ജറൂസലമിനും മാലെ അദുമിം കുടിയേറ്റ കോളനിക്കും ഇടയിലുള്ള ഇ-1 പ്രദേശത്ത് നിര്‍മിക്കുന്നത് 3,401 പുതിയ ജൂതകുടിയേറ്റ യൂണിറ്റുകള്‍
തെല്‍അവീവ് – അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ വിവാദപരമായ പുതിയ ജൂതകുടിയേറ്റ കോളനി സ്ഥാപിക്കുമെന്ന് തീവ്ര വലതുപക്ഷ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് പ്രഖ്യാപിച്ചു. ഈ യാഥാര്‍ഥ്യം ഒടുവില്‍ ഫലസ്തീന്‍ രാഷ്ട്രം എന്ന ആശയത്തെ കുഴിച്ചുമൂടുന്നു. കാരണം ഫലസ്തീന്‍ രാഷ്ട്രമായി അംഗീകരിക്കാന്‍ ഒന്നും ബാക്കിയുണ്ടാകില്ല. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനും ആരുമുണ്ടാകില്ല. ലോകത്ത് ഇന്ന് ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കും ഞങ്ങളില്‍ നിന്ന് തിരിച്ചടി ലഭിക്കും – സ്‌മോട്രിച്ച് പറഞ്ഞു.
കിഴക്കന്‍ ജറൂസലമിനെ വെസ്റ്റ് ബാങ്കില്‍ നിന്ന് വേര്‍തിരിക്കുന്ന ജൂതകുടിയേറ്റ കോളനി നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ക്ക് ഇന്നലെ രാത്രി സ്‌മോട്രിച്ച് അംഗീകാരം നല്‍കി. വെസ്റ്റ് ബാങ്കിനെ രണ്ട് വ്യത്യസ്ത ഭാഗങ്ങളായി വിഭജിക്കുന്നതിലൂടെ ഭാവിയില്‍ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാനുള്ള പദ്ധതികളെ ഇത് തടസ്സപ്പെടുത്തുമെന്ന ആശങ്ക ഫലസ്തീനികളിലും അവകാശ ഗ്രൂപ്പുകളിലും ഉയര്‍ന്നു.
വെസ്റ്റ് ബാങ്കിനെ രണ്ടായി വിഭജിക്കുമെന്നും അന്താരാഷ്ട്ര പ്രതിഷേധത്തിന് കാരണമാകുമെന്നും ഫലസ്തീനികളും ലോകശക്തികളും പറഞ്ഞ, വളരെക്കാലമായി മരവിപ്പിച്ചിരുന്ന ഇ-1 പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അംഗീകരിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല. അമേരിക്കയുടെയും യൂറോപ്യന്‍ സഖ്യകക്ഷികളുടെയും മറ്റ് ലോകശക്തികളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് 2012 മുതല്‍ ഇസ്രായില്‍ അവിടെ കുടിയേറ്റ കോളനി നിര്‍മാണ പദ്ധതികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഫലസ്തീനുമായുള്ള ഭാവിയിലെ സമാധാന കരാറിന് ഈ പദ്ധതി ഭീഷണിയായാണെന്ന് അമേരിക്കയും യൂറോപ്യന്‍ സഖ്യകക്ഷികളും മറ്റ് ലോകശക്തികളും കണക്കാക്കുന്നു. വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റങ്ങള്‍ വികസിപ്പിക്കാനുള്ള ഉദ്ദേശ്യം ഇസ്രായില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പലസ്തീന്‍ രാഷ്ട്രത്തിന്റെ പ്രാദേശിക സമഗ്രതയെ അപകടത്തിലാക്കുമെന്ന് മനുഷ്യാവകാശ ഗ്രൂപ്പുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ജറൂസലമിനും മാലെ അദുമിം കുടിയേറ്റ കോളനിക്കും ഇടയിലുള്ള ഇ-1 പ്രദേശത്ത് 3,401 പുതിയ ജൂതകുടിയേറ്റ യൂണിറ്റുകള്‍ നിര്‍മിക്കുമെന്ന പ്രഖ്യാപനവും ഗാസ മുനമ്പിലെ തുടര്‍ച്ചയായ ഉന്മൂലന യുദ്ധവും ജൂതകുടിയേറ്റക്കാരുടെ ഭീകരതയുടെ വര്‍ധനവും കൂടുതല്‍ പിരിമുറുക്കത്തിലേക്കും അസ്ഥിരതയിലേക്കും നയിക്കുമെന്ന് ഫലസ്തീന്‍ പ്രസിഡന്റിന്റെ വക്താവ് നബീല്‍ അബൂറുദൈന പറഞ്ഞു.


