സന്‍ആ – വലിയ തോതിലുള്ള നാവിക ആക്രമണത്തിലൂടെ തങ്ങള്‍ ലക്ഷ്യമിട്ട മാജിക് സീസ് ചരക്ക് കപ്പല്‍ ചെങ്കടലില്‍ മുങ്ങിയതായി ഹൂത്തികള്‍ അറിയിച്ചു. വര്‍ഷാരംഭത്തിനുശേഷം കപ്പല്‍ പാതകളില്‍ ഹൂത്തികള്‍ നടത്തുന്ന ആദ്യ ആക്രമണമാണിത്. ഇത് ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതകളിലൊന്നില്‍ ഏകദേശം ആറ് മാസം നീണ്ടുനിന്ന ശാന്തത അവസാനിപ്പിച്ചു. ചൈനയില്‍ നിന്ന് തുര്‍ക്കിയിലേക്ക് ഇരുമ്പും വളവും കയറ്റി ചെങ്കടലിലൂടെ സഞ്ചരിക്കുന്നതിനിടെ ലൈബീരിയന്‍ പതാക വഹിച്ച കപ്പലിനു നേരെ ഞായറാഴ്ച മിസൈലുകള്‍, ബോട്ടുകള്‍, സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ച് ഹൂത്തികള്‍ ആക്രമണം നടത്തുകയായിരുന്നു.
കപ്പല്‍ മുങ്ങിയ കാര്യം സ്വതന്ത്രമായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ലെന്ന് കപ്പല്‍ പ്രവര്‍ത്തിപ്പിക്കുന്ന ഗ്രീക്ക് കമ്പനിയായ സ്റ്റീം ഷിപ്പിംഗ് പറഞ്ഞു. കപ്പലിന് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും ഇത് കപ്പല്‍ മുങ്ങാന്‍ കാരണമായെന്നും ചിത്രങ്ങളും വിവരങ്ങളും സൂചിപ്പിക്കുന്നു. കപ്പലിലെ ജീവനക്കാര്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചതിനെ തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് ഹൂത്തികളുടെ സൈനിക വക്താവ് യഹ്‌യ സരീഅ് വ്യക്തമാക്കി. രണ്ട് ആളില്ലാ (ഡ്രോണ്‍) ബോട്ടുകളും അഞ്ച് മിസൈലുകളും മൂന്ന് ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. കപ്പല്‍ പൂര്‍ണമായും കടലില്‍ മുങ്ങിയതായും ഹൂത്തി സൈനിക വക്താവ് പറഞ്ഞു.
എട്ട് ചെറിയ ബോട്ടുകള്‍ കപ്പലിന് നേരെ വെടിയുതിര്‍ത്തതായും റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകള്‍ പ്രയോഗിച്ചതായും ബ്രിട്ടീഷ് മാരിടൈം ട്രേഡ് ഓപ്പറേഷനും സമുദ്ര സുരക്ഷാ കമ്പനിയായ ആംബ്രേയും വ്യക്തമാക്കി. കപ്പലിലുണ്ടായിരുന്ന സുരക്ഷാ സേന വെടിവെപ്പിലൂടെ പ്രതികരിച്ചു. പക്ഷേ തുടര്‍ന്നുള്ള നാശനഷ്ടങ്ങള്‍ വ്യാപകമായിരുന്നു. രണ്ട് ആളില്ലാ ബോട്ടുകള്‍ കപ്പലിന്റെ പുറംചട്ടയില്‍ ഇടിച്ചതിനെ തുടര്‍ന്ന് കപ്പലില്‍ തീപിടുത്തമുണ്ടാവുകയും ചരക്കിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. അതേസമയം, അബുദാബി പോര്‍ട്ട്‌സ് ഗ്രൂപ്പ് നടത്തുന്ന സഫീന്‍ പ്രിസം എന്ന കപ്പലിന് മാജിക് സീസ് കപ്പലില്‍ നിന്നുള്ള ദുരന്ത കോളിനോട് പ്രതികരിക്കാനും കപ്പലിലെ 22 ജീവനക്കാരെയും രക്ഷിക്കാന്‍ സാധിച്ചതായും കപ്പല്‍ ജീവനക്കാരെ ജിബൂത്തിയിലേക്ക് കൊണ്ടുപോയതായും യു.എ.ഇ സ്ഥിരീകരിച്ചു.
ഗാസയിലെ ഫലസ്തീനികള്‍ക്കുള്ള ഐക്യദാര്‍ഢ്യ പ്രകടനമെന്നോണം 2023 അവസാനം മുതല്‍ ഹൂത്തികള്‍ ചെങ്കടല്‍, ഏദന്‍ ഉള്‍ക്കടല്‍, ബാബ് അല്‍മന്ദബ് കടലിടുക്ക് എന്നിവിടങ്ങളില്‍ 100 ലേറെ കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഈ ആക്രമണങ്ങള്‍ ആഗോള വ്യാപാരത്തെ, പ്രത്യേകിച്ച് സൂയസ് കനാല്‍ വഴി യൂറോപ്പിനും ഏഷ്യക്കും ഇടയിലുള്ള വ്യാപാരത്തെ തടസ്സപ്പെടുത്തി. ഹൂത്തികളുടെ പുതിയ ആക്രമണം സമുദ്ര ഭീഷണികള്‍ വര്‍ധിപ്പിച്ചായും അന്താരാഷ്ട്ര വ്യാപാരത്തിന് നിര്‍ണായകമായ മേഖലയില്‍ പുതിയ പിരിമുറുക്കങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും നിരീക്ഷകര്‍ വിശ്വസിക്കുന്നു.