ന്യൂഡൽഹി– ഭൂചലന ദുരന്തത്തിൽ വലയുന്ന അഫ്ഗാനിസ്ഥാന് ഇന്ത്യ സഹായവുമായി രംഗത്ത്. 15 ടൺ ഭക്ഷ്യവസ്തുക്കൾ ഉടൻ ദുരിതബാധിത പ്രദേശങ്ങളിൽ എത്തിക്കും. നാളെ മുതൽ കൂടുതൽ ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യയിൽ നിന്ന് അയക്കും. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അഫ്ഗാൻ വിദേശകാര്യ മന്ത്രി മൗലവി അമീർ ഖാൻ മുത്തഖിയുമായി ചർച്ച നടത്തി. 15 ടൺ ഭക്ഷ്യവസ്തുക്കൾക്ക് പുറമെ 1000 കുടുംബങ്ങൾക്കായുള്ള ടെന്റുകളും ഇന്ത്യ സഹായമായി നൽകും.
കുനാർ പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായത്. 800-ലേറെ പേർ മരിച്ചതായി റിപ്പോർട്ട്. 2,500-ൽ അധികം പേർക്ക് പരിക്കേറ്റു. കാബൂൾ മുതൽ പാകിസ്ഥാനിലെ ഇസ്ലാമാബാദ് വരെ പ്രകമ്പനം അനുഭവപ്പെട്ടു. ജലാലാബാദിൽ നിന്ന് 27 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നിരവധി കെട്ടിടങ്ങൾ മണ്ണിനടിയിലായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാം.
മണ്ണിടിച്ചിലും വെള്ളപ്പൊക്കവും മൂലം ദുരിത മേഖലകൾ ഒറ്റപ്പെട്ടു, ഇത് നാശനഷ്ടങ്ങളുടെ വിലയിരുത്തൽ വൈകിപ്പിക്കുന്നു. 90 ശതമാനം ദുരന്തബാധിത പ്രദേശങ്ങളും പർവത മേഖലകളാണ്, ഇത് രക്ഷാപ്രവർത്തനങ്ങളെ സങ്കീർണമാക്കുന്നു. ഹെലികോപ്റ്ററുകളാണ് ഇപ്പോൾ ആളുകളെ രക്ഷിക്കാൻ പ്രധാനമായും ഉപയോഗിക്കുന്നത്. കുനാർ പ്രവിശ്യയിൽ ഇന്റർനെറ്റ് സേവനങ്ങൾ ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്.
താലിബാൻ ഭരണകൂടം രാജ്യാന്തര സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ഇന്ത്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ഇതിനോടകം സഹായം പ്രഖ്യാപിച്ചു.