തെല്‍അവീവ് – നിര്‍ദിഷ്ട വെടിനിര്‍ത്തല്‍ കാലത്ത് ഗാസ പുനര്‍നിര്‍മാണത്തിന് ആവശ്യമായ വിഭവങ്ങളും ഫണ്ടുകളും കൈമാറാന്‍ ഖത്തറിനെയും മറ്റ് രാജ്യങ്ങളെയും അനുവദിക്കാന്‍ ഇസ്രായില്‍ തത്വത്തില്‍ സമ്മതിച്ചതായി വൈനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 2023 ഒക്ടോബര്‍ മുതല്‍ തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ഉറപ്പിന്റെ ഭാഗമായാണ് വെടിനിര്‍ത്തല്‍ കാലത്ത് പുനര്‍നിര്‍മാണത്തിന് ഹമാസ് ആവശ്യപ്പെടുന്നതെന്ന് ഇസ്രായിലി പത്രമായ യെദിയോത്ത് അഹ്റോണോത്തിന് കീഴിലെ വൈനെറ്റ് ന്യൂസ് വെബ്സൈറ്റ് പറഞ്ഞു.
ഗാസ പുനര്‍നിര്‍മാണ ഫണ്ടുകളുടെ കൈമാറ്റം ദോഹയില്‍ നിന്ന് മാത്രമല്ല, മറ്റ് രാജ്യങ്ങളില്‍ നിന്നും ഉണ്ടാകണമെന്ന് ഇസ്രായില്‍ ആവശ്യപ്പെടുന്നു. ഈ ആഴ്ച അമേരിക്ക സന്ദര്‍ശിച്ച ഇസ്രായില്‍ പ്രധാമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വാഷിംഗ്ടണിലുണ്ടായിരുന്നപ്പോള്‍ അമേരിക്ക സന്ദര്‍ശിച്ച ഖത്തര്‍ പ്രതിനിധി സംഘവുമായി നടത്തിയ ചര്‍ച്ചകളില്‍ ഈ വിഷയം ഉന്നയിച്ചതായും വൈനെറ്റ് ന്യൂസ് വെബ്സൈറ്റ് പറയുന്നു.
അമേരിക്കയുടെ സമ്മര്‍ദത്തെ തുടര്‍ന്ന്, നിര്‍ദിഷ്ട 60 ദിവസത്തെ വെടിനിര്‍ത്തല്‍ കാലത്ത് ഗാസയില്‍ നിന്ന് ഭാഗികമായി സൈനിക പിന്‍വാങ്ങല്‍ കാണിക്കുന്ന പുതിയ മാപ്പുകള്‍ ഇസ്രായില്‍ ഖത്തര്‍ മധ്യസ്ഥര്‍ക്ക് സമര്‍പ്പിച്ചതായി അറബ് നയതന്ത്രജ്ഞനെയും അഭിജ്ഞ വൃത്തങ്ങളെയും ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായില്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ ആഴ്ച ഗാസ വെടിനിര്‍ത്തല്‍ കരാറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മിഡില്‍ ഈസ്റ്റിലേക്കുള്ള യു.എസ് പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു. ഇസ്രായിലും ഹമാസും തമ്മില്‍ ദോഹയില്‍ നടന്ന പരോക്ഷ ചര്‍ച്ചകളില്‍ നാല് തടസ്സ പോയിന്റുകളില്‍ മൂന്നെണ്ണം പരിഹരിച്ചതായും വിറ്റ്‌കോഫ് പറഞ്ഞു.