തെഹ്റാൻ– ഇറാനിൽ ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങൾ വീണ്ടും ശക്തമാകുന്നു. ജനുവരിയിലെ രക്തരൂക്ഷിതമായ അടിച്ചമർത്തലുകൾക്ക് ശേഷം രാജ്യം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ വിദ്യാർത്ഥി പ്രതിഷേധമാണിതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തലസ്ഥാനമായ തെഹ്‌റാനിലെ ഷെരീഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ഉൾപ്പെടെയുള്ള പ്രമുഖ സർവ്വകലാശാലകളിൽ ശനിയാഴ്ച ആരംഭിച്ച പുതിയ സെമസ്റ്ററിനോടനുബന്ധിച്ചാണ് നൂറുകണക്കിന് വിദ്യാർത്ഥികൾ തെരുവിലിറങ്ങിയത്.
ദേശീയ പതാകകളേന്തിയും ഭരണകൂടവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയും നീങ്ങിയ വിദ്യാർത്ഥി മാർച്ചുകൾ പലയിടത്തും സംഘർഷത്തിൽ കലാശിച്ചു. തെഹ്‌റാനിലെ കാമ്പസുകളിൽ വിദ്യാർത്ഥികളും സർക്കാർ അനുകൂലികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായാണ് വിവരം. ബെഹെഷ്‌തി, അമീർ കബീർ യൂണിവേഴ്‌സിറ്റികളിലും വടക്കുകിഴക്കൻ നഗരമായ മഷാദിലും സമാനമായ പ്രതിഷേധങ്ങൾ അരങ്ങേറി. ജനുവരിയിലെ സമരങ്ങളിൽ കൊല്ലപ്പെട്ടവർക്ക് ആദരമർപ്പിക്കുക എന്ന ലക്ഷ്യം കൂടി ഈ പ്രകടനങ്ങൾക്കുണ്ടെന്ന് വിദ്യാർത്ഥി സംഘടനകൾ വ്യക്തമാക്കുന്നു.
ഇറാനെതിരെ പരിമിതമായ സൈനിക ആക്രമണം നടത്തുന്നത് പരിഗണനയിലാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിക്കുകയും പശ്ചിമേഷ്യയിൽ യു.എസ് സൈനിക സാന്നിധ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്ന അതീവ ഗൗരവകരമായ സാഹചര്യത്തിലാണ് രാജ്യത്തിനുള്ളിൽ ഭരണകൂടത്തിനെതിരെ ആഭ്യന്തര പ്രക്ഷോഭം വീണ്ടും പുകയുന്നത്. സുരക്ഷാ സേനയും വിദ്യാർത്ഥികളും തമ്മിൽ പലയിടങ്ങളിലും നേരിട്ടുള്ള ഏറ്റുമുട്ടലുകൾ തുടരുകയാണെന്നാണ് പുറത്തുവരുന്ന ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്.



