തെല്‍അവീവ് – യുദ്ധത്തില്‍ ഇറാന്‍ വിജയിച്ചതായി 92 ശതമാനം ഇസ്രായിലികളും വിശ്വസിക്കുന്നതായി ഇന്ന് പ്രസിദ്ധീകരിച്ച അഭിപ്രായ സര്‍വേ വെളിപ്പെടുത്തി. മിഡില്‍ ഈസ്റ്റിലെ യുദ്ധത്തില്‍ നിന്നും അമേരിക്കയുമായുള്ള കരാറില്‍ നിന്നും ഇറാന്‍ കൂടുതല്‍ കരുത്തോടെ ഉയര്‍ന്നുവന്നതായി ബഹുഭൂരിപക്ഷം ഇസ്രായിലികളും വിശ്വസിക്കുന്നതായി സര്‍വേ വ്യക്തമാക്കി. ജൂണ്‍ 17 നും 20 നും ഇടയില്‍ ആഗം ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ജറൂസലമിലെ ഹീബ്രു സര്‍വകലാശാല 3,644 പേരെ പങ്കെടുപ്പിച്ചാണ് സര്‍വേ നടത്തിയത്. ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രായിലും ഇറാനെതിരെ സംയുക്തമായി നടത്തിയ ആക്രമണത്തോടെ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാനുള്ള യു.എസ്-ഇറാന്‍ കരാറിനെതിരെ ഇസ്രായിലിലുള്ള വ്യാപകമായ വിമര്‍ശനങ്ങള്‍ ഈ സര്‍വേ ഫലങ്ങള്‍ ശക്തിപ്പെടുത്തുന്നതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 92.1 ശതമാനം പേര്‍ സംഘര്‍ഷത്തില്‍ നിന്ന് ഇറാന്‍ വിജയിക്കുകയോ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുകയോ ചെയ്തതായി വിശ്വസിക്കുന്നു. യുദ്ധവും അതിന്റെ അനന്തരഫലങ്ങളും ഇസ്രായിലിന്റെ ദീര്‍ഘകാല സുരക്ഷയെ ദുര്‍ബലപ്പെടുത്തിയെന്ന് 82.9 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തെരഞ്ഞെടുപ്പ് അടിത്തറയെ പ്രതിനിധീകരിക്കുന്ന വലതുപക്ഷ ക്യാമ്പിലെ 93.1 ശതമാനം പേര്‍ യുദ്ധത്തില്‍ ഇറാന്‍ വിജയിച്ചെന്ന തങ്ങളുടെ വിശ്വാസം പ്രകടിപ്പിച്ചു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 63.2 ശതമാനം പേര്‍ യു.എസ്-ഇറാന്‍ ധാരണയെ എതിര്‍ത്തപ്പോള്‍ 12.1 ശതമാനം പേര്‍ അതിനെ പിന്തുണക്കുകയും ചെയ്തു.
ഇസ്രായിലിന്റെ നേതാക്കളിലുള്ള വിശ്വാസത്തെ കുറിച്ച് പ്രതികരിച്ചവരില്‍ 72.5 ശതമാനം പേര്‍ യുദ്ധത്തിന്റെ നേട്ടങ്ങളെ കുറിച്ചുള്ള നെതന്യാഹുവിന്റെ പ്രസ്താവനകള്‍ വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞു. അതേസമയം 56.4 ശതമാനം പേര്‍ സൈനിക നടപടി കൈകാര്യം ചെയ്ത രീതി പരാജയപ്പെട്ടു, അല്ലെങ്കില്‍ ദുര്‍ബലമായിരുന്നു എന്ന് വിലയിരുത്തി. യുദ്ധം നെതന്യാഹുവിന്റെ രാഷ്ട്രീയ നിലയെ പ്രതികൂലമായി ബാധിച്ചു. നെതന്യാഹുവിന്റെ പ്രധാനമന്ത്രി സ്ഥാനത്തിനുള്ള പിന്തുണ മാര്‍ച്ച് ആദ്യത്തില്‍ 40.5 ശതമാനമായിരുന്നു. ജൂണില്‍ ഇത് 29.4 ശതമാനമായി കുറഞ്ഞു.
എന്നാൽ,അമേരിക്കയുമായുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചാല്‍ പോലും ലെബനോനില്‍ ഹിസ്ബുല്ലക്കെതിരായ സൈനിക നടപടിയെ 48.2 ശതമാനം പേർ പിന്തുണച്ചു. 21 ശതമാനം പേര്‍ അതിനെ എതിര്‍ത്തു.



