തെഹ്റാൻ: ഇറാൻ-ഇസ്രായിൽ യുദ്ധത്തിനിടെ അമേരിക്കയും ഇസ്രായിലും ചേർന്ന് ഇറാന്റെ ആണവ കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തെങ്കിലും യുറേനിയം സമ്പുഷ്ടീകരണ പദ്ധതി ഉപേക്ഷിക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി വ്യക്തമാക്കി. ആണവ കേന്ദ്രങ്ങൾക്ക് ഗുരുതരവും വ്യാപകവുമായ നാശനഷ്ടങ്ങൾ സംഭവിച്ചതിനാൽ യുറേനിയം സമ്പുഷ്ടീകരണം താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. എന്നാൽ, “ഇത് ഞങ്ങളുടെ ശാസ്ത്രജ്ഞരുടെ നേട്ടമാണ്, ഞങ്ങൾ സമ്പുഷ്ടീകരണം ഉപേക്ഷിക്കില്ല. ഇപ്പോൾ ഇത് ദേശീയ അന്തസ്സിന്റെ പ്രശ്നമാണ്,” എന്ന് അറാഖ്ജി ഫോക്സ് ന്യൂസിനോട് പറഞ്ഞു.
അമേരിക്കയുടെയും ഇസ്രായിലിന്റെയും ആക്രമണങ്ങളിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് വൻതോതിൽ നാശനഷ്ടങ്ങൾ ഉണ്ടായി. ഇറാൻ ആറ്റമിക് എനർജി ഓർഗനൈസേഷൻ നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുകയാണെന്ന് വിദേശകാര്യ മന്ത്രി അറിയിച്ചു.
യുദ്ധത്തിന് മുമ്പ് ഒമാന്റെ മധ്യസ്ഥതയിൽ ഇറാനും അമേരിക്കയും അഞ്ച് റൗണ്ട് ആണവ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ, യുറേനിയം സമ്പുഷ്ടീകരണത്തിന്റെ പരിധി സംബന്ധിച്ച് ഒരു കരാറിലെത്താൻ കഴിഞ്ഞില്ല. ആണവായുധ നിർമാണത്തിന് വേഗത്തിൽ ഉപയോഗിക്കാവുന്ന യുറേനിയം സമ്പുഷ്ടീകരണത്തിന് ഇറാൻ അടുത്തെത്തിയെന്ന് ഇസ്രായിലും അമേരിക്കയും ആരോപിക്കുന്നു. എന്നാൽ, തങ്ങളുടെ സമ്പുഷ്ടീകരണ പദ്ധതി സിവിലിയൻ ആവശ്യങ്ങൾക്ക് മാത്രമാണെന്ന് ഇറാൻ ആവർത്തിച്ചു.