തെല്‍അവീവ് – ഇസ്രായിലിന്റെ തലസ്ഥാനമായ തെല്‍അവീവിനു സമീപം ഹൂത്തി മിലീഷ്യകള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. ബാലിസ്റ്റിക് മിസൈല്‍ വെടിവെച്ചിടാനുള്ള ശ്രമം വിഫലമായതായി ഇസ്രായില്‍ സൈന്യം പറഞ്ഞു. യെമനില്‍ നിന്ന് മിസൈല്‍ തൊടുത്തുവിട്ടതിനെ തുടര്‍ന്ന് മധ്യഇസ്രായിലില്‍ വാണിംഗ് സൈറനുകള്‍ മുഴക്കി, മിസൈല്‍ വെടിവെച്ചിടാന്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമായി, സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ് – ഇസ്രായില്‍ സൈനിക വക്താവ് അവിചായ് അഡ്രഇ പറഞ്ഞു.
തെല്‍അവീവിന് കിഴക്ക് ബനീ ബ്രാക് ഏരിയയിലാണ് മിസൈല്‍ പതിച്ചത്. മിസൈല്‍ ആക്രമണത്തിന്റെ ആഘാതത്തില്‍ കെട്ടിടങ്ങളുടെ ജനല്‍ ചില്ലുകള്‍ ചിതറിത്തെറിച്ചാണ് എല്ലാവര്‍ക്കും പരിക്കേറ്റതെന്നും എല്ലാവരുടെയും പരിക്ക് നിസാരമാണമെന്നും ഇസ്രായില്‍ എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് പറഞ്ഞു. ഇസ്രായിലിനു നേരെ ആക്രമണം നടത്തുന്നതിനെതിരെ കഴിഞ്ഞ മണിക്കൂറുകളില്‍ ഹൂത്തികളെ ഇസ്രായില്‍ നിരവധി തവണ ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും തെല്‍അവീവ് ലക്ഷ്യമിട്ട് ഹൂത്തികള്‍ മിസൈല്‍ തൊടുത്തുവിടുകയായിരുന്നു.
ഇസ്രായിലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി യിസ്രായില്‍ കാട്‌സും ഹൂത്തികളെ ഭീഷണിപ്പെടുത്തിയിരുന്നു. ഹിസ്ബുല്ലക്ക് സമാനമായ ഗതിയാണ് ഹൂത്തികളെയും കാത്തിരിക്കുന്നതെന്ന് ഇരുവരും പറഞ്ഞു. ഇസ്രായിലിന്റെ സുരക്ഷക്ക് കോട്ടംതട്ടിക്കുന്ന ഏതൊരാളും ഉയര്‍ന്ന വില നല്‍കേണ്ടിവരുമെന്ന് നെതന്യാഹു പറഞ്ഞു. ലബനോനില്‍ ഹിസ്ബുല്ലയെയും ഗാസയില്‍ ഹമാസിനെയും അടിച്ചു തകര്‍ത്തതിനെ പരാമര്‍ശിച്ച്, മേഖലയില്‍ ഇറാന്‍ അച്ചുതണ്ടില്‍ അവശേഷിക്കുന്ന ഒരേയൊരു വിഭാഗമാണ് ഹൂത്തികളെന്ന് ഇസ്രായിലി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സൂചിപ്പിച്ചു.
ഫലസ്തീനികളെ പിന്തുണച്ച് ഇസ്രായിലിന് തിരിച്ചടി നല്‍കുമെന്നും ചെങ്കടലില്‍ കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്നും തങ്ങള്‍ ഇസ്രായിലുമായും അമേരിക്കയുമായും ബ്രിട്ടനുമായും തുറന്ന യുദ്ധത്തിലാണെന്നും ഹൂത്തി നേതാവ് അബ്ദുല്‍മലിക് അല്‍ഹൂത്തി പറഞ്ഞു.
ഇസ്രായില്‍ ലക്ഷ്യമിട്ട് ഹൂത്തികള്‍ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടതിന് തിരിച്ചടിയെന്നോണം ഇന്നലെ യെമന്‍ തലസ്ഥാനമായ സന്‍ആയിലെയും അല്‍ഹുദൈദയിലും എണ്ണ തുറമുഖങ്ങളും വൈദ്യുതി നിലയങ്ങളും ഉള്‍പ്പെടെ 16 സ്ഥലങ്ങളില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നു. ആക്രമണങ്ങളില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടതായി ഹൂത്തികള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഗാസയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഹൂത്തികള്‍ ഡസന്‍ കണക്കിന് മിസൈലകളും ഡ്രോണുകളും ഉപയോഗിച്ച് ഇസ്രായിലില്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ചെങ്കടലില്‍ ഡസന്‍ കണക്കിന് ചരക്ക് കപ്പലുകള്‍ ലക്ഷ്യമിട്ടും ഹൂത്തികള്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group