തെഹ്‌റാൻ– ഇറാനിൽ നാലു ആണവ നിലയങ്ങൾ നിർമിക്കാൻ റഷ്യയുമായി 2,500 കോടി ഡോളറിന്റെ കരാർ ഒപ്പുവെച്ചതായി ഇറാൻ വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു. റഷ്യയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ആണവോർജ ഏജൻസിയായ റോസാറ്റവുമായാണ് കരാർ ഒപ്പുവെച്ചിരിക്കുന്നത്. ഇറാനിൽ ചെറിയ ആണവ നിലയങ്ങൾ നിർമിക്കുന്നത് സംബന്ധിച്ച് ധാരണാപത്രം ഒപ്പുവെച്ചതായി റോസാറ്റം അറിയിച്ചു. എന്നാൽ നിർമിക്കുന്ന ആണവ നിലയങ്ങളുടെ കൃത്യമായ എണ്ണം റോസാറ്റം വെളിപ്പെടുത്തിയില്ല.
ഇരു രാജ്യങ്ങളും തമ്മിലുള്ള ആണവ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ കരാർ. ആണവ സഹകരണം വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെക്കാനുദ്ദേശിക്കുന്ന കരാറുകൾ ഇറാൻ ആണവോർജ സംഘടന തലവൻ മുഹമ്മദ് ഇസ്‌ലാമി തിങ്കളാഴ്ച പ്രഖ്യാപിച്ചു. ആണവ നിലയങ്ങളുടെ വികസനത്തിലൂടെ 20,000 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള ഇറാന്റെ പദ്ധതിയിൽ റഷ്യക്ക് വ്യക്തമായ വിഹിതം അനുവദിച്ചിട്ടുണ്ട്. തന്റെ റഷ്യൻ സന്ദർശനത്തിൽ പങ്കാളി ഫാക്ടറികളുടെ പര്യടനങ്ങളും അക്കാദമിക്, ഗവേഷണ സഹകരണം വർധിപ്പിക്കാനായി ശാസ്ത്ര, ഗവേഷണ സ്ഥാപനങ്ങളുമായുള്ള കൂടിക്കാഴ്ചകളും ഉൾപ്പെടുന്നതായും മുഹമ്മദ് ഇസ്‌ലാമി വ്യക്തമാക്കി.
ബൂശഹർ ആണവ നിലയത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും യൂണിറ്റുകൾ നിലവിൽ റഷ്യയുടെ പങ്കാളിത്തത്തോടെ നിർമാണത്തിലാണ്. ഈ പദ്ധതിക്ക് ഇറാൻ, റഷ്യ സർക്കാരുകൾ മുൻഗണന നൽകുന്നു. ഇറാൻ, റഷ്യൻ പ്രസിഡന്റുമാരുടെ നിർദേശങ്ങൾ പദ്ധതി പുരോഗതി ത്വരിതപ്പെടുത്താനും സുഗമമാക്കാനും സഹായിച്ചിട്ടുണ്ട്. ഉഭയകക്ഷി ചർച്ചകൾ ഈ ശ്രമങ്ങളെ വളരെയധികം പിന്തുണക്കുന്നതായും മുഹമ്മദ് ഇസ്‌ലാമി പറഞ്ഞു.
ചില മാസങ്ങളിൽ ഇറാൻ വൈദ്യുതി ക്ഷാമം നേരിടുന്നു. തെക്കൻ നഗരമായ ബൂശഹറിൽ റഷ്യ നിർമിച്ചതും ഏകദേശം ഒരു ഗിഗാവാട്ട് ശേഷിയുള്ളതുമായ പ്രവർത്തനക്ഷമമായ ഒരു ആണവ നിലയം മാത്രമേ ഇറാനിലുള്ളൂ. ഇറാനുമായി അടുത്ത ബന്ധം പുലർത്തുന്ന റഷ്യ, ഇറാൻ ആണവ ബോംബ് സ്വന്തമാക്കുന്നത് തടയുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ ഈ വർഷം ആണവ കേന്ദ്രങ്ങളിൽ അമേരിക്കയും ഇസ്രായിലും നടത്തിയ ആക്രമണങ്ങളെ അപലപിച്ചു. ആണവായുധം സ്വന്തമാക്കാൻ ശ്രമിക്കുകയാണെന്ന ആരോപണം ഇറാൻ നിഷേധിച്ചു.