തെഹ്‌റാന്‍ – ഇസ്രായിലില്‍ വീണ്ടും ആക്രമണം നടത്താന്‍ ഇറാന്‍ തയാറാണെന്ന് ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാന്‍ പറഞ്ഞു. പന്ത്രണ്ടു ദിവസത്തെ ഏറ്റുമുട്ടലിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ഇരുപക്ഷവും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തിയിരുന്നു. ഞങ്ങള്‍ക്ക് യുദ്ധം വേണ്ട, പക്ഷേ ഞങ്ങള്‍ തീര്‍ച്ചയായും ഒരു വെടിനിര്‍ത്തലിനെയും ആശ്രയിക്കുന്നില്ല – പെസെഷ്‌കിയാന്‍ പറഞ്ഞതായി ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായില്‍ ഇറാനെതിരെ ആക്രമണം അഴിച്ചുവിട്ടു. പക്ഷേ, ഞങ്ങള്‍ ഇസ്രായിലില്‍ ആഴത്തില്‍ ആക്രമണം നടത്തി. ഇറാന്‍ ആക്രമണങ്ങളില്‍ നേരിട്ട നാശനഷ്ടങ്ങള്‍ ഇസ്രായില്‍ മറച്ചുവെച്ചതായും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.
ഇറാനെതിരെ വീണ്ടും യുദ്ധം ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ് പറഞ്ഞതിന് ശേഷമാണ് ഇസ്രായിലില്‍ ആക്രമണം നടത്താന്‍ ഇറാന്‍ തയാറാണെന്ന പെസെഷ്‌കിയാന്റെ പരാമര്‍ശം പുറത്തുവന്നത്. ചീഫ് ഓഫ് സ്റ്റാഫ് ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന ഇസ്രായിലി സൈനിക ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ സമഗ്രമായി വിലയിരുത്തുന്നതിനിടെയാണ് ഇറാനെതിരെ വീണ്ടും യുദ്ധം ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി പറഞ്ഞത്.
അതേസമയം, ഇറാനെതിരായ സൈനിക നീക്കം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും സൈന്യം നേരിടുന്ന ബുദ്ധിമുട്ടുള്ളതും സങ്കീര്‍ണവുമായ സുരക്ഷാ യാഥാര്‍ഥ്യത്തിന്റെ വെളിച്ചത്തില്‍ ഒന്നിലധികം മുന്നണികളില്‍ ദീര്‍ഘവും സങ്കീര്‍ണവുമായ യുദ്ധത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്നും ഇസ്രായില്‍ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സാമിര്‍ പറഞ്ഞു. ഇറാനും അതിന്റെ അച്ചുതണ്ടും നമ്മുടെ ദൃഷ്ടിയില്‍ തുടരുന്നു. യുദ്ധം അവസാനിച്ചിട്ടില്ല. സന്നദ്ധത, കാര്യക്ഷമത വീണ്ടെടുക്കല്‍, നേട്ടങ്ങള്‍ കൈവരിക്കല്‍, പ്രവര്‍ത്തന അവസരങ്ങള്‍ പ്രയോജനപ്പെടുത്തല്‍ എന്നിവക്കായി സമര്‍പ്പിച്ചിരിക്കുന്ന ഒരു വര്‍ഷമായിരിക്കും 2026 എന്ന് ജനറല്‍ സ്റ്റാഫിന്റെയും ഓപ്പറേഷണല്‍ കമാന്‍ഡ് ഫോറത്തിന്റെയും വിപുലമായ യോഗത്തില്‍ സാമിര്‍ പറഞ്ഞതായി ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സിറിയയും ലെബനോനും മുതല്‍ വെസ്റ്റ് ബാങ്ക്, ഗാസ വരെയുള്ള അതിര്‍ത്തികളില്‍ സുപ്രധാന പ്രതിരോധം നിലനിര്‍ത്തിക്കൊണ്ട്, ഇസ്രായില്‍ പ്രതിരോധ സേന നിരവധി മുന്നണികളില്‍ ആക്രമണാത്മകമായി പ്രവര്‍ത്തിക്കണം. വ്യോമ മേധാവിത്വം നിലനിര്‍ത്തുന്നതും ഇന്റലിജന്‍സ് ശേഷികള്‍ ശക്തിപ്പെടുത്തുന്നതും ഇസ്രായില്‍ തുടരും – ഗ്ലിലോട്ട് സൈനിക താവളത്തില്‍ രണ്ട് വര്‍ഷത്തിനിടെ ആദ്യമായി നടന്ന യോഗത്തില്‍ സാമിര്‍ കൂട്ടിച്ചേര്‍ത്തു.
