വാഷിംഗ്ടൺ– ഇറാൻ ഇനി പശ്ചിമേഷ്യയിലെ കരുത്തരായ ഗുണ്ടകൾ അല്ലെന്നും പകരം അവർ മേഖലയിലെ പരാജിതർ ആണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ശനിയാഴ്ച തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് ഇറാനെതിരെ കടുത്ത ഭാഷയിൽ കടന്നാക്രമണം നടത്തിയത്. ഇറാൻ പൂർണ്ണമായി കീഴടങ്ങുകയോ അല്ലെങ്കിൽ തകരുകയോ ചെയ്യുന്നത് വരെ ഈ അവസ്ഥ തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഇറാനെതിരെ ഇതുവരെ ലക്ഷ്യമിട്ടിട്ടില്ലാത്ത പുതിയ പ്രദേശങ്ങളിലേക്കും വിഭാഗങ്ങളിലേക്കും ആക്രമണം വ്യാപിപ്പിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. ഇന്ന് ഇറാനെ വളരെയധികം ബാധിക്കും. ഇറാന്റെ മോശം പെരുമാറ്റം കാരണം പൂർണ്ണമായ നാശത്തിനും മരണത്തിനും സാധ്യതയുള്ള ഗൗരവമായ പരിഗണനയിലാണ് അമേരിക്കയെന്നും ട്രംപ് ട്രൂത്തിൽ കുറിച്ചു. ഇസ്രായിലിനും അമേരിക്കയ്ക്കും മുന്നിൽ ഒരിക്കലും കീഴടങ്ങില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ ശനിയാഴ്ച പ്രസ്താവന നടത്തിയതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഈ രൂക്ഷ പ്രതികരണം.
അയൽരാജ്യങ്ങളോട് ഇറാൻ പ്രസിഡന്റ് നടത്തിയ ക്ഷമാപണത്തെയും ട്രംപ് തന്റെ പോസ്റ്റിൽ പരിഹസിച്ചു. അമേരിക്കയുടെയും ഇസ്രായിലിന്റെയും നിരന്തരമായ ആക്രമണം മൂലമാണ് അയൽക്കാർക്ക് കീഴടങ്ങാനും അവർക്ക് നേരെ ഇനി വെടിയുതിർക്കില്ലെന്ന് വാഗ്ദാനം ചെയ്യാനും ഇറാൻ നിർബന്ധിതരായതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഫെബ്രുവരി 28-ന് തുടങ്ങിയ സംയുക്ത സൈനിക നീക്കത്തിൽ ഇറാന്റെ മിസൈൽ ശേഷിയും നാവികസേനയും തകർക്കപ്പെട്ടതായും അമേരിക്കൻ വൃത്തങ്ങൾ അവകാശപ്പെടുന്നു.



