തെഹ്‌റാന്‍ – ഇസ്രായിലുമായുള്ള 12 ദിവസത്തെ യുദ്ധത്തിനിടെ ഇറാന്റെ അസ്തിത്വവും അഖണ്ഡതയും അഭൂതപൂര്‍വമായ ഭീഷണി നേരിട്ടതായി ഇറാന്‍ ചീഫ് ഓഫ് സ്റ്റാഫ് അബ്ദുറഹീം മൂസവി പറഞ്ഞു. റെവല്യൂഷണറി ഗാര്‍ഡ് മിസൈല്‍ യൂണിറ്റ് ആസ്ഥാനം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു സംയുക്ത സേനാ മേധാവി. ജൂണ്‍ 13 ന് ഇസ്രായില്‍ ആക്രമണത്തിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ മിസൈല്‍ യൂണിറ്റ് കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രായിലിനു നേരെ നടത്തിയ പ്രത്യാക്രമണങ്ങളില്‍ ഇറാന്‍ 400 ലേറെ മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളും തൊടുത്തുവിട്ടു.
ശത്രുവിന്റെ കഴുത്തറുക്കാനും മാതൃരാജ്യത്ത് നിന്ന് ആക്രമണം അവസാനിപ്പിക്കാനും മിസൈല്‍ യൂണിറ്റിന് കഴിഞ്ഞതായി അബ്ദുറഹീം മൂസവി പറഞ്ഞതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ നിലനില്‍പ്പിനും അഖണ്ഡതക്കും അഭൂതപൂര്‍വമായ ഭീഷണി നിലനില്‍ക്കുന്നതിനാല്‍, ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ കൈവരിച്ച ഏതൊരു സൈനിക നേട്ടത്തെയും മറികടക്കുന്ന നിലക്കുള്ള പ്രകടനമാണ് ഇസ്രായില്‍ യുദ്ധത്തിനിടെ മിസൈല്‍ യൂണിറ്റ് കാഴ്ചവെച്ചത്. ശത്രുക്കള്‍ ഇറാനെതിരായ ആക്രമണത്തിലൂടെ പുതിയൊരു സാഹസികതക്ക് മുതിര്‍ന്നാല്‍ മുഴുവന്‍ ശക്തിയോടെയും ഉറച്ച പ്രതിരോധത്തോടെയും പ്രതികരിക്കാന്‍ സായുധ സേന പൂര്‍ണ സജ്ജമാണെന്നും അബ്ദുറഹീം മൂസവി പറഞ്ഞു.
ശത്രുവിന്റെ ഏതെങ്കിലും നീക്കമോ സാഹസികതയോ പ്രതീക്ഷിച്ച്, തന്റെ സൈന്യം വിരലുകള്‍ ട്രിഗറില്‍ വെച്ചുകൊണ്ട് പൂര്‍ണ സുസജ്ജതോടെ നിലയുറപ്പിക്കുന്നതായി മിസൈല്‍ യൂണിറ്റിന്റെ പുതിയ കമാന്‍ഡറായ മേജര്‍ ജനറല്‍ മാജിദ് മൂസവി പറഞ്ഞു. ജനറല്‍ സ്റ്റാഫുമായും സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമുമായും മിസൈല്‍ യൂണിറ്റ് തുടര്‍ച്ചയായ ഏകോപനം നടത്തുന്നുണ്ടെന്നും മേജര്‍ ജനറല്‍ മാജിദ് മൂസവി പറഞ്ഞു.