കയ്‌റോ – സ്വകാര്യ വീഡിയോകള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ച കേസില്‍ ഈജിപ്ഷ്യന്‍ യുവതി മാജിദ അശ്‌റഫിന്റെ ഭര്‍ത്താവിനെ ഈജിപ്ഷ്യന്‍ ക്രിമിനല്‍ കോടതി പത്തു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. സ്വകാര്യ വീഡിയോകള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചത് മാജിദ അശ്‌റഫിന് ഏറെ മാനഹാനിയുണ്ടാക്കിയിരുന്നു. തുടര്‍ന്ന് സ്വകാര്യ വീഡിയോകള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത ഭര്‍ത്താവിനെതിരെ മാജിദ അശ്‌റഫ് നിയമ നടപടി സ്വീകരിക്കുകയായിരുന്നു. ജോലിയാവശ്യാര്‍ഥം വിദേശത്തായിരുന്നപ്പോള്‍ ഭാര്യയുമായി നടത്തിയ വീഡിയോ കോളുകള്‍ റെക്കോര്‍ഡ് ചെയ്താണ് പ്രസിദ്ധീകരിച്ചതെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ പ്രതിയെ ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്തത്. ഫോട്ടോകളും വീഡിയോകളും ഭാര്യ തനിക്ക് അയച്ചുതന്നതാണെന്ന് പ്രതി വാദിച്ചു. വിദേശത്ത് ജോലി ചെയ്യുന്ന സമയത്ത് ഭര്‍ത്താവ് വീഡിയോ കോളുകള്‍ വഴി ആശയവിനിമയം നടത്താന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് അയാള്‍ ഈ കോളുകള്‍ റെക്കോര്‍ഡ് ചെയ്ത് തന്റെ അനുവാദമില്ലാതെ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയും ഇതിലൂടെ തന്റെ സ്വകാര്യത ലംഘിക്കുകയും ദാമ്പത്യ ബന്ധത്തിന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തതായി മാജിദ അശ്‌റഫ് പറഞ്ഞു.
ഈജിപ്തിലെ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ നിന്നുള്ള മാജിദ അശ്‌റഫിന്റെ കേസ്, വിവാഹബന്ധങ്ങള്‍ക്കുള്ളിലെ ഓണ്‍ലൈന്‍ ബ്ലാക്ക്മെയിലിംഗിന്റെയും സ്വകാര്യതാ ലംഘനങ്ങളുടെയും അപകടങ്ങള്‍ എടുത്തുകാണിക്കുന്ന പ്രധാന ഉദാഹരണമായി ഉയര്‍ന്നുവന്നു. വളരെ ചെറുപ്പത്തിലെയുള്ള ദാമ്പത്യബന്ധത്തിലേക്ക് കേസിന്റെ വേരുകള്‍ നീളുന്നു. 14 വയസ്സുള്ളപ്പോള്‍ പരമ്പരാഗത രീതിയില്‍ മാജിദ അശ്‌റഫ് വിവാഹിതയായി. ഈ വിവാഹം ഒന്നര വര്‍ഷം മാത്രമേ നീണ്ടുനിന്നുള്ളൂ. വേര്‍പിരിഞ്ഞ് ഏഴ് വര്‍ഷത്തിനുശേഷം ഭര്‍ത്താവ് മാജിദയുടെ ജീവിതത്തിലേക്ക് തിരികെ എത്തുകയും തനിക്കൊപ്പം ജീവിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും എട്ടു മാസം ഒരുമിച്ച് ജീവിച്ചു. ഇതിനു ശേഷം ജോലിയാവശ്യാര്‍ഥം ഭര്‍ത്താവ് വിദേശത്തേക്ക് പോയി. വിദേശത്തായിരിക്കെ വീഡിയോ കോളുകള്‍ വഴി ആശയവിനിമയം നടത്താനും സ്വകാര്യ ദൃശ്യങ്ങള്‍ വെളിപ്പെടുത്താനും ഭര്‍ത്താവ് മാജിദയോട് ആവശ്യപ്പെട്ടു. തന്റെ ഭാര്യയായതിനാല്‍ ഇത് തന്റെ നിയമപരമായ അവകാശമാണെന്ന് ഭര്‍ത്താവ് അവകാശപ്പെട്ടു. ദാമ്പത്യ ബന്ധത്തില്‍ വിശ്വസിച്ചുകൊണ്ട് മാജിദ ഭര്‍ത്താവിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചു. ഈ ദൃശ്യങ്ങള്‍ തനിക്കെതിരെ ഉപയോഗിക്കാന്‍ ഭര്‍ത്താവ് പദ്ധതിയിടുന്നതായി മാജിദ ഒരിക്കലും സങ്കല്‍പ്പിച്ചില്ല.
