തെഹ്റാൻ– യു.എസ്- ഇസ്രായിലി രഹസ്യാന്വേഷണ ഏജൻസികളുടെ നിർദേശ പ്രകാരം പ്രവർത്തിക്കുന്ന ചാര ശൃംഖല തകർത്തതായി ഇറാൻ അറിയിച്ചു. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ഏതാനും പ്രവിശ്യകളിൽ ഏകോപിപ്പിച്ച് ഓപ്പറേഷൻ നടത്തിയാണ് ചാര ശൃംഖലയെ ഇല്ലാതാക്കിയതെന്ന് പ്രസ്താവന സൂചിപ്പിച്ചു.
ഓപ്പറേഷനുകളുടെ സമയവും സ്ഥലവും അറസ്റ്റിലായവരുടെ എണ്ണവും സംബന്ധിച്ച വിശദാംശങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ജൂണിൽ, ഇസ്രായിൽ ഇറാനെതിരെ നടത്തിയ ആക്രമണത്തിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്.
ഇറാൻ മിസൈൽ, ഡ്രോൺ എന്നിവ ഉപയോഗിച്ച് നടത്തിയ നടത്തിയ തിരിച്ചടിയിൽ ഇസ്രായിൽ 25ലധികം ആളുകൾ കൊല്ലപ്പെടുകയും അമേരിക്ക ഇറാൻ ആണവ കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തുകയും ചെയ്തു. ജൂൺ 24നാണ് ഇറാനും ഇസ്രായിലും തമ്മിലുള്ള വെടി നിർത്തൽ നിലവിൽ വന്നത്.
കഴിഞ്ഞ മാസങ്ങളിലായി ചാരവൃത്തി ആരോപിച്ച് നിരവധി പേരെയാണ് ഇറാൻ അധികൃതർ അറസ്റ്റ് ചെയ്തത്.
ഇസ്രായിലിന്റെ മൊസാദ് രഹസ്യാന്വേഷണ ഏജൻസിയുമായി സഹകരിച്ച വ്യക്തികളെ വധശിക്ഷക്ക് വിധേയരാക്കി. നാലു പതിറ്റാണ്ടിലേറെയായി ശത്രുക്കളായി കരുതുന്ന ഇസ്രായിലിനോ അമേരിക്കക്കോ വേണ്ടി ചാരവൃത്തി നടത്തിയതായി ആരോപിക്കപ്പെടുന്നവർക്ക് കർക്കശ ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം ഒക്ടോബറിൽ ഇറാൻ പാസാക്കി.



