ഹേഗ്- ഇറാനിലെ നേതൃമാറ്റത്തിനായി സമൂഹ മാധ്യമങ്ങളില്‍ ആഹ്വാനം ചെയ്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് മനം മാറ്റം. ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതിന് ശേഷം എക്സില്‍ എഴുതിയ പോസ്റ്റിലാണ് ”എന്തുകൊണ്ട് ഭരണമാറ്റം ഉണ്ടാകുന്നില്ല..” എന്ന് ചോദിച്ചതെങ്കില്‍ നെതര്‍ലാന്‍ഡ്സിലെ ഹേഗിലേക്ക് നാറ്റോ ഉച്ചകോടിക്ക് പുറപ്പെട്ട ട്രംപ് യാത്രാ മധ്യേ എയര്‍ഫോഴ്സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മലക്കം മറിയുകയായിരുന്നു. ”ഇറാനിലെ ഭരണമാറ്റം കുഴപ്പത്തിന് കാരണമാവും. ഭരണ മാറ്റം ഇറാന് ജനതയുടെ തീരുമാനം. ഭരണമാറ്റമെന്നത് അമേരിക്കന്‍ സൈന്യത്തിന്റെ അജണ്ടയിലുള്ളതല്ല.”- ട്രംപ് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു. ടൈംസ് ഓഫ് ഇസ്രാഈല്‍ റിപ്പോര്‍ട്ട് ചെയ്തതാണിക്കാര്യം.
അതേസമയം ഞായറാഴ്ചത്തെ പോസ്റ്റില്‍ ട്രംപ് എഴുതിയിരുന്നതിന്റെ പൂര്‍ണ്ണ രൂപം ഇങ്ങിനെ: ” ‘ഭരണമാറ്റം’ എന്ന പദം ഉപയോഗിക്കുന്നത് രാഷ്ട്രീയമായി ശരിയല്ല. പക്ഷേ നിലവിലെ ഇറാനിയന്‍ ഭരണകൂടത്തിന് ഇറാനെ വീണ്ടും മഹത്തരമാക്കാന്‍ കഴിയുന്നില്ലെങ്കില്‍, എന്തുകൊണ്ട് ഒരു ഭരണമാറ്റം ഉണ്ടാകില്ല?”
2003-ല്‍ സദ്ദാം ഹുസൈന്റെ ഭരണകൂടത്തെ അട്ടിമറിച്ച് ഇറാഖ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ അമേരിക്ക ഇടപെടുന്നതിനെ ശക്തമായി വിമര്‍ശിച്ചയാളാണ് ട്രംപെന്ന് ബിബിസി ഉള്‍പ്പെടെ ള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ അഭിപ്രായത്തിലും ഭരണമാറ്റത്തെ ആഗ്രഹിച്ചുള്ള ദൗത്യമല്ല അമേരിക്ക ഇറാനില്‍ ചെയ്തത് എന്നായിരുന്നു. ‘ദൗത്യം ഭരണമാറ്റത്തെക്കുറിച്ചല്ല, ഒരിക്കലും ആയിരുന്നില്ല’ – വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും ഇതേ അഭിപ്രായം പ്രകടിപ്പിച്ചു.
ട്രംപിന്റെ സമൂഹ മാധ്യമ പോസ്റ്റ് നിരവധി ഊഹാപോഹങ്ങള്‍ക്ക് കാരണമായി. ചിലരാകട്ടെ അതിനെ തമാശയായികാണുകയും ചെയ്തു. ഡോണാള്‍ഡ് ട്രംപ് കഴിഞ്ഞ ആദ്യ തവണ അമേരിക്കന്‍ പ്രസിഡന്റായപ്പോള്‍ ഇറാനിലെ അമേരിക്കന്‍ പ്രതിനിധിയായിരുന്ന എലിയറ്റ് അബ്രാംസ് പറഞ്ഞത് ഇങ്ങിനെ: ”’ട്രംപിന്റെ അഭിപ്രായങ്ങള്‍ക്ക് ശേഷം ധാരാളം ‘തെറ്റിദ്ധാരണകള്‍’ ഉണ്ടായിട്ടുണ്ട്. ട്രംപ് ‘തമാശ പറയുകയായിരിക്കാം”’ ബിബിസി റേഡിയോ 4- ന്റെ ടുഡേ പ്രോഗ്രാമിനോട് സംസാരിക്കവെ എലിയറ്റ് വ്യക്തമാക്കി.