റാമല്ല– സമാധാന കൗണ്‍സിലും (പീസ് ബോര്‍ഡ്) സാങ്കേതിക ഭരണകൂടവും സ്ഥാപിതമായ നിമിഷം മുതല്‍ ഹമാസിന് നിരായുധീകരിക്കാന്‍ രണ്ട് മാസം സമയം നല്‍കുമെന്നും അവര്‍ അത് സ്വയം ചെയ്തില്ലെങ്കില്‍, സൈന്യം ഇടപെടുമെന്നും ഇസ്രായില്‍ അറിച്ചു. ആയുധങ്ങള്‍ ഉപേക്ഷിക്കാന്‍ ഗാസ മുനമ്പിലെ ഫലസ്തീന്‍ വിഭാഗങ്ങള്‍ക്ക് ഇസ്രായില്‍ രണ്ട് മാസത്തെ അന്ത്യശാസനം നല്‍കിയിട്ടുണ്ട്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മിലുള്ള പൂര്‍ണ്ണമായ ധാരണയിലാണ് ഈ ഭീഷണി നിലപാട് ഉണ്ടായതെന്ന് ഇസ്രായിലില്‍ ശക്തമായ സൂചനയുണ്ട്. നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ ഹമാസ് നിരായുധീകരിക്കപ്പെട്ടില്ലെങ്കില്‍ ഇസ്രായില്‍ സൈന്യം പദ്ധതികള്‍ തയ്യാറാക്കുന്നുണ്ടെന്ന് ഇസ്രായിലി സുരക്ഷാ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഹമാസ് ഇപ്പോഴും ഗ്രൗണ്ടില്‍ സജീവമാണെന്നും സമയം അവരുടെ പക്ഷത്താണെന്നും യുദ്ധത്തിനിടെ പ്രസ്ഥാനത്തിന് കാര്യമായ നാശനഷ്ടങ്ങള്‍ നേരിട്ടെങ്കിലും അത് തകര്‍ച്ചയില്‍ നിന്ന് വളരെ അകലെയാണെന്നും ഇസ്രായില്‍ സൈന്യം വിലയിരുത്തുന്നു. ഹമാസിന് എളുപ്പവഴിയിലൂടെയോ കഠിനമായ വഴിയിലൂടെയോ അത് ചെയ്യാന്‍ കഴിയും എന്ന് പ്രസ്താവിച്ചുകൊണ്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രായിലിന്റെ നിലപാട് ശക്തിപ്പെടുത്തി.
സുരക്ഷാ വിലയിരുത്തലുകള്‍ അനുസരിച്ച്, ഗാസ മുനമ്പിന്റെ ചില ഭാഗങ്ങളില്‍ സംഘടന ഇപ്പോഴും ഭരണപരവും സൈനികവുമായ ശക്തമായ പിടി നിലനിര്‍ത്തി ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്നു. ഫലപ്രദമായ നിയന്ത്രണം നിലനിര്‍ത്തുന്ന പ്രദേശങ്ങളില്‍ ആയുധശേഷി ആര്‍ജിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നുണ്ട്. പരിവര്‍ത്തന കാലഘട്ടം ഹമാസിന്റെ താല്‍പ്പര്യങ്ങള്‍ക്ക് ഗുണം ചെയ്യുകയാണ്. ഇത് ശേഷികള്‍ പുനര്‍നിര്‍മ്മിക്കാനും ഭൂഗര്‍ഭ അടിസ്ഥാന സൗകര്യങ്ങള്‍ സജീവമാക്കാനും പോരാട്ട സേനയെ പുനഃസ്ഥാപിക്കാനും ഹമാസിനെ അനുവദിക്കുന്നു.
തല്‍ഫലമായി, നിലവിലെ ഘട്ടം നീട്ടുന്നത് ഒരു ഓപ്ഷനല്ലെന്ന് ഇസ്രായിലിലെ അഭിജ്ഞ വൃത്തങ്ങള്‍ വ്യക്തമാക്കി. വ്യക്തവും പരിമിതവുമായ ടൈംടേബിള്‍ തയാറാക്കിയിട്ടുണ്ടെന്നും ഇതിന്റെ അവസാനം നിര്‍ണായക തീരുമാനമെടുക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
അമേരിക്കയുമായുള്ള പൂര്‍ണ്ണ ഏകോപനത്തോടെയാണ് ഈ തീരുമാനം എടുത്തതെന്നും അമേരിക്കയും ഇസ്രായിലും തമ്മിലുള്ള നേരിട്ടുള്ള ധാരണകളുടെ ഭാഗമാണിതെന്നും രാഷ്ട്രീയ, സുരക്ഷാ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഹമാസിന്റെ നിരായുധീകരണം കേവലം ഒരു പ്രഖ്യാപിത ലക്ഷ്യമല്ല. മറിച്ച്, ഗാസ മുനമ്പിലെ ഏതൊരു പുരോഗതിക്കും ഒരു നിര്‍ബന്ധിത വ്യവസ്ഥയാണെന്നുമുള്ള ധാരണയും ഇതില്‍ പെടുന്നു.
