തെൽഅവീവ് – ഖത്തറിൽ ഹമാസ് പ്രതിനിധി സംഘത്തിനു നേരെ ചൊവ്വാഴ്ച ഇസ്രായിൽ നടത്തിയ ആക്രമണം പരാജയപ്പെട്ടതോടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിമർശിച്ച് ഇസ്രായിൽ പത്രമായ ഹാരെറ്റ്സ്. ഹമാസ് നേതാക്കൾ അതിജീവിച്ചതും ഖത്തർ ഇസ്രായിലിനെതിരെ അടിയന്തിര നടപടി തേടുന്നതും തങ്ങളുടെ ഇഷ്ടാനുസരണം രാജ്യങ്ങലുടെ മേൽ ബലപ്രയോഗം നടത്താനുള്ള കഴിവിനെ കുറിച്ചുള്ള മിഥ്യാധാരണ തകർക്കുന്നതായി ലേഖകൻ ആമോസ് ഹരോൽ വിശദമാക്കി.
നെതന്യാഹുവിന് ‘ തന്ത്രം’ എന്ന വാക്ക് ഇഷ്ടമല്ല. സുരക്ഷാ മേധാവികളുമായുള്ള ചർച്ചകളിൽ മരിച്ചു പോയ തന്റെ പിതാവ് ബെൻസിയോൺ നെതന്യാഹുവിന്റെ വാക്കുകളെ ഉദ്ധരിച്ച് അദ്ദേഹം പലപ്പോഴും ഈ വാക്കിനെ അവഗണിച്ചിട്ടുണ്ട്. പ്രധാനമന്ത്രിക്ക് തന്ത്രപരമായ ലക്ഷ്യങ്ങളില്ല എന്നല്ല ഇതിനർഥം. ഇറാൻ ആണവ ബോംബ് തടയുക, ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നത് തടയുക എന്നീ രണ്ട് വാദങ്ങളാണ് മൂന്ന് പതിറ്റാണ്ടുകളായി അദ്ദേഹം മുന്നോട്ട് വെച്ചത്.
2009ൽ അദ്ദേഹം ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുക എന്ന ആശയത്തെ പിന്തുണക്കുന്നതായി നടിച്ചു. പിന്നീട് പ്രത്യേകിച്ച് 2020ൽ അദ്ദേഹത്തിനെതിരെ ഉള്ള അഴിമതി വിചാരണ ആരംഭിച്ച ശേഷം എന്തുവിലകൊടുത്തും പ്രധാനമന്ത്രിയായി തുടരുക എന്ന വ്യത്യസ്തമായ ലക്ഷ്യം ഉയർന്നിട്ടുണ്ട്. 2023 ഒക്ടോബർ ഏഴിലെ സംഭവത്തിന്റെ പശ്ചാതലത്തിൽ സ്വന്തം പൗരന്മാർ അടിച്ച് പുറത്താക്കുമെന്ന ഭയന്നിരിക്കുന്ന നേതാവായാണ് നെതന്യാഹുവിന്റെ പല വിദേശ അതിഥികളും കണ്ടത്. എന്നാൽ അദ്ദേഹം വേഗത്തിൽ കരുത്ത് വീണ്ടെടുക്കുകയും അതിജീവനത്തിനുള്ള പുതിയ രീതികൾ വികസിപ്പിക്കുകയും ചെയ്തു. എന്നാൽ അടുത്ത പൊതു തെരഞ്ഞെടുപ്പോടെ ഇസ്രായിലികൾ എല്ലാം മറക്കുമെന്ന് നെതന്യാഹുവിന്റെ സഹായിയായ നഥാൻ എഷെൽ പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രായിൽ റിപ്പോർട്ട് ചെയ്തു.
1967 ന് ശേഷം ആദ്യമായി രാജ്യത്തിന്റെ അതിർത്തികൾ വികസിപ്പിക്കുക എന്ന ഒരു പുതിയ ആശയത്തോട് നെതന്യാഹു ഭ്രമത്തിലായിരിക്കുകയാണ്. ഗോലാൻ കുന്നുകൾ, മൗണ്ട് ഹെർമോൺ, തെക്കൻ ലെബനോൻ എന്നിവിടങ്ങളിലെ പുതിയ പ്രദേശങ്ങൾ പിടിച്ചെടുക്കാനും വെസ്റ്റ് ബാങ്കിലെ ജൂതകുടിയേറ്റ കോളനികൾ ഇസ്രായിലിൽ കൂട്ടിച്ചേർക്കാനുമുള്ള നിരന്തരമായ ശ്രമങ്ങൾ നെതന്യാഹു നടത്തുന്നു.
ഗാസ, ലെബനോൻ, ഇറാൻ, യെമൻ, ഇപ്പോൾ ഖത്തർ എന്നിവിടങ്ങളിൽ മനുഷ്യക്കുരുതി ലക്ഷ്യമിട്ടുള്ള ഇസ്രായിലിന്റെ പ്രവൃത്തി ഇത്തവണ ഫലപ്രദമായില്ല. ഇന്റെലിജൻസ് തകരാറോ അല്ലെങ്കിൽ അമേരിക്കയിൽ നിന്നോ ഖത്തറിൽ നിന്നോ മുൻകൂട്ടി അറിയിപ്പ് ലഭിച്ചുവെന്നാണ് നിഗമനം. ഇസ്രായിൽ ലക്ഷ്യമിട്ട മിക്ക ഹമാസ് നേതാക്കളും പരുക്കുപോലും ഏൽക്കാതെ രക്ഷപ്പെട്ടെന്നാണ് വിവരം.
ഇസ്രായിൽ യുദ്ധം ഇത്രയും കാലം തുടരാൻ പാടില്ലായിരുന്നു. കരാറിലൂടെ അക്രമം അവസാനിപ്പിക്കാനും അതിർത്തികൾ സ്ഥിരപ്പെടുത്താനും അവസരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ നെതന്യാഹു മുഖം തിരിച്ചു. കാരണം യുദ്ധം തുടരുന്നതിലൂടെ അയാളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കഴിഞ്ഞു. ഇതിലെ വിരോധാഭാസമെന്തെന്നാൽ ഇത് നെസെറ്റിലെ വലതുപക്ഷ പാർട്ടികളുമായി കെട്ടിപ്പടുത്ത അവിശുദ്ധ സംഖ്യം നിലനിർത്തി ഭരണം ഉറപ്പിക്കുന്നതായും ലേഖകൻ പറഞ്ഞു.