തെഹ്റാൻ: ഇറാൻ ആണവ ബോംബ് നിർമിക്കാൻ ശ്രമിക്കുന്നില്ലെന്നും അതിന് ഉദ്ദേശമില്ലെന്നും ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസെഷ്കിയാൻ വ്യക്തമാക്കി. ആണവ ബോംബ് വികസന ആരോപണങ്ങളെ “കെട്ടിച്ചമച്ച നുണകൾ” എന്ന് വിശേഷിപ്പിച്ച അദ്ദേഹം, യൂറോപ്യൻ ശക്തികളുമായുള്ള ആണവ ചർച്ചകൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായി തെഹ്റാനിൽ നടന്ന ഫോറത്തിൽ സംസാരിക്കുകയായിരുന്നു. “ഇറാനെ ആണവ ബോംബ് വികസിപ്പിക്കാൻ അനുവദിക്കില്ലെന്ന് ശത്രുക്കൾ പറയുന്നു. ഞങ്ങൾ അതിന് ഉദ്ദേശിക്കുന്നില്ല. എന്നിട്ടും അവർ തെറ്റായ മാധ്യമ അന്തരീക്ഷം സൃഷ്ടിക്കുന്നു,” അദ്ദേഹം പറഞ്ഞു.
‘ഇസ്രായിൽ ആഗ്രഹിക്കുന്നവരെ ആക്രമിക്കുകയും വധിക്കുകയും ചെയ്യുന്നു, പക്ഷേ ആരും അവരോട് കണക്ക് ചോദിക്കുന്നില്ല. ലോകത്തിന് ഈ ക്രൂരതകൾ സഹിക്കാനാകുമോ? പെസെഷ്കിയാൻ ചോദിച്ചു. “ഇറാൻ ആണവ ബോംബ് നിർമിക്കുന്നുവെന്നത് നുണയാണ്. അവരുടെ ആക്രമണങ്ങൾക്ക് ന്യായീകരണമായാണ് ഈ ആരോപണങ്ങൾ ഉയർത്തുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശത്തുള്ള പേർഷ്യൻ ഭാഷാ മാധ്യമങ്ങളെ വിമർശിച്ച അദ്ദേഹം ചില ചാനലുകൾ പറയുന്നത് തനിക്ക് സഹിക്കാനാവുന്നില്ലെന്നും പറഞ്ഞു.
ഇറാന്റെ ആണവ പദ്ധതി ചർച്ച ചെയ്യാൻ ജൂലൈ 25-ന് ഇസ്താംബൂളിൽ ഫ്രാൻസ്, ബ്രിട്ടൻ, ജർമനി എന്നിവയുടെ പ്രതിനിധികളുമായി ഇറാൻ കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ മാസം ഇസ്രായിലുമായുള്ള 12 ദിവസത്തെ യുദ്ധത്തിനും അമേരിക്ക ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതിനും ശേഷമുള്ള ആദ്യ ചർച്ചയാണിത്. 2015-ലെ ആണവ കരാർ പ്രകാരമുള്ള ബാധ്യതകൾ ഇറാൻ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് യൂറോപ്യൻ രാജ്യങ്ങൾ ആരോപിക്കുകയും, “സ്നാപ്ബാക്ക്” സംവിധാനം വഴി അന്താരാഷ്ട്ര ഉപരോധങ്ങൾ പുനഃസ്ഥാപിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
എന്നാൽ, ഉപരോധങ്ങൾ വീണ്ടും ഏർപ്പെടുത്തുന്നത് ആണവ പ്രശ്നം സങ്കീർണമാക്കുമെന്ന് ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി പറഞ്ഞു. “സ്നാപ്ബാക്കിന് നിയമപരമായ അടിസ്ഥാനമില്ല. എല്ലാ കക്ഷികളുടെയും ആശങ്കകൾ കണക്കിലെടുക്കുന്ന പരിഹാരങ്ങൾ കണ്ടെത്താൻ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും,” അദ്ദേഹം പറഞ്ഞു. 2018-ൽ അമേരിക്ക കരാറിൽനിന്ന് പിന്മാറിയ ശേഷം ഫ്രാൻസ്, ബ്രിട്ടൻ, ജർമനി, ചൈന, റഷ്യ എന്നിവ മാത്രമാണ് ശേഷിക്കുന്നത്. “യൂറോപ്യൻ രാജ്യങ്ങൾ കരാർ നടപ്പാക്കാത്തപ്പോൾ ഇറാനെ കുറ്റപ്പെടുത്താൻ അവർക്കെങ്ങനെ കഴിയും?” എന്ന് ഗരീബാബാദി ചോദിച്ചു.
ചൈന, റഷ്യ എന്നിവയുടെ പ്രതിനിധികളുമായി ഇറാൻ ഇന്ന് ത്രികക്ഷി യോഗം നടത്തും. “എല്ലാ കക്ഷികളുടെയും ആശങ്കകൾ പരിഗണിക്കുന്ന പരിഹാരങ്ങൾ കണ്ടെത്താൻ ചർച്ചകൾ പുനരാരംഭിക്കാൻ ചൈന ക്രിയാത്മക പങ്ക് വഹിക്കും,” ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.