പാരീസ് – ഇസ്രായിലും ഇറാനും തമ്മിലുള്ള 12 ദിവസത്തെ യുദ്ധത്തിനിടെ, തെഹ്റാനിലെ എവിൻ ജയിലിനെതിരെ ഇസ്രായിൽ നടത്തിയ വ്യോമാക്രമണം യുദ്ധക്കുറ്റമായി അന്വേഷിക്കണമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ആവശ്യപ്പെട്ടു.
മനഃപൂർവം നടത്തിയ ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ഗുരുതരമായ ലംഘനമാണെന്നും, യുദ്ധക്കുറ്റമായി കണക്കാക്കി അന്വേഷണം നടത്തണമെന്നും ആംനസ്റ്റി പ്രസ്താവനയിൽ വ്യക്തമാക്കി. എവിൻ ജയിലിന്റെ ആറ് ഭാഗങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിയ ആക്രമണങ്ങളിൽ ഡസൻ കണക്കിന് സാധാരണക്കാർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തു.
വീഡിയോ ദൃശ്യങ്ങൾ, ഉപഗ്രഹ ചിത്രങ്ങൾ, സാക്ഷികളുടെ വിവരണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ആംനസ്റ്റി ഇന്റർനാഷണൽ ഈ പ്രസ്താവന നടത്തിയത്. ജയിലുകളും തടങ്കൽ കേന്ദ്രങ്ങളും സിവിലിയൻ സ്ഥലങ്ങളായി കണക്കാക്കപ്പെടുന്നു, എവിൻ ജയിൽ നിയമാനുസൃത സൈനിക ലക്ഷ്യമായിരുന്നു എന്നതിന് വിശ്വസനീയമായ തെളിവുകളില്ലെന്നും ആംനസ്റ്റി ചൂണ്ടിക്കാട്ടി. ഇറാൻ ജുഡീഷ്യറി റിപ്പോർട്ട് പ്രകാരം, ആക്രമണത്തിൽ തടവുകാർ, അവരുടെ കുടുംബാംഗങ്ങൾ, ഭരണനിർവഹണ ജീവനക്കാർ എന്നിവർ ഉൾപ്പെടെ 79 പേർ കൊല്ലപ്പെട്ടു.
തെഹ്റാനിന്റെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഉയർന്ന സുരക്ഷയുള്ള എവിൻ ജയിലിൽ ആക്രമണ സമയത്ത് 1,500 മുതൽ 2,000 വരെ തടവുകാർ ഉണ്ടായിരുന്നതായി ആംനസ്റ്റി പറയുന്നു.