ന്യൂയോര്‍ക്ക് – പന്ത്രണ്ടു മാസത്തിനുള്ളില്‍ അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളിലെ നിയമവിരുദ്ധ സാന്നിധ്യം ഇസ്രായില്‍ അവസാനിപ്പിക്കണമെന്ന അന്താരാഷ്ട്ര കോടതി വിധി ഇസ്രായില്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് യു.എന്‍ ജനറല്‍ അസംബ്ലി പ്രമേയം പാസാക്കി.
ഒരു വര്‍ഷം തികഞ്ഞിട്ടും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാര്‍ ഇത് അവഗണിക്കുന്നത് തുടരുകയാണ്. ഇതിനിടെ, ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ദ്വിരാഷ്ട്ര പരിഹാരം സാക്ഷാല്‍ക്കരിക്കുന്നതിന് കാര്യമായ നടപടികള്‍ സ്വീകരിക്കുന്നതും തുടരുന്നു. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച രാജ്യങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. സൗദി അറേബ്യയും ഫ്രാന്‍സും സ്‌പോണ്‍സര്‍ ചെയ്യുന്ന ദ്വിരാഷ്ട്ര പരിഹാര സംരംഭം അടുത്ത ആഴ്ച ശക്തി പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്തയാഴ്ച നടക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ഏകദേശം 15 രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
രണ്ടാം ലോക മഹായുദ്ധം അവസാനിച്ച ശേഷം ഐക്യരാഷ്ട്രസഭയുടെയും അന്താരാഷ്ട്ര സംവിധാനത്തിന്റെയും ഏറ്റവും ശക്തമായ ഉപകരണമായ യു.എന്‍ രക്ഷാ സമിതിയുടെതുള്‍പ്പെടെയുള്ള അന്താരാഷ്ട്ര പ്രമേയങ്ങള്‍ ഇസ്രായില്‍ പാലിക്കാന്‍ വിസമ്മതിക്കുന്നത് ഇതാദ്യമല്ല. രക്ഷാ സമിതി പുറപ്പെടുവിച്ച നിരവധി നിര്‍ബന്ധിത പ്രമേയങ്ങളെയും അന്താരാഷ്ട്ര നീതിന്യായ കോടതി, യു.എന്‍ ജനറല്‍ അസംബ്ലി എന്നിവയുള്‍പ്പെടെ അന്താരാഷ്ട്ര സംഘടനക്കകത്തും പുറത്തുമുള്ള മറ്റ് സ്ഥാപനങ്ങള്‍ പുറപ്പെടുവിച്ച നിരവധി നിര്‍ബന്ധിതമല്ലാത്ത പ്രമേയങ്ങളെയും നിലപാടുകളെയും ഇസ്രായില്‍ അവഗണിച്ചു.
ഇസ്രായിലിന്റെ ഈ അനുസരണക്കേട് അന്താരാഷ്ട്ര സമൂഹത്തിന്റെ സഞ്ചിത പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം കുറക്കുന്നില്ലെന്ന് നയതന്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. കാരണം, ഫലസ്തീന്‍ ജനതക്ക് സ്വയം നിര്‍ണയാവകാശം നല്‍കുക എന്ന ലോകത്തിലെ മിക്ക രാജ്യങ്ങളും ആഗ്രഹിക്കുന്ന ലക്ഷ്യം കൈവരിക്കാനുള്ള നിര്‍ണായക നിമിഷം എത്രയും വേഗമോ പിന്നീടോ ഉറപ്പായും വരുമെന്ന് അവര്‍ ഉറച്ചുവിശ്വസിക്കുന്നു.
