സന്‍ആ: ഇസ്രായിലിലെ വിമാനത്താവളങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തി ഇസ്രായിലിനെതിരെ സമഗ്രമായ വ്യോമ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ഹൂത്തി സൈനിക വക്താവ് യഹ്യ സരീഅ് പ്രഖ്യാപിച്ചു. വിമാനങ്ങളുടെയും ഉപഭോക്താക്കളുടെയും സുരക്ഷ സംരക്ഷിക്കാനായി ഇസ്രായിലി വിമാനത്താവളങ്ങളിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കണമെന്ന് ഹൂത്തി സൈനിക വക്താവ് അന്താരാഷ്ട്ര വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടു. ലെബനോന്‍, സിറിയ തുടങ്ങിയ അറബ് രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ഇസ്രായിലിന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ യെമന്‍ അംഗീകരിക്കില്ല. തങ്ങള്‍ ഏറ്റുമുട്ടലിനെ ഭയപ്പെടില്ലെന്നും കീഴടങ്ങല്‍ നിരാകരിക്കുന്നതായും യഹ്‌യ സരീഅ് പറഞ്ഞു.
അതേസമയം, അല്‍ഹുദൈദ ഗവര്‍ണറേറ്റിലെ റാസ് ഈസ തുറമുഖവും കമറാന്‍ ദ്വീപും ലക്ഷ്യമിട്ട് അമേരിക്കന്‍ വിമാനങ്ങള്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയതായി ഹൂത്തികള്‍ക്കു കീഴിലെ അല്‍മസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. യെമനിലെ അല്‍ജൗഫ് ഗവര്‍ണറേറ്റില്‍ രണ്ടു അമേരിക്കന്‍ വ്യോമാക്രമണങ്ങള്‍ നടന്ന് മണിക്കൂറുകള്‍ക്കു ശേഷമാണ് പുതിയ ആക്രമണങ്ങള്‍.
തലസ്ഥാനമായ സന്‍ആയും പരിസര പ്രദേശങ്ങളും ലക്ഷ്യമിട്ട് അമേരിക്ക പത്തു വ്യോമാക്രമണങ്ങള്‍ നടത്തിയതായി യെമനിലെ ഹൂത്തി വിമതര്‍ അറിയിച്ചു. സന്‍ആലെ അല്‍അര്‍ബീന്‍ സ്ട്രീറ്റ് ലക്ഷ്യമിട്ട് രണ്ട് അമേരിക്കന്‍ ആക്രമണങ്ങളും എയര്‍പോര്‍ട്ട് സ്ട്രീറ്റ് ലക്ഷ്യമിട്ട് മറ്റൊരു ആക്രമണവും നടന്നതായി ഹൂത്തികളുമായി ബന്ധമുള്ള യെമന്‍ വാര്‍ത്താ ഏജന്‍സിയായ സബഅ് റിപ്പോര്‍ട്ട് ചെയ്തു.
സന്‍ആക്ക് തെക്ക് ഭാഗത്തുള്ള അല്‍ സവാദ് സൈനിക ക്യാമ്പിലെ ആയുധ ഡിപ്പോകള്‍ക്കു നേരെയും അമേരിക്ക വ്യോമാക്രമണം നടത്തി. തുടര്‍ച്ചയായ മൂന്ന് വ്യോമാക്രമണങ്ങളില്‍ സൈനിക ക്യാമ്പിലെ ലോജിസ്റ്റിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ തകര്‍ന്നതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. സന്‍ആക്ക് വടക്കുപടിഞ്ഞാറുള്ള അല്‍മഹ്വിത് ഗവര്‍ണറേറ്റിലെ ഖമീസ് ബനീ സഅദ് പ്രദേശത്തെ ഹൂത്തി പരിശീലന ക്യാമ്പുകളെ ലക്ഷ്യമിട്ട് അമേരിക്ക ആറു വ്യോമാക്രമണങ്ങളും നടത്തി. ആക്രമണങ്ങളില്‍ ഡസന്‍ കണക്കിന് ഹൂത്തികള്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതായി സുരക്ഷാ വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായി അല്‍ അറബിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
ബെന്‍ ഗുരിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം ഹൂത്തികള്‍ മിസൈല്‍ ആക്രമണം നടത്തിയ ശേഷം യെമനിലെ ഹൂത്തികള്‍ക്കെതിരെ പുതിയ ആക്രമണങ്ങള്‍ നടത്തുമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. മുന്‍കാലങ്ങളില്‍ ഞങ്ങള്‍ അവര്‍ക്കെതിരെ (ഹൂത്തികള്‍) ആക്രമണം നടത്തിയിട്ടുണ്ട്, ഭാവിയിലും അവര്‍ക്കെതിരെ നടപടിയെടുക്കും. ഇത് ഒന്നോ രണ്ടോ അടിയായിരിക്കില്ല, കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകും – നെതന്യാഹു തന്റെ ടെലിഗ്രാം ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.
