തെല്‍അവീവ് – ഇസ്രായിലിലെ ബെന്‍ ഗുരിയോണ്‍ എയര്‍പോര്‍ട്ടിലേക്ക് യെമനില്‍ നിന്ന് ഹൂത്തി മിലീഷ്യകള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ ഇസ്രായില്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തു. മിസൈല്‍ വിക്ഷേപണത്തെ തുടര്‍ന്ന് ഇസ്രായിലില്‍ പല പ്രദേശങ്ങളിലും വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങി. തെല്‍അവീവിലെ ബെന്‍ ഗുരിയോണ്‍ എയര്‍പോര്‍ട്ട് ലക്ഷ്യമിട്ടാണ് ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് ശ്രമിച്ചതെന്ന് ഹൂത്തി ഗ്രൂപ്പ് അറിയിച്ചു.
ജാഫ മേഖലയിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളം ലക്ഷ്യമിട്ട് ഫലസ്തീന്‍-2 ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഹൂത്തി ഗ്രൂപ്പ് സൈനിക വക്താവ് യഹ്‌യ സരീഅ് പ്രസ്താവനയില്‍ പറഞ്ഞു. ഓപ്പറേഷന്‍ വിജയകരമായി ലക്ഷ്യം കൈവരിച്ചു. ഇസ്രായിലില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ ഷെല്‍ട്ടറുകളിലേക്ക് ഓടിപ്പോവുകയും എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ നിലക്കുകയും ചെയ്തതായി യഹ്‌യ സരീഅ് പറഞ്ഞു.
കഴിഞ്ഞ 48 മണിക്കൂറിനിടെ യെമനില്‍ നിന്ന് ഇസ്രായിലിലേക്ക് തൊടുത്തുവിട്ട രണ്ടാമത്തെ മിസൈലാണിതെന്ന് ഇസ്രായിലിലെ ചാനല്‍ 12 സ്ഥിരീകരിച്ചു. ബെന്‍ ഗുരിയോണ്‍ എയര്‍പോര്‍ട്ടില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ മിസൈല്‍ ആക്രമണ ശ്രമം കാരണമായെന്നും ചാനല്‍ പറഞ്ഞു.
ആക്രമണത്തിന് തിരിച്ചടിയായി അല്‍ഹുദൈദ, റാസ് ഈസ, അല്‍സലീഫ് തുറമുഖങ്ങളിലെ ഹൂത്തി ലക്ഷ്യങ്ങളെ ആക്രമിക്കാന്‍ തങ്ങളുടെ യുദ്ധവിമാനങ്ങള്‍ പറന്നുയരുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകള്‍ ഇസ്രായില്‍ പുറത്തുവിട്ടു. ഹൂത്തി കേന്ദ്രങ്ങളില്‍ ആക്രമണങ്ങള്‍ നടത്തുന്നതില്‍ 20 യുദ്ധവിമാനങ്ങള്‍ പങ്കെടുത്തതായി ഇസ്രായില്‍ അറിയിച്ചു.
2023 അവസാനം മുതല്‍ ഇസ്രായേലിനു നേരെയും ഇസ്രായിലുമായി ബന്ധമുള്ളതെന്ന് കരുതുന്ന ചെങ്കടലിലെ വാണിജ്യ കപ്പലുകള്‍ക്കു നേരെയും ഹൂത്തികള്‍ ആക്രമണം അഴിച്ചുവിടുകയാണ്. യെമനില്‍ ഹൂത്തി കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി ഇസ്രായില്‍ ഇതിന് തിരിച്ചടി നല്‍കുന്നുണ്ട്. കഴിഞ്ഞ ആഴ്ച, ചെങ്കടലില്‍ യെമന്‍ തീരത്ത് രണ്ട് വാണിജ്യ കപ്പലുകള്‍ ലക്ഷ്യമിട്ട് 24 മണിക്കൂറിനുള്ളില്‍ നടത്തിയ രണ്ട് ആക്രമണങ്ങളുടെ ഉത്തരവാദിത്തവും ഹൂത്തികള്‍ ഏറ്റെടുത്തിരുന്നു. ആക്രമണങ്ങളെ തുടര്‍ന്ന് ഈ രണ്ട് കപ്പലുകളും മുങ്ങി. ഏതാനും കപ്പല്‍ ജീവനക്കാര്‍ കൊല്ലപ്പെടുകയും ഏതാനും പേരെ കാണാവുകയും ചെയ്തു. മറ്റുള്ളവരെ രക്ഷപ്പെടുത്തി.