എന്നാല്‍ വൈകാതെ മാജിദയും ഭര്‍ത്താവും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമായി. ഭര്‍തൃസഹോദരിയുടെ ഇടപെടലും ഇതിന് കാരണമായി. അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് സ്വകാര്യ ഫോട്ടോകളും വീഡിയോകളും ഭര്‍ത്താവ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിക്കാന്‍ മാജിദയുടെ പേര് ഉപയോഗിച്ച് ഭര്‍ത്താവ് വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കുകയും ചെയ്തു. താന്‍ വിദേശത്തായിരിക്കെ ഈ വീഡിയോകളും ഫോട്ടോകളും മാജിദ മറ്റു പുരുഷന്മാര്‍ക്ക് അയച്ചുനല്‍കിയതാണെന്നും ഭര്‍ത്താവ് വാദിച്ചു. ഭര്‍ത്താവിന്റെ ഈ പ്രവൃത്തി മാജിദക്ക് ഏറെ മാനഹാനിയുണ്ടാക്കി. ശര്‍ഖിയ ഗവര്‍ണറേറ്റിലെ സാമൂഹിക വലയത്തില്‍ നിന്ന് അവര്‍ ആരോപണങ്ങളും സംശയങ്ങളും നേരിട്ടു.
ബ്ലാക്ക്മെയിലിംഗും അപകീര്‍ത്തിപ്പെടുത്തലും മാനഹാനിയും നേരിട്ട മാജിദ അവസാനം മൗനം വെടിഞ്ഞ് ഭര്‍ത്താവിനെതിരെ സൈബര്‍ ക്രൈം യൂണിറ്റില്‍ ഔദ്യോഗിക പരാതി നല്‍കുകയായിരുന്നു. ജുഡീഷ്യല്‍ അധികാരികള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുകയും അന്വേഷണങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിനെ ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്യുകയുമായിരുന്നു. 2025 നവംബര്‍ 30 ന്, ശര്‍ഖിയയിലെ ഹെഹിയ ക്രിമിനല്‍ കോടതി കേസില്‍ വിധി പുറപ്പെടുവിച്ചു. വിവാഹ രഹസ്യങ്ങള്‍ വെളിപ്പെടുത്തല്‍, സ്വകാര്യത ലംഘിക്കല്‍, ഭാര്യയുടെ സ്വകാര്യ ഉള്ളടക്കം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചുകൊണ്ട് അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ക്ക് മാജിദ അശ്‌റഫിന്റെ ഭര്‍ത്താവിന് കോടതി 10 വര്‍ഷം കഠിന തടവ് ശിക്ഷ വിധിക്കുകയായിരുന്നു. സൈബര്‍ ബ്ലാക്ക്മെയില്‍ കുറ്റകൃത്യങ്ങള്‍ക്കെതിരായ ശക്തമായ നിയമ സന്ദേശമായി ഈ വിധി കണക്കാക്കപ്പെടുന്നു. വിവാഹത്തിന്റെ പശ്ചാത്തലത്തില്‍ പോലും വ്യക്തികളുടെ സ്വകാര്യത നിയമം സംരക്ഷിക്കുന്നതായി ഇത് സ്ഥിരീകരിക്കുന്നു.