ഹൂത്തികളുടെ മിസൈല്‍ ആക്രമണത്തില്‍ ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും വ്യോമഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ഇസ്രായിലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ വിമാനക്കമ്പനികള്‍ നിര്‍ബന്ധിതരായി. ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന് സമീപം പതിച്ച മിസൈല്‍ യെമനില്‍ നിന്ന് വിക്ഷേപിച്ചതാണെന്നും നിരവധി തവണ തടസ്സപ്പെടുത്താന്‍ ശ്രമിച്ചിട്ടും പ്രധാന അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് പതിച്ചതായും ഇസ്രായില്‍ സൈന്യം സ്ഥിരീകരിച്ചു.
ഇസ്രായിലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളം ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായി ഹൂത്തികള്‍ അറിയിച്ചു. ഞങ്ങള്‍ അധിനിവിഷ്ട ജാഫയിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളം ലക്ഷ്യമാക്കി ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചു, അത് വിജയകരമായി ലക്ഷ്യത്തിലെത്തി – ഹൂത്തികള്‍ക്കു കീഴിലെ അല്‍മസീറ ടി.വി പ്രസ്താവനയില്‍ പറഞ്ഞു. മാര്‍ച്ച് പകുതി മുതല്‍ യെമനിലെ ഹൂത്തി കേന്ദ്രങ്ങളില്‍ അമേരിക്ക വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ട്. 2023 ഒക്‌ടോബര്‍ ഏഴിന് ഗാസയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം ചെങ്കടലില്‍ ഹൂത്തി ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഹൂത്തികള്‍ക്കെതിരായ അമേരിക്കയുടെ ശക്തമായ ആക്രമണം. ഇസ്രായിലുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട് ഹൂത്തികള്‍ വാണിജ്യ കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തുന്നു.
കഴിഞ്ഞ ജനുവരിയില്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ ഹൂത്തികള്‍ ആക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചെങ്കിലും മാര്‍ച്ച് 18 ന് ഇസ്രായില്‍ ഗാസ യുദ്ധം പുനരാരംഭിച്ചതോടെ ഹൂത്തികളും ആക്രമണം പുനരാരംഭിക്കുകയായിരുന്നു. ഫലസ്തീനികള്‍ക്കെതിരായ വ്യോമാക്രമണം തുടരുന്നിടത്തോളം കാലം കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് ഹൂത്തികള്‍ ഭീഷണി മുഴക്കി.
2025 മാര്‍ച്ച് 15 മുതല്‍ യെമനിലെ ഹൂത്തി കേന്ദ്രങ്ങളില്‍ അമേരിക്കന്‍ സൈന്യം ആയിരത്തിലേറെ വ്യോമാക്രമണങ്ങള്‍ നടത്തിയതായി അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൈനിക അടിസ്ഥാന സൗകര്യങ്ങള്‍, ആയുധ ഡിപ്പോകള്‍, മിസൈല്‍, ഡ്രോണ്‍ ലോഞ്ചറുകള്‍ എന്നിവ അടക്കമുള്ള കേന്ദ്രങ്ങള്‍ക്കു നേരെയാണ് അമേരിക്ക ആക്രമണം നടത്തിയത്. യെമനില്‍ പല ഭാഗങ്ങളിലും യെമന്‍ വിമതര്‍ക്കെതിരെ അമേരിക്ക ശക്തമായ സൈനിക സമ്മര്‍ദം തുടരുന്നതിനിടെ, ചെങ്കടലില്‍ അമേരിക്കന്‍ വിമാനവാഹിനി കപ്പല്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാന്‍ പിന്തുണയുള്ള സായുധ സംഘം ആവര്‍ത്തിച്ച് അവകാശപ്പെട്ടിരുന്നു.