ജറൂസലം – അധിനിവിഷ്ട കിഴക്കൻ ജറൂസലമിലെ ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ റിലീഫ് ആൻഡ് വർക്ക്‌സ് ഏജൻസി (UNRWA) കോമ്പൗണ്ടിലെ കെട്ടിടങ്ങൾ ഇസ്രായിൽ സൈന്യം ബുൾഡോസറുകൾ ഉപയോഗിച്ച് തകർത്തു. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ കോമ്പൗണ്ടിലേക്ക് ഇരച്ചുകയറിയ സൈന്യം കെട്ടിടങ്ങൾ പൊളിച്ചുമാറ്റുകയായിരുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ പ്രത്യേകാവകാശങ്ങളുടെയും നഗ്നമായ ലംഘനമാണ് ഇതെന്ന് യു.എൻ വക്താവ് ജോനാഥൻ ഫുള്ളർ പ്രതികരിച്ചു.
യു.എൻ ഏജൻസിയുടെ ഈ ഭൂമി പിടിച്ചെടുത്ത് 1,400 ഓളം ജൂത പാർപ്പിട യൂണിറ്റുകൾ നിർമ്മിക്കാനാണ് ഇസ്രായിൽ ലക്ഷ്യമിടുന്നത്. യു.എൻ കെട്ടിടത്തിന് മുകളിൽ ഇസ്രായിൽ പതാക ഉയർത്തിയ സൈനിക നടപടിയെ ഇസ്രായിൽ തീവ്ര വലതുപക്ഷ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ നേരിട്ടെത്തി അഭിനന്ദിച്ചു. ഏജൻസി ഹമാസിനെ സഹായിക്കുന്നുവെന്നാണ് ഇസ്രായിലിന്റെ ആരോപണം. എന്നാൽ ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും ഫലസ്തീൻ അഭയാർഥികളുടെ ഐഡന്റിറ്റി ഇല്ലാതാക്കാനാണ് ശ്രമമെന്നും ഏജൻസി കമ്മീഷണർ ജനറൽ ഫിലിപ്പ് ലസാരിനി പറഞ്ഞു.
ഇസ്രായിലിന്റെ ഈ നടപടിയെ സൗദി അറേബ്യ, ജോർദാൻ, ഫലസ്തീൻ അതോറിറ്റി എന്നിവർ ശക്തമായി അപലപിച്ചു. ഐക്യരാഷ്ട്രസഭയുടെ സ്വത്തുവകകൾക്ക് ലഭിക്കേണ്ട സുരക്ഷയും നികുതി ഇളവുകളും മറികടന്നാണ് ഇസ്രായിലിന്റെ ഈ കടന്നുകയറ്റം. യു.എൻ ആസ്ഥാനത്തിന് നേരെ നടന്ന ഈ നീക്കം ലോകത്തെ എല്ലാ അന്താരാഷ്ട്ര നയതന്ത്ര കാര്യാലയങ്ങൾക്കും ഒരു ഭീഷണിയാണെന്നും യു.എൻ മുന്നറിയിപ്പ് നൽകി.