ഹമാസിനെ ഇല്ലാതാക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി, ഇതുവരെ 65,000 ലേറെ ഫലസ്തീനികളെ കൊന്നൊടുക്കിയ പട്ടിണി, ദാരിദ്ര്യം, തുടര്‍ച്ചയായ വ്യോമാക്രമണം എന്നിവയിലൂടെ ഫലസ്തീനികളുടെ വംശഹത്യ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗാസയിലെ നിരന്തരമായ യുദ്ധവുമായി നെതന്യാഹു സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതില്‍ പലരും നിരാശരാണ്. അധിനിവിഷ്ട ഫലസ്തീനിലെ അനധികൃത ജൂതകുടിയേറ്റ കേന്ദ്രങ്ങളുടെ നിര്‍മാണവും വെസ്റ്റ് ബാങ്കിലെ കുടിയേറ്റക്കാരുടെ അക്രമത്തിന്റെ വര്‍ധനവും ഇതിന് പുറമെയാണ്.
ഈ മാസം നടക്കുന്ന 80-ാമത് യു.എന്‍ ജനറല്‍ അസംബ്ലിയുടെ ഉന്നതതല യോഗങ്ങള്‍ക്കായി ലോക നേതാക്കള്‍ ന്യൂയോര്‍ക്കില്‍ ഒത്തുകൂടുമ്പോള്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തമാകുന്ന കൂടുതല്‍ ചലനാത്മകമായ സന്ദര്‍ഭം രൂപപ്പെടുമെന്ന് നയതന്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നു. ഏകദേശം 15 രാജ്യങ്ങള്‍ കൂടി ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഉള്‍പ്പെടെ സുപ്രധാന നടപടികള്‍ പ്രഖ്യാപിക്കാനുള്ള അസാധാരണ അവസരമായി അവര്‍ ജനറല്‍ അസംബ്ലിയെ കാണുന്നു. നിലവില്‍, 193 യു.എന്‍ അംഗരാജ്യങ്ങളില്‍ 149 എണ്ണം ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നു.
ഇസ്രായിലിനുള്ള അമേരിക്കയുടെ നിരുപാധിക പിന്തുണ പരിമിതപ്പെടുത്താനും ഫലസ്തീനികളുടെ സ്വയം നിര്‍ണയാവകാശം അംഗീകരിക്കാനുള്ള പ്രക്രിയ മുന്നോട്ട് കൊണ്ടുപോകാനും ട്രംപ് ഭരണകൂടത്തെ പ്രേരിപ്പിക്കാനുള്ള ആഗോള ശ്രമങ്ങളെ കുറിച്ചുള്ള പ്രധാന ചര്‍ച്ചകളും ഇതിനൊപ്പം നടക്കും. അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശത്ത് ഇസ്രായിലിന്റെ തുടര്‍ച്ചയായ സാന്നിധ്യം നിയമവിരുദ്ധമാണെന്ന് സ്ഥിരീകരിച്ചുകൊണ്ട് 2024 ജൂലൈ 19 ന് അന്താരാഷ്ട്ര നീതിന്യായ കോടതി വിധി (ഉപദേശക അഭിപ്രായം) പുറപ്പെടുവിച്ചു. ഈ നിയമവിരുദ്ധ സാന്നിധ്യം എത്രയും വേഗം അവസാനിപ്പിക്കാനും എല്ലാ പുതിയ കുടിയേറ്റ പ്രവര്‍ത്തനങ്ങളും ഉടനടി നിര്‍ത്താനും അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശത്തു നിന്ന് എല്ലാ കുടിയേറ്റക്കാരെയും ഒഴിപ്പിക്കാനും ഇസ്രായില്‍ ബാധ്യസ്ഥമാണെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി കൂട്ടിച്ചേര്‍ത്തു.
