സന്‍ആ – അനാശാസ്യം നടത്തിയെന്നും മയക്കുമരുന്ന് കൈവശം വെച്ചെന്നും ആരോപിച്ച് അഞ്ച് വര്‍ഷത്തോളം ജയിലില്‍ അടച്ച ശേഷം യമനിലെ ഹൂത്തി വിമതര്‍ നടിയും മോഡലുമായ ഇന്‍തിസാര്‍ അല്‍ഹമ്മാദിയെ വിട്ടയച്ചു. കലാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ത്രീ എന്ന നിലയില്‍ ഇന്‍തിസാറിന്റെ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ കെട്ടിച്ചമച്ച ആരോപണങ്ങളായിരുന്നു ഇവയെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞു. 2021 ഫെബ്രുവരിയില്‍ തലസ്ഥാനമായ സന്‍ആയില്‍ നിന്ന് ഇന്‍തിസാറിനെ കസ്റ്റഡിയിലെടുക്കുകയും ഹൂത്തികള്‍ നടത്തുന്ന കോടതി അനാശാസ്യത്തിനും മയക്കുമരുന്ന് കൈവശം വെച്ചതിനും അഞ്ച് വര്‍ഷം തടവിന് ശിക്ഷിക്കുകയുമായിരുന്നു. യുദ്ധക്കെടുതികള്‍ നിറഞ്ഞ യെമനില്‍ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അടിച്ചമര്‍ത്തലും വിയോജിപ്പും ഇന്‍തിസാറിന്റെ തടങ്കലിലും വിചാരണയിലും പ്രകടമായിരുന്നു.
സആന്‍യിലെ സെന്‍ട്രല്‍ ജയിലില്‍ അഞ്ച് വര്‍ഷത്തോളം ചെലവഴിച്ച ശേഷം ഇന്‍തിസാറിനെ വിട്ടയച്ചതായി അവരുടെ അഭിഭാഷകന്‍ ഖാലിദ് അല്‍കമാല്‍ പറഞ്ഞു. ഇന്‍തിസാര്‍ ഇപ്പോള്‍ കുടുംബത്തോടൊപ്പം വീട്ടിലുണ്ട്, പക്ഷേ അവര്‍ക്ക് നേരിടേണ്ടി വന്ന അനീതി കാരണം അവരുടെ ആരോഗ്യം ഗണ്യമായി വഷളായി. അവര്‍ വിട്ടുമാറാത്ത രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നുണ്ടെന്നും മാനസികവും ശാരീരികവുമായ പീഡനങ്ങളുടെ ഫലമായി 2021 ല്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നും ഖാലിദ് അല്‍കമാല്‍ പറഞ്ഞു. യെമനിലെ ഡസന്‍ കണക്കിന് പൊതുജനങ്ങള്‍ ഒപ്പിട്ട ഓണ്‍ലൈന്‍ പ്രസ്താവന ഇന്‍തിസാറിന്റെ മോചനത്തെ സ്വാഗതം ചെയ്യുകയും അവര്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കാന്‍ ഹൂത്തികളോട് ആവശ്യപ്പെടുകയും ചെയ്തു.
25 കാരിയായ ഇന്‍തിസാറിനൊപ്പം മറ്റ് മൂന്ന് സ്ത്രീകളും അറസ്റ്റിലായിയിരുന്നു. ഇക്കൂട്ടത്തില്‍ ഇന്‍തിസാറിനും യൂസ്‌റ അല്‍നശ്രി എന്ന മറ്റൊരു യുവതിക്കും അഞ്ച് വര്‍ഷം തടവും മറ്റ് രണ്ട് സ്ത്രീകള്‍ക്ക് ഒന്നും മൂന്നും വര്‍ഷം തടവുമാണ് കോടതി വിധിച്ചത്. 2021 ഫെബ്രുവരി 20 ന് സുഹൃത്തുക്കളോടൊപ്പം സന്‍ആയില്‍ ഫോട്ടോഷൂട്ടിനായി പോകുന്നതിനിടെയാണ് ഇന്‍തിസാര്‍ അറസ്റ്റിലായത്. മോഡലിംഗ് യെമനില്‍ നിയമവിരുദ്ധമല്ലെങ്കിലും, ഹൂത്തി ആയുധധാരികള്‍ അവരുടെ കാര്‍ തടഞ്ഞുനിര്‍ത്തി വേശ്യാവൃത്തി, മയക്കുമരുന്ന് കൈവശം വെക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി.