മാനദണ്ഡങ്ങള്‍, എങ്ങിനെ പരിശോധിക്കും, എപ്പോള്‍ യഥാര്‍ഥവും പൂര്‍ണ്ണവുമായി കണക്കാക്കും എന്നിവ ഉള്‍പ്പെടെ നിരായുധീകരണത്തിന്റെ നിര്‍വചനത്തില്‍ ഇസ്രായിലിന് പൂര്‍ണ്ണ നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വിശദീകരിച്ചു. ഭാഗികമായ നിരായുധീകരണവും ഇക്കാര്യത്തിലുള്ള പ്രതീകാത്മക നടപടികളും അംഗീകരിക്കില്ലെന്നും ഹമാസിന് സൈനിക ശേഷി ഉള്ളിടത്തോളം കാലം യെല്ലോ ലൈനില്‍ നിന്ന് ഇസ്രായില്‍ സൈന്യം പിന്മാറില്ലെന്നും ഇസ്രായിലി വൃത്തങ്ങള്‍ വ്യക്തമാക്കി. ഹമാസിനെ നിരായുധീകരിക്കുന്നതുവരെ, ഗാസയുടെ ദൈനംദിന ഭരണകാര്യങ്ങള്‍ക്ക് രൂപീകരിച്ച സാങ്കേതിക സര്‍ക്കാരുമായുള്ള സഹകരണം പരിമിതവും ജാഗ്രതയോടെയുള്ളതുമായിരിക്കുമെന്ന് ഇസ്രായില്‍ തീരുമാനിച്ചു. സാങ്കേതിക സര്‍ക്കാരിന്റെ ഘടനയും അതിലെ അംഗങ്ങളുടെ പേരുകളും ഇസ്രായില്‍ സൂക്ഷ്മമായി പരിശോധിച്ചു വരികയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ഹമാസ് സ്വമേധയാ ആയുധം ഉപേക്ഷിക്കില്ല എന്നതാണ് ഇസ്രായിലില്‍ നിലവിലുള്ള അനുമാനം. സൈനിക നടപടിയിലേക്ക് കടക്കുന്നതിന് മുമ്പ് വ്യക്തമായ സമയപരിധി സ്ഥാപിക്കുക എന്നതും അന്ത്യശാസനത്തിന്റെ ലക്ഷ്യമാണ്. രണ്ടു വര്‍ഷം നീണ്ട വിനാശകരമായ യുദ്ധത്തിന് ശേഷമാണ് ഇസ്രായിലിന്റെ പുതിയ മുന്നറിയിപ്പ്. ഹമാസിനെ നേരിടാന്‍ ഇസ്രായില്‍ എന്തെല്ലാം നടപടികള്‍ കരുതിവച്ചിട്ടുണ്ടെന്ന കാര്യം വ്യക്തമല്ല.
ഗാസ മുനമ്പിലെ എല്ലാത്തരം ആയുധങ്ങളും ഇല്ലാതാക്കാനും എല്ലാ തുരങ്കങ്ങളും നശിപ്പിക്കാനും ഇസ്രായില്‍ ആഗ്രഹിക്കുന്നു. ഗാസയിലെ സാങ്കേതിക സര്‍ക്കാരിന് അധികാരം കൈമാറുമെന്ന് ഹമാസ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആയുധം ഉപേക്ഷിക്കുമെന്ന് പറഞ്ഞിട്ടില്ല.
ഗാസ കരാറിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നതോടനുബന്ധിച്ച് നിരായുധീകരണത്തിനുള്ള യു.എസ് പദ്ധതി അംഗീകരിക്കാന്‍ ഹമാസ് രഹസ്യ ആശയവിനിമയത്തിലൂടെ സന്നദ്ധത പ്രകടിപ്പിച്ചതായി യു.എസ് ഉദ്യോഗസ്ഥര്‍ നേരത്തെ ആക്‌സിയോസിനോട് പറഞ്ഞു. തുരങ്കങ്ങള്‍, ആയുധ ഫാക്ടറികള്‍ തുടങ്ങിയ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുന്നതില്‍ തുടങ്ങി, റോക്കറ്റുകളും ഭാരമേറിയ ആയുധങ്ങളും നീക്കം ചെയ്ത് ഇസ്രായിലിനെതിരെ അവയുടെ ഉപയോഗം തടയാനായി പ്രത്യേക സംഭരണ സ്ഥലങ്ങളില്‍ സൂക്ഷിക്കല്‍ അടക്കം ഹമാസിനെ നിരായുധീകരിക്കാനുള്ള ട്രംപിന്റെ പദ്ധതി ഘട്ടം ഘട്ടമായും ക്രമേണയും നടപ്പാക്കല്‍ വ്യവസ്ഥ ചെയ്യുന്നു.
ഇതേ ഘട്ടത്തില്‍, ഗാസ മുനമ്പില്‍ സുരക്ഷയും ക്രമസമാധാനവും നിലനിര്‍ത്തുന്നതിന് സാങ്കേതിക സര്‍ക്കാരിനു കീഴില്‍ പോലീസ് സേന സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഗാസയില്‍ ആയുധങ്ങള്‍ കൈവശം വെക്കാന്‍ അധികാരമുള്ള ഏക വകുപ്പായിരിക്കും ഈ പോലീസ് സേന. നിരായുധീകരണം സംബന്ധിച്ച് ഹമാസ് പോസിറ്റീവ് സിഗ്‌നലുകള്‍ നല്‍കുന്നുണ്ടെന്ന് യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വെടിനിര്‍ത്തലിന്റെ വിജയവും ശാശ്വത സമാധാനത്തിലേക്കുള്ള പരിവര്‍ത്തനവും ഹമാസ് ആയുധങ്ങള്‍ ഉപേക്ഷിക്കുന്നതിനെയും ഗാസയില്‍ നിന്ന് ഇസ്രായില്‍ സൈന്യത്തെ പിന്‍വലിക്കുന്നതിനെയും ആശ്രയിച്ചിരിക്കുന്നു. സ്വന്തം ആയുധങ്ങള്‍ ഉപേക്ഷിക്കാനും സൈനിക പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കാനും തയ്യാറാകുന്ന ഹമാസ് അംഗങ്ങള്‍ക്ക് പ്രത്യേക പൊതുമാപ്പ് നല്‍കാനുള്ള സാധ്യത അമേരിക്കയും ഇസ്രായിലും പരിഗണിക്കുന്നുണ്ട്.



