വാഷിംഗ്ടണ്‍ – യു.എസ് ആക്രമണങ്ങള്‍ ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിച്ചതിനാല്‍ ഇറാന് ഇനി ആണവായുധം നിര്‍മിക്കാന്‍ കഴിയില്ലെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പറഞ്ഞു.
ഇറാന് ആണവായുധം സ്വന്തമാക്കാനുള്ള വക്കിലായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ അത് നശിപ്പിച്ചതിനാല്‍ അവരുടെ കൈവശമുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് അവര്‍ക്ക് ഒരു ആണവായുധം നിര്‍മിക്കാന്‍ കഴിയില്ല – ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ വാന്‍സ് പറഞ്ഞു. ഭാവിയില്‍ ഇറാന് എപ്പോഴെങ്കിലും ആണവായുധം നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ വീണ്ടും അമേരിക്കന്‍ സൈന്യവുമായി ഏറ്റുമുട്ടേണ്ടിവരുമെന്നും യു.എസ് വൈസ് പ്രസിഡന്റ് പറഞ്ഞു.
ഇസ്രായിലും ഇറാനും തമ്മില്‍ പൂര്‍ണ വെടിനിര്‍ത്തലിനുള്ള കരാര്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച രാത്രി പ്രഖ്യാപിച്ചു. 24 മണിക്കൂറിനുള്ളില്‍ ഇസ്രായിലും ഇറാനും തമ്മിലുള്ള യുദ്ധം ഔദ്യോഗികമായി അവസാനിക്കും – ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലെ പോസ്റ്റില്‍ പറഞ്ഞു. ഇസ്രായിലും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ജി.എം.ടി സമയം ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണിക്ക് ഔദ്യോഗികമായി ആരംഭിക്കും.
വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുമായിരുന്ന ഒരു യുദ്ധം ഞങ്ങള്‍ തടഞ്ഞു. ഇറാനും ഇസ്രായിലും തമ്മിലുള്ള യുദ്ധം തുടര്‍ന്നിരുന്നെങ്കില്‍ അത് മേഖലയുടെ നാശത്തിലേക്ക് നയിക്കുമായിരുന്നു. 12 ദിവസത്തെ യുദ്ധം എന്ന് വിളിക്കപ്പെടേണ്ട ഒന്ന് അവസാനിപ്പിക്കാന്‍ കരുത്തും ധൈര്യവും വിവേകവും കാണിച്ചതിന് ഇസ്രായിലിനെയും ഇറാനെയും ഞാന്‍ അഭിനന്ദിക്കുന്നു. ഇസ്രായിലിനെയും ഇറാനെയും മിഡില്‍ ഈസ്റ്റിനെയും ദൈവം അനുഗ്രഹിക്കട്ടെ – എന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.