തെഹ്‌റാൻ– അമേരിക്ക ഇറാന്റെ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ ശ്രമിച്ചാൽ ചെങ്കടലിലെയും ബാബ് അൽമന്ദബ് കടലിടുക്കിലെയും സുരക്ഷ ഇല്ലാതാക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഖാർഗ് ദ്വീപിന് നേരെയുണ്ടാകുന്ന ഏതൊരു സൈനിക നീക്കത്തിനും അപ്രതീക്ഷിത തിരിച്ചടി നൽകുമെന്ന് ഇറാനിലെ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് തസ്‌നീം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാന്റെ എണ്ണക്കയറ്റുമതിയുടെ ഭൂരിഭാഗവും നടക്കുന്നത് ഈ ദ്വീപ് വഴിയായതിനാൽ, അമേരിക്കൻ നീക്കം ആഗോള എണ്ണ വിപണിയെ സങ്കീർണ്ണമാക്കുമെന്നും ഇറാൻ ചൂണ്ടിക്കാട്ടുന്നു. ഒരു വശത്ത് ഇറാനുമേലുള്ള എണ്ണ ഉപരോധം പിൻവലിക്കാൻ തീരുമാനിക്കുകയും മറുഭാഗത്ത് ഖാർഗ് ദ്വീപിനെ ആക്രമിക്കാൻ പദ്ധതിയിടുകയും ചെയ്യുന്ന അമേരിക്കയുടെ ഇരട്ടത്താപ്പ് വലിയ പ്രതിസന്ധിക്ക് കാരണമാകും.
ദ്വീപിന് നേരെ ആക്രമണമുണ്ടായാൽ മേഖലയിലെ എണ്ണ വ്യവസായ കേന്ദ്രങ്ങൾ തകർക്കുമെന്നും രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അമേരിക്ക നേരിട്ടിട്ടില്ലാത്ത വലിയ നഷ്ടങ്ങൾ സംഭവിക്കുമെന്നും സുരക്ഷാ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി. ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോർമുസ് കടലിടുക്ക് തുറക്കാൻ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി അമേരിക്ക ഖാർഗ് ദ്വീപിനെതിരെ നീങ്ങുന്നതായി വൈറ്റ് ഹൗസും നേരത്തെ സൂചന നൽകിയിരുന്നു. ഇതിനിടെ, മധ്യ ഇറാന് മുകളിൽ വെച്ച് ഇസ്രായേലിന്റെ എഫ്-16 യുദ്ധവിമാനത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു. പുലർച്ചെ 3:45 ന് നടന്ന ആക്രമണത്തിൽ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതായി ഇറാൻ പറയുമ്പോൾ, മിസൈൽ പ്രയോഗം ഉണ്ടായെങ്കിലും വിമാനത്തിന് തകരാറുകൾ ഒന്നുമില്ലെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ വിശദീകരണം.