ഫലസ്തീന്‍ പ്രദേശത്ത് ഇസ്രായിലിന്റെ നിയമവിരുദ്ധ സാന്നിധ്യം എത്രയും വേഗം അവസാനിപ്പിക്കാനുള്ള വഴികളും നടപടികളും അന്താരാഷ്ട്ര നീതിന്യായ കോടതി ഉപദേശക അഭിപ്രായം അഭ്യര്‍ഥിച്ച യു.എന്‍ ജനറല്‍ അസംബ്ലിയും ഐക്യരാഷ്ട്രസഭയും യു.എന്‍ രക്ഷാ സമിതിയും പരിഗണിക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ 2024 സെപ്റ്റംബര്‍ 18 മുതല്‍ പരമാവധി 12 മാസത്തിനുള്ളില്‍ ഫലസ്തീന്‍ പ്രദേശങ്ങളിലെ നിയമവിരുദ്ധ സാന്നിധ്യം ഇസ്രായില്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഒരു വര്‍ഷം മുമ്പ് ജനറല്‍ അസംബ്ലി പാസാക്കി. പുതിയ ജൂതകുടിയേറ്റ കോളനികളുടെ നിര്‍മാണം നിര്‍ത്തലാക്കുക, ഇസ്രായില്‍ കണ്ടുകെട്ടിയ ഫലസ്തീനികളുടെ ഭൂമിയും സ്വത്തും തിരികെ നല്‍കുക, ഫലസ്തീന്‍ അഭയാര്‍ഥികളെ തിരികെ വരാന്‍ അനുവദിക്കുക എന്നിവയും പ്രമേയം ആവശ്യപ്പെട്ടു.
ഫലസ്തീന്‍ പ്രദേശങ്ങളില്‍ ആയുധങ്ങള്‍ ഉപയോഗിച്ചേക്കുമെന്ന് വിശ്വസിക്കാന്‍ ന്യായമായ കാരണങ്ങളുണ്ടെങ്കില്‍ ഇസ്രായിലിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നും അധിനിവിഷ്ട പ്രദേശങ്ങളില്‍ ഇസ്രായിലിന്റെ നിയമവിരുദ്ധ സാന്നിധ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന വ്യക്തികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തണമെന്നും ജനറല്‍ അസംബ്ലി അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. ജനറല്‍ അസംബ്ലി ഹാളില്‍ യു.എന്‍ അംഗങ്ങള്‍ക്കിടയില്‍ സീറ്റ്, കരട് പ്രമേയങ്ങള്‍ നിര്‍ദേശിക്കാനുള്ള അവകാശം എന്നിവ അടക്കം ഐക്യരാഷ്ട്രസഭയില്‍ അധിക അവകാശങ്ങളും പദവികളും നേടിയശേഷം ഫലസ്തീന്‍ അതോറിറ്റി ഔദ്യോഗികമായി സമര്‍പ്പിച്ച ആദ്യ പ്രമേയമാണിത്.
നിലവിലെ സെഷനില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടയാനായി ഫലസ്തീന്‍ പ്രതിനിധി സംഘത്തിലെ അംഗങ്ങള്‍ക്ക് വിസ നല്‍കേണ്ടതില്ലെന്നും മുമ്പ് അനുവദിച്ച വിസകള്‍ റദ്ദാക്കാനുമുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തെ തുടര്‍ന്ന്, ലഭ്യമായ സാങ്കേതിക മാര്‍ഗങ്ങളിലൂടെ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഉള്‍പ്പെടെയുള്ള ഫലസ്തീന്‍ പ്രതിനിധി സംഘത്തിലെ അംഗങ്ങളുടെ പങ്കാളിത്തം അനുവദിക്കുന്ന പുതിയ പ്രമേയത്തില്‍ ഇന്ന് വോട്ടെടുപ്പ് നടത്താന്‍ ജനറല്‍ അസംബ്ലി തീരുമാനിച്ചു. അമേരിക്കന്‍ നടപടികള്‍ ഉണ്ടായിരുന്നിട്ടും ജനറല്‍ അസംബ്ലി സെഷനില്‍ ഫലസ്തീന്‍ ശബ്ദം തുടര്‍ന്നും കേള്‍ക്കുമെന്നാണ് ഇതിനര്‍ഥം.