വിയന്ന – പത്തു ആണവ ബോംബുകള്‍ നിര്‍മിക്കാന്‍ ആവശ്യമായ യുറേനിയം ഇറാന്റെ കൈവശമുണ്ടെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ) പുറത്തിറക്കിയ രഹസ്യ റിപ്പോര്‍ട്ട്. ജൂണ്‍ 13 ന് ഇസ്രായില്‍ ഇറാനില്‍ ആക്രമണം നടത്തുന്നതിന് മുമ്പ്, ഇറാന്റെ പക്കല്‍ 60 ശതമാനം സമ്പുഷ്ടീരിച്ച യുറേനിയം ശേഖരമുണ്ടായിരുന്നു. ഇത് ആണവ ബോംബുകള്‍ നിര്‍മിക്കാന്‍ ആവശ്യമായ സമ്പുഷ്ടീകരണ തോതിനടുത്താണ്. ആക്രമണത്തിനു മുമ്പ് ഇറാന്റെ യുറേനിയം ശേഖരം അല്‍പം വര്‍ധിച്ചിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു.
ജൂണ്‍ 13 ന് സെന്‍ട്രിഫ്യൂജുകളില്‍ സമ്പുഷ്ടമാക്കാന്‍ കഴിയുന്ന യുറേനിയം ഹെക്‌സാഫ്‌ലൂറൈഡിന്റെ രൂപത്തില്‍ 60 ശതമാനം സമ്പുഷ്ടമാക്കിയ 440.9 കിലോ യുറേനിയം ശേഖരം ഇറാന്റെ പക്കലുണ്ടായിരുന്നു. ഇത് മെയ് മാസത്തിലെ അവസാന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതിനെക്കാള്‍ 32.3 കിലോഗ്രാം കൂടുതലാണെന്നും ചൂണ്ടിക്കാട്ടി. ഉയര്‍ന്ന തലത്തിലേക്ക് സമ്പുഷ്ടമാക്കിയാല്‍ 10 ആണവ ബോംബുകള്‍ നിര്‍മിക്കാന്‍ വരെ ഈ യുറേനിയം ശേഖരം മതിയാകുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ജൂണ്‍ 13 ലെ കണക്കനുസരിച്ച് ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ആകെ ശേഖരം 9,874.9 കിലോഗ്രാമാണ്. മെയ് മാസത്തെ അപേക്ഷിച്ച് 627.3 കിലോഗ്രാം വര്‍ധനവ് ആണ് ഉള്ളത്. 2025 മെയ് 17 നും ജൂണ്‍ 12 നും ഇടയില്‍ ഏജന്‍സി നടത്തിയ അന്വേഷണത്തെയും, ഇറാന്‍ ആണവ കേന്ദ്രങ്ങളുടെ മുന്‍ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ എന്നിവ കൂട്ടിചേർത്ത ഡാറ്റയാണ് റിപ്പോർട്ടിൽ.
ജൂണില്‍ ഇസ്രായിലും അമേരിക്കയും ബോംബാക്രമണം നടത്തിയ ശേഷം ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ പരിശോധന പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഐ.എ.ഇ.എയും ഇറാനും ഇതുവരെ കരാറില്‍ എത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. റഷ്യന്‍ സാങ്കേതിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ബൂഷെഹര്‍ ആണവ നിലയം മാത്രമാണ് യുദ്ധം ആരംഭിച്ച ശേഷം അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി പരിശോധിക്കാൻ കഴിഞ്ഞത്.
ഇറാന്‍-ഇസ്രായില്‍ യുദ്ധത്തെ തുടര്‍ന്ന് ഏജന്‍സിയുമായുള്ള സഹകരണം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള ഇറാന്റെ തീരുമാനത്തില്‍ യു.എന്‍ ഏജന്‍സി എതിർപ്പ് പ്രകടിപ്പിക്കുകയും പരിശോധനകള്‍ വേഗത്തില്‍ പുനരാരംഭിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടര മാസത്തിലേറെയായി പരിശോധനകള്‍ നിര്‍ത്തിവെച്ചത് ആശങ്കാജനകമായ കാര്യമാണ്. പരിശോധനകള്‍ പൂര്‍ണമായി പുനരാരംഭിക്കുന്നതിന് ആവശ്യമായ സാങ്കേതിക നടപടിക്രമങ്ങള്‍ വളരെ പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് ഐ.എ.ഇ.എ ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസി പറഞ്ഞു.
ഇസ്രായില്‍ ഇറാനെ ആക്രമിച്ചത് ആണവ കേന്ദ്രങ്ങളുടെ നിരീക്ഷണത്തെ ബാധിച്ചതായി ഐ.എ.ഇ.എ വ്യക്തമാക്കി. ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്കെതിരായ സൈനിക ആക്രമണങ്ങളില്‍ നിന്ന് ഉണ്ടാകുന്ന സുരക്ഷാ ആശങ്കകള്‍ കാരണം എല്ലാ ഏജന്‍സി ഇന്‍സ്‌പെക്ടര്‍മാരെയും പിന്‍വലിക്കേണ്ടത് അത്യാവശ്യമായിരുന്നുവെന്നും ഏജന്‍സി അറിയിച്ചു.