ഗാസ യുദ്ധം ഇസ്രായില്‍ പ്രതിരോധ സേനയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ ഏറ്റുമുട്ടലുകളിലൊന്നാണ്. നമ്മള്‍ കാര്യമായ നേട്ടങ്ങള്‍ കൈവരിച്ചു. റെഗുലര്‍, റിസര്‍വ് ബ്രിഗേഡുകള്‍ തമ്മിലുള്ള സഹകരണത്തോടെ സതേണ്‍ കമാന്‍ഡ് പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. പക്ഷേ നമ്മള്‍ എല്ലാ ദിവസവും കനത്ത വില നല്‍കിക്കൊണ്ടിരിക്കുകയാണ്.
ഇസ്രായിലിന് ഭീഷണി ഉയര്‍ത്തുന്ന തന്ത്രപരമായ ശേഷികള്‍ തടയുകയും തടസ്സപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ, വെസ്റ്റ് ബാങ്കിലും ലെബനോനിലെ ഹിസ്ബുല്ല ലക്ഷ്യങ്ങള്‍ക്കും സിറിയയിലെ ഇറാന്‍ ലക്ഷ്യങ്ങള്‍ക്കും എതിരെ സൈന്യം ആക്രമണങ്ങള്‍ തുടരുമെന്നും ഇസ്രായില്‍ സംയുക്ത സേനാ മേധാവി പറഞ്ഞു. തന്ത്രം, പ്രവര്‍ത്തനങ്ങള്‍ എന്നിവ അടക്കം ഒന്നിലധികം മുന്നണികളിലെ വെല്ലുവിളികള്‍ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് മേധാവികള്‍ യോഗത്തില്‍ അവലോകനം ചെയ്യുകയും സൈന്യത്തിന്റെ 2026 കര്‍മ്മ പദ്ധതി കാഴ്ചപ്പാട് ഏകീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള നിഗമനങ്ങളില്‍ എത്തിച്ചേരുകയും ചെയ്തു.
ഇറാനെതിരെ പുതിയൊരു ആക്രമണം നടത്താന്‍ ഇസ്രായില്‍ നിര്‍ബന്ധിതമായേക്കുമെന്ന് മുന്‍ ഇസ്രായില്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സും പറഞ്ഞു. ഇറാന്‍ ഒരു ആഗോള, പ്രാദേശിക പ്രശ്‌നമാണെന്നും ഇസ്രായില്‍ രാഷ്ട്രത്തിന് ഭീഷണിയാണെന്നും ഗാന്റ്‌സ് പറഞ്ഞു. ഇറാന്‍ ആണവശേഷി ആര്‍ജിക്കുന്നത് അനുവദിക്കാന്‍ ഇസ്രായിലിന് കഴിയില്ല. ഇസ്രായില്‍ ഇറാനില്‍ ആക്രമണങ്ങള്‍ നടത്തിയത് നല്ലതാണ്. ഇറാന്‍ ആണവായുധം സ്വന്തമാക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ഇറാന്‍ ഭരണകൂടം അവരുടെ ആണവ പദ്ധതി ഉപേക്ഷിക്കുക എന്നതാണ്. എന്നാല്‍, ഇപ്പോള്‍ ഇത് സംഭവിക്കുമെന്ന് തോന്നുന്നില്ല. അതിനാല്‍ വീണ്ടും അവിടെ ആക്രമണം നടത്താന്‍ നമ്മള്‍ നിര്‍ബന്ധിതരായേക്കും – ബെന്നി ഗാന്റ്‌സ് വ്യക്തമാക്കി.