തെഹ്‌റാന്‍ – സ്വയം പ്രതിരോധിക്കാന്‍ ഇറാന്‍ സര്‍വശേഷികളും ഉപയോഗിക്കുമെന്ന് ഗള്‍ഫ് വിദേശ മന്ത്രിമാരുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളില്‍ ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി വ്യക്തമാക്കി. സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍, ഇറാഖ് എന്നിവിടങ്ങളിലെ വിദേശ മന്ത്രിമാരുമായി ടെലിഫോണില്‍ ബന്ധപ്പെട്ടാണ് സ്വയം പ്രതിരോധിക്കാന്‍ സര്‍വശേഷികളും ഇറാന്‍ ഉപയോഗിക്കുമെന്ന് വിദേശ മന്ത്രി വ്യക്തമാക്കിയത്.
ഇറാനെതിരായ സൈനിക ആക്രമണം യു.എന്‍ ചാര്‍ട്ടറിന്റെ അടിസ്ഥാന തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും എതിരായ വ്യക്തമായ കുറ്റകൃത്യമാണെന്നും അറാഖ്ജി വ്യക്തമാക്കിയതായി ഇസ്‌ന വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ സാഹചര്യത്തെ കുറിച്ച് ഗള്‍ഫ് വിദേശ മന്ത്രിമാരെ ഇറാന്‍ വിദേശ മന്ത്രി അറിയിച്ചു. മേഖലയിലെ എല്ലാ രാജ്യങ്ങളുമായും നല്ല അയല്‍പക്കവും സൗഹൃദവും നിലനിര്‍ത്താനുള്ള നയം ഇറാന്‍ തുടരുമെന്നും ഇറാന്‍ വിദേശ മന്ത്രി വ്യക്തമാക്കി.



