വെസ്റ്റ് ബാങ്ക്– കഴിഞ്ഞ ദിവസം ബൈസന്റൈൻ ക്രിസ്ത്യൻ സെമിത്തേരിക്ക് സമീപവും പലസ്തീനിലെ ക്രിസ്ത്യാനികൾക്കുള്ള ഏറ്റവും പഴക്കമേറിയ ആരാധനാലയമായ അൽ-ഖാദെർ (സെന്റ് ജോർജ്ജ്) പള്ളിയിൽ തീവെപ്പ് നടത്തി ഇസ്രായേലിൽ നിന്നുള്ള ജൂത കുടിയേറ്റക്കാർ. സമീപകാലത്തായി നടന്ന് പോരുന്ന നിരവധി ആക്രമണങ്ങളിലെ ഏറ്റവും ഒടുവിലെത്തേതാണ് ഈ തീവെപ്പ് ആക്രമണം എന്ന് തായ്ബെ ഗ്രാമത്തിലെ ജനങ്ങൾ പറയുന്നത്. തായ്‌ബെയുടെ പ്രാഥമിക വരുമാന സ്രോതസ്സായ ഒലിവ് തോട്ടങ്ങളും കുടിയേറ്റക്കാർ നശിപ്പിച്ചിട്ടുണ്ട്, കൂടാതെ കർഷകർക്ക് അവരുടെ ഭൂമിയിലേക്ക് പ്രവേശിക്കുന്നതും കൃഷി ചെയ്യുന്നതും ഇസ്രായേൽ സൈന്യത്തിന്റെ സഹായത്തോടെ തടഞ്ഞു എന്ന് വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
സമീപ ആഴ്ചകളിൽ, തായ്‌ബെയെ മാത്രമല്ല, ഐൻ സാമിയ, കുഫ്ർ മാലിക് തുടങ്ങിയ അനധികൃത കുടിയേറ്റ കേന്ദ്രങ്ങൾക്ക് സമീപമുള്ള നിരവധി പലസ്തീൻ ഗ്രാമങ്ങളെയും കുടിയേറ്റക്കാർ ലക്ഷ്യം വച്ചിട്ടുണ്ട്. കുടിയേറ്റക്കാർ വീടുകൾക്കും വാഹനങ്ങൾക്കും വിളകൾക്കും തീവെച്ചതായും, ജൂൺ അവസാനം, അക്രമത്തെ ചെറുക്കാൻ ശ്രമിച്ച നാല് യുവ പലസ്തീനികൾ ക്രൂരമായി കൊല്ലപ്പെട്ടതായും വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ജോർദാൻ താഴ്‌വരയോട് ചേർന്നുള്ള ഐൻ സാമിയയിൽ പലസ്തീനിലെ പ്രധാന ജലസംഭരണിയും കുടിയേറ്റക്കാർ നശിപ്പിച്ചിരുന്നു
സമുദ്രനിരപ്പിൽ നിന്ന് 850 മീറ്റർ ഉയരത്തിൽ മധ്യ റാമല്ലയിലെ ഉയർന്ന പ്രദേശമായ തായ്‌ബെ മുസ്ലീം ക്രിസ്ത്യൻ സമൂഹങ്ങൾ സൗഹാർദത്തോടെ ജീപക്കുന്ന സ്ഥലമാണ്. 1977 ൽ ഇസ്രായേൽ സർക്കാർ സമീപത്തുള്ള ഡസൻ കണക്കിന് ഹെക്ടർ ഭൂമി കണ്ടുകെട്ടി റിമോണിം എന്ന പേരിൽ ഒരു വാസസ്ഥലം നിയമവിരുദ്ധമായി സ്ഥാപിച്ചതോടെയാണ് അവരുടെ പ്രശ്‌നങ്ങൾ ആരംഭിച്ചത് എന്ന് പ്രദേശവാസികൾ പറയുന്നു. ജൂത കുടിയേറ്റ കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്നതിനായി ഇസ്രായേൽ സൈന്യം വലിയ തോതിൽ കർഷകരിൽ നിന്നും ഭൂമി പിടിച്ചെടുത്തിരുന്നു. വാസസ്ഥലങ്ങൾ കൂടുതൽ വികസിപ്പിക്കുന്നതിനായി നൂറുകണക്കിന് ഹെക്ടർ പാലസ്തീൻ ഭൂമി കണ്ടുകെട്ടൽ ഭീഷണിയിലാണ് എന്നാണ് വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം പള്ളിയിൽ തീവെക്കുന്നതിന് മുമ്പുള്ള ആഴ്ചകളിൽ ജൂത കുടിയേറ്റക്കാർ ഒരു വീടിനും നിരവധി കാറുകൾക്കും തീയിട്ടിരുന്നു.
ക്രിസ്ത്യൻ വിശ്വാസ പ്രകാരം, ലാസറിന്റെ പുനരുത്ഥാനത്തിനുശേഷം യേശു അഭയം പ്രാപിച്ച സ്ഥലമായ യോഹന്നാന്റെ സുവിശേഷത്തിൽ പരാമർശിച്ചിരിക്കുന്ന പുരാതന ഗ്രാമമാണ് തായ്‌ബെ, ക്രിസ്ത്യൻ സമൂഹത്തിന് വളരെ പുരാതനമായ വേരുകളുമുണ്ട്. ലാറ്റിൻ, ഗ്രീക്ക് ഓർത്തഡോക്സ്, മെൽകൈറ്റ് എന്നീ മൂന്ന് പള്ളികൾ ഈ ഗ്രാമത്തിലുണ്ട് – അവയുടെ പാസ്റ്റർമാരായ ബാഷർ ഫവാദ്‌ലെ, ജാക്ക് നോബൽ അബേദ്, ദാവൂദ് ഖൗറി എന്നിവർ ഇന്നലെ രാത്രി ഇസ്രായേൽ അധികാരികളോട് കൂടുതൽ കുടിയേറ്റ അക്രമങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു അപ്പീൽ നൽകിയിട്ടുണ്ട് എന്ന് വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു.
ആഗോള ശ്രദ്ധ, ഗാസയിലെ വംശഹത്യയിലേക്ക് കേന്ദ്രീകരിക്കുകയും, ക്രിസ്ത്യൻ സമൂഹത്തിന്റെ നിലനിൽപ്പിന് നേരിടുന്ന വർദ്ധിച്ചുവരുന്ന ഗുരുതരമായ ഭീഷണികൾ അന്താരാഷ്ട്ര സമൂഹം പൂർണ്ണമായി മനസ്സിലാക്കിയേക്കില്ല എന്നതാണ് തായ്ബെയിലെ ക്രിസ്ത്യൻ നിവാസികളുടെ ഇന്നത്തെ ഏറ്റവും വലിയ ആശങ്കയെന്ന് വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.