ബഗ്ദാദ് – തെക്കന്‍ ഇറാഖിലെ ദീ ഖാര്‍ പ്രവിശ്യയിലെ നാസിരിയ-ബസ്‌റ റോഡില്‍ ശിയാ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് കത്തി ഇരുപത്തിയൊന്ന് പേര്‍ ദാരുണമായി മരിക്കുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാഖി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കര്‍ബലയിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട് മറിഞ്ഞ ബസില്‍ തീ പടര്‍ന്നുപിടിക്കുകയും പൂര്‍ണ്ണമായും കത്തിനശിക്കുകയുമായിരുന്നു. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍ ഫോറന്‍സിക് മെഡിസിന്‍ വകുപ്പില്‍ എത്തിച്ചതെന്ന് മെഡിക്കല്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നാസിരിയക്കും ബസ്‌റക്കും ഇടയിലുള്ള റോഡില്‍ തീര്‍ഥാടകരുമായി സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് എല്ലാ മെഡിക്കല്‍, ആരോഗ്യ, ആംബുലന്‍സ് മേഖലകളോടും ഉണര്‍ന്ന് പ്രവര്‍ത്തിക്കാനും ലഭ്യമായ എല്ലാ വിഭവങ്ങളും പ്രയോജനപ്പെടുത്താനും ആരോഗ്യമന്ത്രി അബ്ദുല്‍ഹുസൈന്‍ അല്‍മൂസവി നിര്‍ദ്ദേശിച്ചതായി മന്ത്രാലയം പത്രക്കുറിപ്പില്‍ പറഞ്ഞു. പരിക്കേറ്റവരുടെ അവസ്ഥ നേരിട്ട് നിരീക്ഷിക്കാനും അടിയന്തിര വൈദ്യസഹായം ഉറപ്പാക്കാനും ആവശ്യമായ വൈദ്യസഹായങ്ങള്‍ നല്‍കാനും വേഗത്തിലുള്ള പ്രതികരണം ഉറപ്പാക്കാന്‍ വിവിധ ആരോഗ്യ വകുപ്പുകള്‍ക്കിടയില്‍ ഏകോപനം നിലനിര്‍ത്താനും മന്ത്രി ആരോഗ്യ വകുപ്പുകളോടും ബന്ധപ്പെട്ട ആരോഗ്യ സ്ഥാപനങ്ങളോടും നിര്‍ദ്ദേശിച്ചു. മരിച്ചവരിലും പരിക്കേറ്റവരിലും ഇറാന്‍ സന്ദര്‍ശകരുമുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.