നിയമ നടപടികള്‍ ഏകപക്ഷീയവും ശരിയായ നടപടിക്രമങ്ങള്‍ പാലിക്കാത്തതുമാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വിമര്‍ശിച്ചിരുന്നു. കണ്ണടച്ച് കുറ്റസമ്മതങ്ങളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിക്കുക, ഗ്രൂപ്പിന്റെ ശത്രുക്കളെ കെണിയില്‍ അകപ്പെടുത്താന്‍ ലൈംഗിക അടിമയായി ജോലി ചെയ്യുന്നതിന് പകരമായി മോചിപ്പിക്കുക, കന്യകാത്വ പരിശോധനക്ക് വിധേയയാക്കാന്‍ ശ്രമിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കന്യകാത്വ പരിശോധനക്ക് ഇന്‍തിസാര്‍ ശക്തമായി വിസമ്മതിച്ചു. സന്‍ആ സെന്‍ട്രല്‍ ജയിലില്‍, മാസങ്ങളോളം അവരെ സന്ദര്‍ശിക്കുന്നതില്‍ നിന്ന് കുടുംബത്തെ വിലക്കി.
ഡസന്‍ കണക്കിന് യെമന്‍ ആക്ടിവിസ്റ്റുകളും രാഷ്ട്രീയക്കാരും പത്രപ്രവര്‍ത്തകരും ഒപ്പിട്ട സംയുക്ത പ്രസ്താവന യെമനിലെ പുരുഷാധിപത്യ മാനദണ്ഡങ്ങളെ വെല്ലുവിളിക്കുന്ന സ്ത്രീകളുടെ അടിച്ചമര്‍ത്തലിന്റെ പ്രതീകമായി ഇന്‍തിസാറിന്റെ കേസിനെ വിശേഷിപ്പിച്ചു. ഇന്‍തിസാര്‍ ഒരു കുറ്റവാളിയല്ല, മറിച്ച് വീടിന് പുറത്ത് ജോലി ചെയ്യുന്ന ഓരോ സ്ത്രീയെയും ഭീഷണിയായി കാണുന്ന ഒരു വ്യവസ്ഥയുടെ ഇരയാണ്. അവളുടെ മോചനം ഏകപക്ഷീയമായി തടങ്കലില്‍ വച്ചിരിക്കുന്ന എല്ലാ സ്ത്രീകളുടെയും ഭാഗിക വിജയമാണ് – പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു യെമന്‍ ഫെമിനിസ്റ്റ് ആക്ടിവിസ്റ്റ് പറഞ്ഞു.
ദരിദ്ര കുടുംബത്തിന്റെ ഏക വരുമാനക്കാരിയായിരുന്ന ഇന്‍തിസാര്‍ അല്‍ഹമ്മാദിയെ സ്ത്രീകള്‍ക്കെതിരായ വിവേചനം നിലനിര്‍ത്തുന്ന പുരുഷാധിപത്യ സമൂഹത്തെ വെല്ലുവിളിച്ചതിന് ശിക്ഷിക്കുകയായിരുന്നെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു. ഡസന്‍ കണക്കിന് സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് തടവുകാരെ ഏകപക്ഷീയമായി തടങ്കലില്‍ വെച്ചിരിക്കുന്ന ഹൂത്തി ജയിലുകളിലെ നിയമലംഘനങ്ങളെ കുറിച്ച് അന്താരാഷ്ട്ര അന്വേഷണം നടത്തണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു.
യെമന്‍ പൗരനും എത്യോപ്യന്‍ വനിതക്കും പിറന്ന ഇന്‍തിസാര്‍ നാല് വര്‍ഷം മോഡലായി ജോലി ചെയ്യുകയും 2020 ല്‍ രണ്ട് യെമന്‍ സീരിയലുളില്‍ അഭിനയിക്കുകയും ചെയ്തു. തടവിലാക്കപ്പെടുന്നതിന് മുമ്പ്, നാലംഗ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അവര്‍.
ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ ഉത്തര യെമനിലെ തങ്ങളുടെ ശക്തികേന്ദ്രമായ സഅ്ദ പ്രവിശ്യയില്‍ നിന്ന് മാര്‍ച്ച് ചെയ്ത് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിച്ച് 2014 മുതല്‍ സന്‍ആയും യെമന്റെ വടക്കന്‍ ഭാഗവും ഭരിച്ചുവരുന്നു. അറബ് ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യമായ യെമന്‍ അന്നു മുതല്‍ ആഭ്യന്തരയുദ്ധത്തിലാണ്.



