ലോസ്ആഞ്ചല്‍സ്– അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നടക്കുന്ന കോച്ചെല്ല ഫെസ്റ്റിവൽ 2025 ല്‍ ചെണ്ടയുടെ അകമ്പടിയോടെ വേദിയിലെത്തി കാണികളെ രസിപ്പിച്ച് മലയാളി റാപ്പറായ ഹനുമാന്‍കൈന്‍ഡ്. കൊണ്ടോട്ടിക്കാരനായ ഹനുമാന്‍ കൈന്‍ഡിന്റെ യഥാര്‍ത്ഥ പേര് സൂരജ് ചെറുകാട് എന്നാണ്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധനേടിയ പാട്ടുകളായ റണ്‍ ഇറ്റ് അപ്പ്, ബിഗ് ഡോഗ്‌സ് തുടങ്ങിയ പാട്ടുകളാണ് വേദിയില്‍ അവതരിപ്പിച്ചത്.
കോച്ചെല്ല സംഗീതോത്സവത്തില്‍ പങ്കെടുക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് ഹനുമാന്‍ കൈന്‍ഡ്. കോച്ചെല്ല 2024 പഞ്ചാബി ഗായകനായ ദില്‍ജിത്ത് ദോസഞ്ജും, എപി ധില്ലനുമാണ് മറ്റ രണ്ട് പേര്‍. ഇല്കട്രോണിക് മ്യൂസിക് ബാന്റ് ഇന്‍ഡോ വെയര്‍ഹൗസാണ് ഇന്ത്യയില്‍ നിന്നുള്ള മറ്റൊരു സംഘം. ഏപ്രില്‍ 11-13 തീയതികളിലും 18-20 തീയതികളിലായി നടക്കുന്ന ഫെസ്റ്റിന്റെ 24ാം എഡിഷനില്‍ ലേഡി ഗാഗ, ഗ്രീന്‍ഡേ, പോസ്റ്റ് മെലോണ്‍ ട്രാവിസ് സ്‌കോട്ട് എന്നിവരും പങ്കെടുക്കുന്നുണ്ട്.
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി ബാന്‍ഡ് ‘കൊച്ചുവീട്ടില്‍ ബീറ്റ്‌സിന്റെ’ ചെണ്ടമേളത്തോടെ ഹനുമാന്‍കൈന്‍ഡ് വേദിയിലിറങ്ങി പരിപാടി അവതരിപ്പിക്കുകയായിരുന്നു. വന്‍സ്വീകാര്യതയാണ് കേരളീസ സംസ്‌കാരത്തിന്റെ ഭാഗമായ ചെണ്ടക്കും പൈതൃകം ഉള്‍ക്കൊണ്ട വരികള്‍ക്കും ലഭിച്ചത്. ഹനുമാന്‍കൈന്‍ഡ് അവതരിപ്പിച്ച പുതിയ ട്രാക്കായ റണ്‍ഇറ്റ് അപ്പ് ഇന്ത്യന്‍ യുദ്ധകലകളായ കളരിപ്പയറ്റും ഗത്ത്കയും അടിസ്ഥാനമാക്കിയുള്ളതാണ്. പുതിയ കാലത്തെ ഹിപ് ഹോപ്പില്‍ പാരമ്പര്യത്തിന്റെ ഇടപെടലായി ഈ ട്രാക്ക് ആരാധകര്‍ ഏറ്റെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി മൻകീ ബാത്തിൽ ഇദ്ദേഹത്തെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്.
അമേരിക്കയിലെ കൊളറാഡോ മരുഭൂമിയിലെ കോച്ചെല്ല താഴ്വരയിലെ എംപയര്‍ പോളോ ക്ലബ്ബില്‍ നടക്കുന്ന വാര്‍ഷിക സംഗീത കലാമേളയാണ് കോച്ചെല്ല. 1999ല്‍ പോള്‍ ലൈറ്റും റിക്ക് വാന്‍ സാന്റനും ചേര്‍ന്നാണ് ഇത് സ്ഥാപിച്ചത്. എ.ഇ.ജി പ്രസന്റുകളുടെ അനുബന്ധ സ്ഥാപനമായ ഗോള്‍ഡന്‍ വോയ്‌സാണ് കോച്ചെല്ല ഓരോ വർഷവും സംഘടിപ്പിക്കുന്നത്.
2023-ല്‍ പുറത്തിറങ്ങിയ ബിഗ് ഡോസ് എന്ന പാട്ടാണ് ഹനുമാന്‍കൈന്‍ഡിനെ ലോകമ്പാടും ആരാധകരെ സൃഷ്ടിച്ചത്. ഇന്ത്യന്‍ ഹിപ് ഹോപ്പ് ലോകമാപ്പില്‍ ഇടം പിടിക്കുന്നതിന്റെ വ്യക്തമായ തെളിവാണ് കോചെല്ലയിലെ ഹനുമാന്‍കൈന്‍ഡിന്റെ പ്രകടനവും അതിന് കിട്ടിയ സ്വീകാര്യതയും. കേരളത്തില്‍ നിന്നുള്ള കലാകാരന്‍ ആണെങ്കിലും, ആഗോള സംഗീത ശൈലിയില്‍ തന്റേതായ ചേരുവകള്‍ ചേര്‍ത്ത് അവതരിപ്പിക്കുന്ന വരികളും സംസ്‌കാരവും പൈതൃകവും ഉള്‍പ്പെടുന്ന ശബ്ദവുമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.
ഓയില്‍ മേഖലയില്‍ ജോലിചെയ്യുന്ന പിതാവിന്റെ കൂടെ കുടുംബത്തോടൊപ്പം നൈജീരിയ, സൗദി അറേബ്യ, ഇറ്റലി, ഈജിപ്ത്, തുടങ്ങിയ രാജ്യങ്ങളില്‍ സഞ്ചരിച്ച സൂരജിന്റെ കുടുംബം കൂടുതല്‍ കാലവും ചിലവഴിച്ചത് അമേരിക്കയിലെ ഹ്യൂസ്റ്റണിലാണ്. അമേരിക്കന്‍ ആക്‌സെന്‍ഡില്‍ സംസാരിക്കുന്ന സൂരജ് മലയാളം പറയാന്‍ തുടങ്ങിയാല്‍ തനി മലപ്പുറത്ത്കാരനാണ്.