തെഹ്‌റാൻ– യു.എസ്, ഇസ്രായിൽ ആക്രമണങ്ങളെത്തുടർന്ന് ഇറാന്റെ ജല, ഊർജ്ജ മേഖലകളിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ട്. ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതു മുതൽ ഇറാന്റെ സുപ്രധാന അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വെച്ച് അമേരിക്കയും ഇസ്രായിലും നടത്തിയ സൈബർ, വ്യോമാക്രമണങ്ങൾ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഡസൻ കണക്കിന് ജലശുദ്ധീകരണ ശാലകളും പ്രധാന ജലവിതരണ ശൃംഖലകളും തകർന്നതായും ഇവ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇറാൻ ഊർജ്ജ മന്ത്രി അബ്ബാസ് അലിയാബാദി വ്യക്തമാക്കി.
അതേസമയം, ഇറാന്റെ മിസൈൽ നിർമ്മാണ ശേഷിക്ക് കനത്ത തിരിച്ചടി നൽകിയതായി യു.എസ് സെന്റൽ കമാൻഡ് അവകാശപ്പെട്ടു. കുഹ്-പർജമാലിയിലെ മിസൈൽ അസംബ്ലി കേന്ദ്രം തകർക്കുന്നതിന് മുൻപും ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങൾ അവർ പുറത്തുവിട്ടു. ഹ്രസ്വ-മധ്യദൂര ബാലിസ്റ്റിക് മിസൈലുകൾ നിർമ്മിച്ചിരുന്ന ഈ കേന്ദ്രം ഇപ്പോൾ പൂർണ്ണമായും പ്രവർത്തനരഹിതമാണെന്ന് ഈ ചിത്രങ്ങൾ വ്യക്തമാക്കുന്നു. തെക്കൻ ഇസ്രായിലിൽ ഇറാൻ മിസൈലുകൾ പതിച്ചതിന് തിരിച്ചടിയായി ടെഹ്റാനിലെ ഭരണകൂട കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ഇസ്രായിൽ സൈന്യവും ശക്തമായ ആക്രമണം നടത്തി.
യുദ്ധം രൂക്ഷമായതോടെ ആഗോള എണ്ണ-വാതക വിതരണത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഏതാണ്ട് പൂർണ്ണമായും നിലച്ച രൂപത്തിലാണ്. കടലിടുക്ക് കടക്കാൻ ശ്രമിച്ച നിരവധി കപ്പലുകൾക്ക് നേരെ ഇറാൻ സേന ആക്രമണം നടത്തി. നിലവിൽ തങ്ങളുമായി സൗഹൃദമുള്ള രാജ്യങ്ങളിലെ കപ്പലുകൾക്ക് മാത്രമാണ് ഇറാൻ കടന്നുപോകാൻ അനുമതി നൽകുന്നത്. തങ്ങൾക്കെതിരെയുള്ള സൈനിക നീക്കങ്ങളിൽ പങ്കുചേരുന്ന രാജ്യങ്ങളുടെ കപ്പലുകളെ കർശനമായി തടയുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



