സന്‍ആ – യു.എസ് എണ്ണക്കമ്പനികളുടെ കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന പ്രഖ്യാപനവുമായി യെമനിലെ ഹൂത്തികൾ. ചെങ്കടലിലൂടെയും ഏദന്‍ ഉള്‍ക്കടലിലൂടെയും സഞ്ചരിക്കുന്ന, അമേരിക്കയുമായി ബന്ധമുള്ള കപ്പലുകളെ ആക്രമിക്കാതിരിക്കാന്‍ ട്രംപ് ഭരണകൂടവുമായി ഹൂത്തി ഗ്രൂപ്പ് നേരത്തെ കരാര്‍ ഒപ്പുവെച്ചിരുന്നു. എന്നാൽ എക്‌സോണ്‍ മൊബീല്‍, ചെവ്റോണ്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന യു.എസ് എണ്ണക്കമ്പനികളുടെ കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്നാണ് ഭീഷണി.
സന്‍ആ ആസ്ഥാനമായുള്ള ഹ്യുമാനിറ്റേറിയന്‍ ഓപ്പറേഷന്‍സ് കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ 13 യു.എസ് കമ്പനികള്‍ക്കും ഒമ്പത് എക്‌സിക്യൂട്ടീവുകള്‍ക്കും രണ്ട് കപ്പലുകള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി. ട്രംപ് ഭരണകൂടവുമായി ഒപ്പുവെച്ച സമാധാന കരാര്‍ പ്രകാരം ചെങ്കടലിലും ഏദന്‍ ഉള്‍ക്കടലിലും അമേരിക്കയുമായി ബന്ധപ്പെട്ട കപ്പലുകള്‍ ആക്രമിക്കുന്നത് നിര്‍ത്താന്‍ ഹൂത്തി ഗ്രൂപ്പ് നേരത്തെ സമ്മതിച്ചിരുന്നു. ഈ വര്‍ഷം ഹൂത്തികള്‍ക്കെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ക്ക് പ്രതികാരമായാണ് അമേരിക്കന്‍ കമ്പനികള്‍ക്കും എക്‌സിക്യൂട്ടീവുകള്‍ക്കും കപ്പലുകള്‍ക്കും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് ഹ്യുമാനിറ്റേറിയന്‍ ഓപ്പറേഷന്‍സ് കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ പറഞ്ഞു. ഗാസക്കെതിരായ യുദ്ധത്തില്‍ ഫലസ്തീനികള്‍ക്കുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് 2023 മുതല്‍ ഹൂത്തികള്‍ ഇസ്രായിലുമായി ബന്ധമുള്ളതായി കരുതുന്ന നിരവധി കപ്പലുകള്‍ക്ക് നേരെ ചെങ്കടലില്‍ വെച്ച് ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച, ഏദന്‍ ഉള്‍ക്കടലില്‍ ഡെച്ച് ചരക്ക് കപ്പല്‍ ഹൂത്തികള്‍ ആക്രമിച്ചു. ആക്രമണത്തില്‍ കപ്പലിലെ രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂത്തികള്‍ ഏറ്റെടുത്തു. ഹൂത്തികള്‍ നടത്തിയ ഏറ്റവും ഗുരുതരമായ ആക്രമണമായിരുന്നു ഡെച്ച് ചരച്ചു കപ്പലായ മിനെര്‍വാഗ്രാറ്റിന് നേരെ നടത്തിയത്. 2023 നവംബര്‍ മുതല്‍ ചെങ്കടലില്‍ നിരവധി കപ്പലുകള്‍ ഹൂത്തികള്‍ ആക്രമിച്ചിട്ടുണ്ട്. ഹൂത്തി ആക്രമണങ്ങളില്‍ നാലു കപ്പലുകള്‍ മുങ്ങി. മിനെര്‍വാഗ്രാറ്റിനെ ലക്ഷ്യമാക്കി ക്രൂയിസ് മിസൈല്‍ പ്രയോഗിച്ചതായി ഹൂത്തി സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യ സരീഅ് പറഞ്ഞു. കപ്പലിന്റെ ഉടമകളായ ആംസ്റ്റര്‍ഡാം ആസ്ഥാനമായുള്ള സ്പ്ലിത്തോഫ്, അധിനിവിഷ്ട ഫലസ്തീനിലെ തുറമുഖങ്ങളിലേക്കുള്ള പ്രവേശന നിരോധനം ലംഘിച്ചുവെന്ന് യഹ്‌യ സരീഅ് ആരോപിച്ചു. മിനെര്‍വാഗ്രാറ്റിന് ഇസ്രായിലുമായി യാതൊരു ബന്ധവുമില്ലെന്ന് യു.എസ് നാവികസേനയുടെ മേല്‍നോട്ടത്തിലുള്ള ജോയിന്റ് മാരിടൈം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുടക്കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇസ്രായിലുമായുള്ള കപ്പലിന്റെ ബന്ധങ്ങള്‍ പരിശോധിക്കുകയാണെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍ സെന്റര്‍ പറഞ്ഞു.
ആക്രമണത്തില്‍ ഫിലിപ്പീന്‍സ്, റഷ്യ, ശ്രീലങ്ക, ഉക്രെയ്ന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 19 അംഗ സംഘത്തില്‍പ്പെട്ട മിനെര്‍വാഗ്രാറ്റിലെ രണ്ട് നാവികര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ ഗണ്യമായ നാശനഷ്ടങ്ങള്‍ വന്നതിനെ തുടര്‍ന്ന് കപ്പല്‍ ഒഴിപ്പിക്കാന്‍ നിര്‍ബന്ധിതമായി. ഒമാനും ഇറാനും ഇടയില്‍ സ്ഥിതി ചെയ്യുന്നതും അറേബ്യന്‍ ഗള്‍ഫിനെ ഒമാന്‍ ഉള്‍ക്കടലുമായും അറേബ്യന്‍ കടലുമായും ബന്ധിപ്പിക്കുന്നതുമായ ഹുര്‍മുസ് കടലിടുക്കിലൂടെയുള്ള സുപ്രധാന എണ്ണ ടാങ്കര്‍ ഗതാഗതത്തില്‍ ഹൂത്തികളുടെ ആക്രമണത്തിന് കാര്യമായ സ്വാധീനമില്ലെന്ന് യു.എസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. ചെങ്കടലിനെയും അറേബ്യന്‍ കടലിനെയും ബന്ധിപ്പിക്കുന്ന ഏദന്‍ ഉള്‍ക്കടലില്‍ ഹൂത്തികള്‍ ഇടക്കിടെ കപ്പലുകള്‍ ആക്രമിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഹുര്‍മുസ് കടലിടുക്ക് വഴി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പ്രതിദിനം ഏകദേശം അഞ്ചു ലക്ഷം ബാരല്‍ ക്രൂഡ് ഓയിലും കണ്ടന്‍സേറ്റുകളും അമേരിക്ക ഇറക്കുമതി ചെയ്തതായി എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പറയുന്നു. ഇത് അമേരിക്കയുടെ മൊത്തം ക്രൂഡ് ഓയില്‍, കണ്ടന്‍സേറ്റ് ഇറക്കുമതിയുടെ ഏകദേശം ഏഴു ശതമാനമാണ്. വര്‍ധിച്ച ആഭ്യന്തര ഉല്‍പ്പാദനവും കനേഡിയന്‍ ഇറക്കുമതിയും കാരണം ഏകദേശം 40 വര്‍ഷത്തിനിടയില്‍ ഗള്‍ഫില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ ഏറ്റവും താഴ്ന്ന നിലയാണ് ഇതെന്ന് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പറഞ്ഞു.



