തെല്‍അവീവ് – ഹമാസ് ഞായറാഴ്ച കൈമാറിയ മൂന്ന് സൈനികരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ഇന്ന് അറിയിച്ചു.
കേണല്‍ അസാഫ് ഹമാമി, ക്യാപ്റ്റന്‍ ഒമര്‍ മാക്‌സിം നൗത്ര (യു.എസ് പൗരന്‍), ഫസ്റ്റ് സര്‍ജന്റ് ഓസ് ഡാനിയേല്‍ എന്നിവരുടേതാണ് മൃതദേഹങ്ങള്‍. ഫോറന്‍സിക് വിദഗ്ധര്‍ ഐഡന്റിറ്റി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അവരുടെ കുടുംബങ്ങളെ വിവരമറിയിച്ചു. മുഴുവന്‍ ഇസ്രായിലി ബന്ദികളുടെയും ഭൗതികാവശിഷ്ടങ്ങള്‍ സംസ്‌കരിക്കാനായി ഇസ്രായിലില്‍ തിരികെ എത്തിക്കുമെന്ന് നെതന്യാഹു പ്രതിജ്ഞ ചെയ്തു. ഒക്ടോബര്‍ 10 ന് ഗാസ മുനമ്പില്‍ പ്രാബല്യത്തില്‍ വന്ന ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അനുസരിച്ച് ഗാസയില്‍ തടവിലാക്കപ്പെട്ട മൂന്ന് സൈനികരുടെ മൃതദേഹങ്ങള്‍ ലഭിച്ചതായി ഇസ്രായില്‍ ഞായറാഴ്ച അറിയിച്ചിരുന്നു.
ഞായറാഴ്ച തെക്കന്‍ ഗാസയിലെ തുരങ്കത്തില്‍ നിന്ന് കണ്ടെത്തിയ മൂന്ന് ഇസ്രായിലി സൈനികരുടെ മൃതദേഹങ്ങള്‍ ഇസ്രായിലിന് കൈമാറുമെന്ന് ടെലിഗ്രാം ചാനല്‍ വഴി ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡ്സ് നേരത്തെ അറിയിച്ചു. തിരികെ ലഭിച്ച മൂന്ന് മൃതദേഹങ്ങള്‍ തിരിച്ചറിയലിനായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറന്‍സിക് മെഡിസിനിലേക്ക് മാറ്റിയതായി ഇസ്രായില്‍ ആരോഗ്യ മന്ത്രാലയം ഞായറാഴ്ച വൈകുന്നേരം റിപ്പോര്‍ട്ട് ചെയ്തു.
ഏറ്റവും ഒടുവില്‍ ജീവിച്ചിരിക്കുന്ന 20 പേര്‍ അടക്കം 48 ഇസ്രായിലികളെ ഹമാസ് ഗാസയില്‍ ബന്ദികളാക്കിയിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം, 28 ബന്ദികളുടെ ഭൗതികാവശിഷ്ടങ്ങള്‍ ഹമാസ് തിരികെ നല്‍കേണ്ടതായിരുന്നു. എന്നാല്‍ ഇതുവരെ 17 മൃതദേഹങ്ങള്‍ മാത്രമേ തിരികെ നല്‍കിയിട്ടുള്ളൂ. ശേഷിക്കുന്ന മൃതദേഹാവശിഷ്ടങ്ങളുടെ സ്ഥാനം നിര്‍ണയിക്കാന്‍ പ്രയാസമാണെന്ന് ഹമാസ് പറയുന്നു. ബന്ദികളുടെ മൃതദേഹങ്ങള്‍ കൈമാറുന്നതിലെ ആവര്‍ത്തിച്ചുള്ള കാലതാമസം ഇസ്രായേല്‍ സര്‍ക്കാരിനെ ചൊടിപ്പിച്ചു. മൃതദേഹങ്ങള്‍ കൈമാറാന്‍ ഹമാസ് കരുതിക്കൂട്ടി കാലതാമസം വരുത്തുകയാണെന്ന് ഇസ്രായില്‍ ആരോപിക്കുന്നു. എന്നാല്‍ ഗാസ മുനമ്പില്‍ യുദ്ധത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെയും മറ്റും അവശിഷ്ടങ്ങള്‍ക്കടിയില്‍ ബന്ദികളുടെ മൃതദേഹങ്ങള്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ അവ വീണ്ടെടുക്കാനുള്ള പ്രക്രിയ മന്ദഗതിയിലാണ് നീങ്ങുന്നതെന്ന് ഹമാസ് വാദിക്കുന്നു. മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ ആവശ്യമായ ഉപകരണങ്ങളും ഉദ്യോഗസ്ഥരെയും നല്‍കണമെന്ന് മധ്യസ്ഥരോടും റെഡ് ക്രോസിനോടും ഹമാസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.



