങള്‍ അറിയിച്ചു. നിരവധി ഫലസ്തീനികളുടെ ഭൂമിയാണ് സൈന്യം പിടിച്ചെടുക്കുന്നത്. കിഴക്കന്‍ ജറൂസലമിന് സമീപമുള്ള ഫലസ്തീനികളുടെ ഭൂമി പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ടുള്ള വ്യവസ്ഥാപിത ഇസ്രായിലി നയങ്ങളുടെ ഭാഗമാണ് പുതിയ പിടിച്ചെടുക്കല്‍ ഉത്തരവുകളെന്ന് ഫലസ്തീന്‍ ന്യൂസ് ഏജന്‍സി വഫാ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ജറൂസലമിന് കിഴക്കുള്ള ഖാന്‍ അല്‍അഹ്മറിന് സമീപമുള്ള അല്‍ഹത്‌റൂറ ബെദൂയിന്‍ കമ്മ്യൂണിറ്റിയിലെ മൂന്ന് ബെദൂയിന്‍ കുടുംബങ്ങള്‍ അവരുടെ വീടുകളില്‍ നിന്ന് മാറിപ്പാര്‍ക്കാന്‍ നിര്‍ബന്ധിതരായി. കമ്മ്യൂണിറ്റിയെ ചുറ്റിപ്പറ്റിയുള്ള പ്രദേശത്ത് പുതിയ ജൂതസെറ്റില്‍മെന്റ് ഔട്ട്പോസ്റ്റ് സ്ഥാപിച്ചതിനെ തുടര്‍ന്ന് കുടിയേറ്റക്കാരുടെ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നത് കുടുംബങ്ങളെ അവരുടെ ജീവനും സ്വത്തും സംരക്ഷിക്കാനായി പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കുകയായിരുന്നെന്ന് ജറൂസലം ഗവര്‍ണറേറ്റ് പത്രക്കുറിപ്പില്‍ പറഞ്ഞു. പ്രദേശത്ത് അതിക്രമിച്ചു കയറുക, താമസക്കാരെ നേരിട്ട് ആക്രമിക്കുക, സ്വത്ത് മോഷ്ടിക്കുക, ഇടയന്മാരെ ഉപദ്രവിക്കുക, അവരുടെ ആടുകളെ മേയ്ക്കുന്നത് തടയുക എന്നിവ കുടിയേറ്റക്കാരുടെ ആക്രമണങ്ങളില്‍ ഉള്‍പ്പെടുന്നതായി പ്രസ്താവന കൂട്ടിച്ചേര്‍ത്തു.
ജൂതകുടിയേറ്റ കോളനികളുടെ വിപുലീകരണത്തിനും നിര്‍മ്മാണത്തിനുമായി ബെദൂയിന്‍ സമൂഹങ്ങളുടെ ഭൂമി പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള വ്യവസ്ഥാപിത നയത്തിന്റെ ഭാഗമാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ഈ ആക്രമണങ്ങള്‍ തടയാനും ഭീഷണി നേരിടുന്ന ബെദൂയിന്‍ സമൂഹങ്ങളിലെ പൗരന്മാരെ സംരക്ഷിക്കാനും അടിയന്തിരമായി ഇടപെടണമെന്ന് മനുഷ്യാവകാശ സംഘടനകളോടും അന്താരാഷ്ട്ര സംഘടനകളോടും ജറൂസലം ഗവര്‍ണറേറ്റ് ആവശ്യപ്പെട്ടു.



