തെഹ്‌റാന്‍ – ഇറാന്റെ മിസൈല്‍ പദ്ധതി പ്രതിരോധപരവും ചര്‍ച്ചക്ക് വിധേയമല്ലാത്തതുമാണെന്ന് ഇറാന്‍ വിദേശ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് പറഞ്ഞു. ഇറാനെ ആക്രമിക്കുന്നതില്‍ നിന്ന് ആക്രമണകാരികളെ പിന്തിരിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഇറാന്റെ പ്രതിരോധ ശേഷികളെ കുറിച്ച ചര്‍ച്ചക്ക് ഒരു ഇടവുമില്ല – ഇസ്മായില്‍ ബഗായ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതി വിപുലീകരണത്തിൽ വേഗത്തിലുള്ള നടപടി ആവശ്യമായി വരുന്നത് ഭീഷണിയാണെന്നതിനെ കുറിച്ച് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറിയിക്കുമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.
ഇറാന്‍ തങ്ങളുടെ ആണവ പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിലേക്ക് വീണ്ടും നീങ്ങാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും യുറേനിയം സമ്പുഷ്ടീകരണം ഇതുവരെ പുനരാരംഭിച്ചിട്ടില്ലെന്ന് ഇസ്രായില്‍ സുരക്ഷാ വൃത്തങ്ങള്‍ പ്രസ്താവിച്ചു. ഇസ്രായില്‍, അമേരിക്കന്‍ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ട ആണവ റിയാക്ടറുകള്‍ക്കു ചുറ്റും സമീപ ആഴ്ചകളില്‍ നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ഇസ്രായില്‍ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രായില്‍ പത്രമായ മാരിവ് റിപ്പോര്‍ട്ട് ചെയ്തു.
പ്രതിമാസം 3,000 മിസൈലുകള്‍ എന്ന നിരക്കില്‍ ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മ്മിക്കാന്‍ തീവ്രമായ ശ്രമം നടക്കുന്നുണ്ട്. ഈ മിസൈലുകള്‍ പഴയ തലമുറയില്‍ പെട്ടതും കൃത്യതയില്ലാത്തതുമായി കണക്കാക്കപ്പെടുന്നു. ലക്ഷ്യത്തിലെത്തുന്നതിനുമുമ്പ് അവയെ തടയാന്‍ കഴിയുമെങ്കിലും ലക്ഷ്യത്തിലെത്തുന്ന മിസൈലുകള്‍ക്ക് ഗുരുതരമായ നാശനഷ്ടങ്ങള്‍ വരുത്താന്‍ കഴിയുമെന്ന് ഇസ്രായില്‍ സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു.
ഇറാന്‍ മറ്റൊരു ആക്രമണത്തിന്റെ സാധ്യത തള്ളിക്കളയുന്നില്ലെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി ഇന്നലെ പ്രസ്താവിച്ചു. എന്നാല്‍ ഇത്തരം ആക്രമങ്ങള്‍ ചെറുക്കാന്‍ ഇറാന്‍ മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ പൂര്‍ണ്ണമായും സുസജ്ജമാണ്. ഈ തയ്യാറെടുപ്പിലൂടെ യുദ്ധം തടയാനാണ് ലക്ഷ്യമിടുന്നതെന്നും യുദ്ധത്തെ സ്വാഗതം ചെയ്യാനല്ലെന്നും കഴിഞ്ഞ ജൂണില്‍ ആക്രമണങ്ങളില്‍ കേടുപാടുകള്‍ സംഭവിച്ച സൈനിക ശേഷികള്‍ ഇറാന്‍ പുനര്‍നിര്‍മ്മിച്ചിട്ടുണ്ടെന്നും വിദേശ മന്ത്രി പറഞ്ഞു.


ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ഇസ്രായില്‍, അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് മുമ്പ്, ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണ തോത് 60 ശതമാനമായി ഉയര്‍ത്തിയിരുന്നു. സൈനിക ഉപയോഗത്തിന് ആവശ്യമായ അളവിനടുത്താണിത്. യുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് ഇറാനില്‍ 60 ശതമാനം സമ്പുഷ്ടീകരിച്ച 441 കിലോഗ്രാം യുറേനിയം ഉണ്ടായിരുന്നതായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ 13 മുതല്‍ ഇറാനിലെ യുറേനിയം ശേഖരം പരിശോധിക്കാന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് കഴിഞ്ഞിട്ടില്ല. ഈ തോതിലുള്ള സമ്പുഷ്ടീകരണത്തിന് സിവിലിയന്‍ ആവശ്യമില്ലെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ വാദിക്കുന്നു. യുറേനിയം സമ്പുഷ്ടീകരണം 60 ശതമാനമായി ഉയര്‍ത്തിയ ഒരേയൊരു ആണവായുധേതര രാഷ്ട്രം ഇറാനാണെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി പറയുന്നു.



