ഇസ്ലാമാബാദ് – അടുത്തിടെയുണ്ടായ സംഘര്‍ഷത്തിനിടെ അമേരിക്ക കസ്റ്റഡിയിലെടുത്ത എണ്ണ ടാങ്കറിലെ ഇരുപത്തിരണ്ട് ഇറാന്‍ ജീവനക്കാരെ പാകിസ്ഥാനിലെ ഇറാന്‍ കോണ്‍സുലേറ്റിന് കൈമാറി. ഈ മാസാദ്യം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെച്ച് യു.എസ് സൈന്യം കസ്റ്റഡിയിലെടുത്ത ഡാവിന എന്ന കപ്പലിലെ നാവികരായിരുന്നു ഇവരെന്ന് പാകിസ്ഥാന്‍ വിദേശ മന്ത്രി ഇസ്ഹാഖ് ദാര്‍ പറഞ്ഞു. കപ്പല്‍ ജീവനക്കാരെ ഇറാന്‍ നയതന്ത്രജ്ഞര്‍ക്ക് കൈമാറിയതായും വരും ദിവസങ്ങളില്‍ അവര്‍ ഇറാനിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും ഇറാന്‍ സര്‍ക്കാര്‍ ന്യൂസ് ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. കപ്പല്‍ ജീവനക്കാരുടെ കൈമാറ്റ പ്രക്രിയയിലുടനീളം പാകിസ്ഥാന്‍ യു.എസുമായും ഇറാന്‍ അധികൃതരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി വിദേശ മന്ത്രി വ്യക്തമാക്കി. അവരെ മാതൃരാജ്യത്തേക്ക് എത്രയും വേഗം സുരക്ഷിതമായി മടങ്ങാന്‍ സഹായിക്കുന്ന ക്രമീകരണങ്ങള്‍ പാകിസ്ഥാന്‍ ഇപ്പോള്‍ പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണെന്ന് ഇസ്ഹാഖ് ദാര്‍ എക്സില്‍ അറിയിച്ചു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ പാകിസ്ഥാന്‍ സ്വദേശത്തേക്ക് മടങ്ങാന്‍ സഹായിച്ച ഇറാന്‍ ക്രൂ അംഗങ്ങളുടെ നാലാമത്തെ ഗ്രൂപ്പാണ് ഈ സംഘം.
ഇറാന്‍ തുറമുഖങ്ങള്‍ ഉപരോധിക്കുന്നതിന്റെ ഭാഗമായി നിരോധിച്ച, ഒരു രാജ്യത്തിന്റെയും പതാക വഹിക്കാത്ത കപ്പലായ ഡാവിന തടഞ്ഞുനിര്‍ത്തിയതായി ജൂണ്‍ 4 ന് യു.എസ് സൈന്യം അറിയിച്ചിരുന്നു. ഇറാന്റെ എണ്ണ വ്യാപാരം നടത്തിയതിന്, ഇരുപതു ലക്ഷം ബാരല്‍ വരെ അസംസ്‌കൃത എണ്ണ വഹിക്കാന്‍ ശേഷിയുള്ള സൂപ്പര്‍ ടാങ്കറായ ഡാവിനക്ക് 2024 ഒക്ടോബറില്‍ യു.എസ് ഉപരോധം ബാധകമാക്കിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ലെനോര്‍ എന്നും അറിയപ്പെടുന്ന കപ്പല്‍ ജൂണ്‍ 5 ന് ശ്രീലങ്കയുടെ തെക്കന്‍ തീരത്ത് നിന്നാണ് അമേരിക്കന്‍ സൈന്യം കണ്ടെത്തിയത്. യു.എസും ഇറാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ മധ്യസ്ഥത വഹിക്കുന്നു. കഴിഞ്ഞയാഴ്ച പ്രാരംഭ കരാറില്‍ ഒപ്പുവെക്കുന്നതിലേക്ക് ഇത് നയിച്ചു.



