തെല്‍അവീവ് – ഇറാന് ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ക്ക് പ്രതികാരമായി ഇന്ന് രാവിലെ ഇറാന് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ തെല്‍അവീവിലും ഹൈഫായിലും വ്യാപകമായ നാശനഷ്ടങ്ങള്‍. ഇരു നഗരങ്ങളിലും നിരവധി കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരിട്ട നാശനഷ്ടങ്ങളുടെ വ്യാപ്തി വ്യക്തമാക്കുന്ന വീഡിയോകള്‍ പുറത്തുവന്നു.
ഇറാനിലെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങള്‍ അമേരിക്ക ബോംബിട്ട് തകര്‍ത്തതിന് മണിക്കൂറുകള്‍ക്ക് ശേഷം ഇന്ന് രാവിലെ ഇറാന് ഇസ്രായേലിലിക്ക് പുതിയൊരു ബാച്ച് മിസൈലുകള്‍ വിക്ഷേപിച്ചു. ഹൈഫാ, തെല്‍അവീവ് നഗരങ്ങള്‍ ഉള്‍പ്പെടെ വടക്കന്‍, മധ്യ ഇസ്രായിലിലെ വിവിധ പ്രദേശങ്ങളില്‍ മിസൈലുകള്‍ പതിച്ചതായി ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രാവിലെ ഇസ്രായില്‍ ലക്ഷ്യമിട്ട് 30 ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടതായി ഇറാന് ടെലിവിഷന്‍ പറഞ്ഞു.
ബെന്‍ ഗുരിയോണ്‍ വിമാനത്താവളവും ഇസ്രായിലിലെ മറ്റ് നിരവധി സ്ഥലങ്ങളും മിസൈല്‍ ആക്രമണത്തിലൂടെ ലക്ഷ്യമിട്ടതായി ഇറാന് അറിയിച്ചു. ഇസ്രായിലിനെതിരായ പുതിയ ആക്രമണത്തിന് ഖൈബര്‍ മിസൈലും ഉപയോഗിച്ചതായി ഇറാന് പറഞ്ഞു. ഇസ്രായിലിനെ ആക്രമിക്കാന്‍ ആദ്യമായാണ് ഇറാന് ഖൈബര്‍ മിസൈല്‍ ഉപയോഗിക്കുന്നത്. പത്തു മീറ്റര്‍ നീളമുള്ള ഖൈബര്‍ മിസൈല്‍ മരുഭൂമിയിലെ ലോഞ്ചിംഗ് പാഡില്‍ നിന്ന് ഇസ്രായില്‍ ലക്ഷ്യമിട്ട് തൊടുത്തുവിടുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ഇറാന് പുറത്തുവിട്ടു.