അമ്മാൻ– വെസ്റ്റ് ബാങ്കിലെ ചരിത്രപ്രസിദ്ധമായ ഇബ്രാഹിമി മസ്ജിദിന്റെ മേൽനോട്ടവും നിർമ്മാണ അധികാരങ്ങളും ഹെബ്രോൺ മുനിസിപ്പാലിറ്റിയിൽ നിന്ന് എടുത്തുമാറ്റാനുള്ള ഇസ്രായില്‍ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ജോർദാൻ. ജോര്‍ദാന്‍ വിദേശ, പ്രവാസികാര്യ മന്ത്രാലയമാണ് ഇസ്രായിലിന്റെ ഈ നീക്കത്തിന് എതിരെ രംഗത്തെത്തിയത്. ഇസ്രായിലിന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെയും ചരിത്രപരമായ തൽസ്ഥിതിയുടെയും നഗ്നമായ ലംഘനമാണെന്ന് ജോർദാൻ വിദേശകാര്യ-പ്രവാസികാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇബ്രാഹിമി മസ്ജിദിലെ ആസൂത്രണ അധികാരങ്ങള്‍ ഫലസ്തീന്‍ അതോറിറ്റിക്കു കീഴിലെ ഹെബ്രോണ്‍ മുനിസിപ്പാലിറ്റിയില്‍ നിന്ന് സ്വന്തം സുപ്രീം പ്ലാനിംഗ് കൗണ്‍സിലിന് കൈമാറിയതായി അധിനിവിഷ്ട വെസ്റ്റ് ബാങ്കിന്റെ മേല്‍നോട്ടം വഹിക്കുന്ന ഇസ്രായിലി സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ പറഞ്ഞു. മസ്ജിദിന്റെ ആന്തരിക മുറ്റത്തിന് മുകളിൽ പുതിയ മേൽക്കൂര നിർമ്മിക്കാനുള്ള പദ്ധതിക്ക് ഇസ്രായില്‍ ഏകപക്ഷീയമായി അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്.
മസ്ജിദിന്റെ തൽസ്ഥിതി മാറ്റാനും, പള്ളിയുടെ നടത്തിപ്പ് ചുമതലയുള്ള ഫലസ്തീൻ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനുമുള്ള ആസൂത്രിത നീക്കമാണിതെന്ന് ഹെബ്രോൺ മുനിസിപ്പാലിറ്റി പ്രതികരിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഏകപക്ഷീയമായി അനുമതി നൽകുന്നതിലൂടെ ഇസ്രായില്‍ അധിനിവേശ ശക്തിയായി പ്രവർത്തിക്കുകയാണെന്നും, ഇത് സ്ഥലത്തിന്റെ ഇസ്ലാമിക പാരമ്പര്യത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണെന്നും ജോർദാൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഹെബ്രോണിലെ പഴയ നഗരവും ഇബ്രാഹിമി മസ്ജിദും 2017-ൽ യുനെസ്കോ അപകട ഭീഷണി നേരിടുന്ന ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. സായുധ സംഘർഷമുണ്ടായാൽ സാംസ്കാരിക സ്വത്തുക്കൾ സംരക്ഷിക്കണമെന്ന 1954-ലെ ഹേഗ് കൺവെൻഷന്റെയും യു.എൻ പ്രമേയങ്ങളുടെയും ലംഘനമാണ് ഇസ്രയേലിന്റെ നടപടിയെന്ന് ജോർദാൻ വക്താവ് ഫുവാദ് അൽമജാലി ചൂണ്ടിക്കാട്ടി.
കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുക എന്ന ഫലസ്തീൻ ജനതയുടെ ന്യായമായ ആവശ്യം അംഗീകരിക്കാതെ മേഖലയിൽ സമാധാനം പുലരില്ലെന്ന് ജോർദാൻ ആവർത്തിച്ചു. അധിനിവിഷ്ട പ്രദേശത്തെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് ഇസ്രായിലിനെ പിന്തിരിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



