തെഹ്‌റാന്‍– ഇറാനിലെ തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസില്‍ ഷഹീദ് റജായി തുറമുഖത്ത് വന്‍ സ്‌ഫോടനം. 500 പേര്‍ക്ക് പരുക്ക്. മാരിടൈം ഓര്‍ഗനൈസേഷന്‍ ബന്ധമുള്ള സിന കണ്ടെയ്‌നര്‍ യാര്‍ഡിലാണ് സ്‌ഫോടനം നടന്നത്. ഒമാനില്‍ അമേരിക്കയുമായുള്ള രാജ്യത്തിന്റെ മൂന്നാംഘട്ട ആണവ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണിത്.
തീ അണക്കുന്നതിന്റെ ഭാഗമായി തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഷാഹിദ് റജായി പോര്‍ട്ട് വാര്‍ഫ് പ്രദേശത്ത് സൂക്ഷിച്ചിരുന്ന നിരവധി കണ്ടെയ്‌നറുകളാണ് പൊട്ടിത്തെറിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. കിലോമീറ്ററോളം ആഘാതമുള്ള സ്‌ഫോടനമായിരുന്നു. കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാട് പറ്റിയതായി റിപ്പോര്‍ട്ടുണ്ട്. സ്‌ഫോടനത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി ക്രൈസിസ് മാനേജ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ മെഹര്‍ദാസ് ഹസന്‍സാദെ പറഞ്ഞു. സ്ഫോടനത്തിൻ്റെ കാരണങ്ങൾ വ്യക്തമായിട്ടില്ല.