യു.എന്‍ രക്ഷാ സമിതി 2334-ാം നമ്പര്‍ പ്രമേയം അടക്കം അന്താരാഷ്ട്ര നിയമം കിഴക്കന്‍ ജറൂസലം ഉള്‍പ്പെടെ വെസ്റ്റ് ബാങ്കിലും മുഴുവന്‍ ഗാസ മുനമ്പിലും കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാണെന്ന് സ്ഥിരീകരിക്കുന്നു. അധിനിവിഷ്ട ഫലസ്തീനിലെ എല്ലാ കുടിയേറ്റ പ്രവര്‍ത്തനങ്ങളും ഫലസ്തീന്‍ നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുന്നു. ഈ അപകടകരമായ കുടിയേറ്റ കോളനി നിര്‍മാണ പ്രഖ്യാപനം നെതന്യാഹുവിന്റെ ഗ്രേറ്റര്‍ ഇസ്രായിലിനെ കുറിച്ചുള്ള പ്രസ്താവനകളുമായി പൊരുത്തപ്പെടുന്നു. ഇസ്രായിലിന്റെ നടപടികള്‍ നിര്‍ത്താന്‍ യു.എസ് ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ട്. ഈ യുദ്ധങ്ങള്‍ അര്‍ഥശൂന്യമാണ്. നിരുത്തരവാദപരവും ആക്രമണാത്മകവുമായ നടപടികള്‍ അന്താരാഷ്ട്ര നിയമസാധുതയും അന്താരാഷ്ട്ര നിയമവും ലംഘിക്കുന്ന യാഥാര്‍ഥ്യം മാത്രമേ സൃഷ്ടിക്കൂ എന്ന് നബീല്‍ അബൂറുദൈന പറഞ്ഞു.
കിഴക്കന്‍ ജറൂസലമില്‍ പുതിയ കുടിയേറ്റ യൂണിറ്റുകള്‍ നിര്‍മിക്കാനുള്ള ഇസ്രായിലിന്റെ ഉദ്ദേശ്യത്തെ ഫതഹ് പ്രസ്ഥാനം അപലപിച്ചു. ഇത് സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാനുള്ള ഏതൊരു അവസരത്തെയും ദുര്‍ബലപ്പെടുത്തുമെന്ന് ഫതഹ് പറഞ്ഞു. ഇസ്രായിലിന്റെ കൊളോണിയല്‍ പദ്ധതിയെ നിരാകരിക്കുന്നു. ഈ പദ്ധതി രാഷ്ട്രീയ, സുരക്ഷാ പ്രത്യാഘാതങ്ങളുണ്ടാക്കും. കുടിയേറ്റ യൂണിറ്റുകള്‍ നിര്‍മിക്കാനുള്ള ഇസ്രായിലിന്റെ തീരുമാനം ഫലസ്തീന്‍ ചുറ്റുപാടുകളില്‍ നിന്ന് ജറൂസലമിനെ ഒറ്റപ്പെടുത്തുമെന്ന് ഫതഹ് പ്രസ്താവനയില്‍ പറഞ്ഞു. ഈ നടപടികളും പ്രസ്താവനകളും അന്താരാഷ്ട്ര നിയമത്തിനും യു.എന്‍ പ്രമേയങ്ങള്‍ക്കും നേരെയുള്ള നഗ്‌നമായ വെല്ലുവിളിയാണെന്നും കൊളോണിയല്‍, വംശീയ നയങ്ങള്‍ തുടരുന്ന അധിനിവേശ സര്‍ക്കാരിന്റെ ഫാസിസ്റ്റ് സമീപനത്തെ വ്യക്തമായി സ്ഥിരീകരിക്കുന്നതായും ഫതഹ് പ്രസ്ഥാനം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.