ജനീവ – ഫലസ്തീന്‍ പ്രദേശങ്ങളിലെ മനുഷ്യാവകാശ നിയമ ലംഘനങ്ങള്‍ അന്വേഷിക്കുന്ന കമ്മിറ്റി പിരിച്ചുവിടണമെന്ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിനോട് ഇസ്രായില്‍ ആവശ്യപ്പെട്ടു. കിഴക്കന്‍ ജറൂസലം ഉള്‍പ്പെടെയുള്ള അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളിലെ മനുഷ്യാവകാശ നിയമ ലംഘനങ്ങള്‍ അന്വേഷിക്കുന്ന സ്വതന്ത്ര അന്താരാഷ്ട്ര കമ്മിറ്റി ഇസ്രായിലിനെതിരെ വിവേചനം കാണിക്കുന്നതായി യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന് അയച്ച കത്തില്‍ ഐക്യരാഷ്ട്രസഭയിലെ ഇസ്രായില്‍ അംബാസഡര്‍ ഡാനിയേല്‍ മെറോണ്‍ പറഞ്ഞു.
2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ആക്രമണത്തെ തുടര്‍ന്ന് ആരംഭിച്ച ഗാസ യുദ്ധത്തിന്റെ തുടക്കം മുതല്‍ ഇസ്രായില്‍ സൈന്യത്തിന്റെ നടപടികളെ അപലപിക്കുന്ന ഐക്യരാഷ്ട്രസഭയുടെ നിയുക്ത കമ്മിറ്റിയുടെ കണ്ടെത്തലുകളെ ഇസ്രായില്‍ പതിവായി വിമര്‍ശിക്കുന്നു. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പോലുള്ള കോടതികളിലെ വിചാരണക്ക് മുമ്പുള്ള പ്രാഥമിക അന്വേഷണങ്ങളില്‍ ഉപയോഗിക്കുന്നതിന് കമ്മിറ്റിക്ക് തെളിവുകള്‍ നല്‍കാന്‍ കഴിയും. ഇസ്രായിലും ഹമാസും തമ്മിലുള്ള മുന്‍കാല പോരാട്ടങ്ങള്‍ക്കിടെ 2021 മെയ് മാസത്തിലാണ് ഫലസ്തീനിലെ മനുഷ്യാവകാശ നിയമ ലംഘനങ്ങള്‍ അന്വേഷിക്കാന്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പ്രത്യേക കമ്മിറ്റി സ്ഥാപിച്ചത്.
യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ അന്വേഷണ കമ്മിറ്റി, അതിന്റെ ചുമതലയിലും അംഗങ്ങളുടെ പ്രവര്‍ത്തനത്തിലും ഇസ്രായിലിനെതിരെയുള്ള സ്ഥാപനവല്‍ക്കരിക്കപ്പെട്ട വിവേചനത്തിന്റെ പ്രകടനമല്ലാതെ മറ്റൊന്നുമല്ലെന്ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന് അയച്ച കത്തില്‍ ഐക്യരാഷ്ട്രസഭയിലെ ഇസ്രായില്‍ അംബാസഡര്‍ പറഞ്ഞു. കൗണ്‍സില്‍ പ്രസിഡന്റ് ജോര്‍ഗ് ലോബറിന് കത്ത് ലഭിച്ചെങ്കിലും കമ്മിറ്റി നിര്‍ത്തലാക്കാന്‍ അദ്ദേഹത്തിന് അധികാരമില്ലെന്ന് കൗണ്‍സില്‍ വക്താവ് പാസ്‌കല്‍ സീം പറഞ്ഞു. ഇക്കാര്യത്തില്‍ കൗണ്‍സിലിലെ 47 അംഗങ്ങളാണ് തീരുമാനമെടുക്കേണ്ടതെന്നും പാസ്‌കല്‍ സീം കൂട്ടിച്ചേര്‍ത്തു.
ഇസ്രായില്‍ ഫലസ്തീനികള്‍ക്കെതിരെ വംശഹത്യ നടത്തിയതായി മാര്‍ച്ചില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പക്ഷപാതപരവും സെമിറ്റിക് വിരുദ്ധവുമാണെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചു. ഫെബ്രുവരിയില്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് ഇസ്രായില്‍ പിന്മാറി.