ഡബ്ലിൻ– യൂറോപ്യൻ രാജ്യമായ അയർലാൻഡിൽ വംശീയ വിദ്വേഷ ആക്രമണങ്ങൾ വളരെയധികം വർധിക്കുന്നു.കൂടുതലും ഇരയാകുന്നത് ഇന്ത്യക്കാരാണ്. രണ്ടു ദിവസം മുമ്പ് ആറ് വയസ്സുകാരി മലയാളി പെൺകുട്ടിയാണ് ആക്രമത്തിന് ഇരയായിരിക്കുന്നത്. നഴ്‌സായ കോട്ടയം സ്വദേശി അനൂപ അച്യുതന്റെ മകളായ നിയയാണ് ആക്രമത്തിന് ഇരയായത്. 12 മുതൽ 14 വയസ്സുവരെയുള്ള കുട്ടികളാണ് പെൺകുട്ടിയെ ആക്രമിച്ചിരിക്കുന്നത്. സുഹൃത്തുക്കളോടൊപ്പം വീടിന് പുറത്ത് കളിക്കുമ്പോഴാണ് കുട്ടിയെ ആക്രമിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഐറിഷ് പൗരത്വമുള്ള ഇവർ കഴിഞ്ഞ എട്ടുവർഷമായി കുടുംബസമേതം അയര്‍ലന്‍ഡിലാണ് താമസിക്കുന്നത്.
കുറച്ചു ദിവസങ്ങൾക്കു മുമ്പ് വർഷങ്ങളായി ഇവിടെ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശിയായ ലക്ഷ്മൺ ദാസിന് എതിരെയും ആക്രമണം ഉണ്ടായിരുന്നു. ഫോൺ, പണം, ഇലക്ട്രിക് സൈക്കിൾ എന്നിവയെല്ലാം ആക്രമികൾ മോഷ്ടിച്ചു. തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.സമീപ കാലങ്ങളിൽ അയർലൻഡിൽ ഇന്ത്യക്കാർക്ക് നേരെ നിരവധി ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.