ദോഹ– തെക്കൻ ഇറാനിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ഇന്ന് രാവിലെ പ്രാദേശിക സമയം 8:11-ഓടെയാണ് ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടർ സ്കെയിലിൽ 5.73 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സീസ്മിക് മോണിറ്ററിങ് നെറ്റ്‌വർക്കും ജിയോളജിക്കൽ സർവേ അതോറിറ്റിയും റിപ്പോർട്ട് ചെയ്തു.
ഇറാന്റെ തെക്കൻ മേഖലയിലുണ്ടായ ഈ ചലനത്തിന്റെ ആഘാതം അയൽരാജ്യമായ ഖത്തറിലും പ്രകടമായിരുന്നു. ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ സെക്കൻഡുകൾ നീണ്ടുനിന്ന പ്രകമ്പനം അനുഭവപ്പെട്ടതായി ജനങ്ങൾ സാക്ഷ്യപ്പെടുത്തി. പെട്ടെന്നുണ്ടായ ചലനത്തിൽ ജനങ്ങൾക്കിടയിൽ നേരിയ പരിഭ്രാന്തി പടർന്നെങ്കിലും, ഖത്തറിലോ ഇറാനിലോ നിലവിൽ നാശനഷ്ടങ്ങളോ ജീവാപായമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സ്ഥിതിഗതികൾ അധികൃതർ നിരീക്ഷിച്ചുവരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



