വാഷിങ്ടണ്‍– ഇന്ത്യ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്താന്‍ മുഖ്യപങ്ക് വഹിച്ചെന്ന് അവകാശവാദം ആവര്‍ത്തിച്ച് ടൊണാള്‍ഡ് ട്രംപ്. കശ്മീര്‍ പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ ഇടപെടാമെന്നും അദ്ദേഹം പറഞ്ഞു. “ചരിത്ര പരമായ തീരുമാനത്തില്‍ എത്തിച്ചേരാന്‍ ഇരു രാജ്യങ്ങളെയും എത്തിക്കാന്‍ കഴിഞ്ഞതില്‍ യു.എസിന് അഭിമാനമുണ്ട്. ഇന്ത്യയുടെയും പാകിസ്ഥാന്റെയും നേത്രത്വത്തെയും ദൈവം അനുഗ്രഹിക്കട്ടെ” – ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
മെയ് 10ന് യു.എസ് മധ്യസ്ഥതയിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ കരാറിന് സമ്മതിച്ചതായി ട്രംപ് എക്‌സില്‍ കുറിച്ചിരുന്നു. പിന്നാലെ ഇരു രാജ്യങ്ങളും വെടി നിര്‍ത്തല്‍ കരാര്‍ സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യ പാക് മിലിട്ടറി ഓപ്പറേഷന്‍ ഡിജിയുടെ ആവശ്യപ്രകാരമാണ് ഇന്ത്യ വെടിനിര്‍ത്തല്‍ കരാറിന് സമ്മതിച്ചതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും യു.എസ് മധ്യസ്ഥ ശ്രമത്തെ പറ്റി പരാമര്‍ശിച്ചിരുന്നില്ല.