തെല്‍അവീവ് – ഇസ്രായിലില്‍ ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണം. യെമനില്‍ നിന്ന് വിക്ഷേപിച്ച ഡ്രോണ്‍ തെക്കന്‍ ഇസ്രായിലി നഗരമായ എയ്‌ലാറ്റിൽ ഹോട്ടലിന്റെ പ്രവേശന കവാടത്തിന് സമീപം പൊട്ടിത്തെറിച്ചതായി ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആളപായമോ പരിക്കുകളോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ലെന്ന് ഇസ്രായിലി ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി അറിയിച്ചു. ജേക്കബ് ഹോട്ടലിനു മുന്നിലാണ് ഡ്രോണ്‍ പൊട്ടിത്തെറിച്ചതെന്ന് ഇസ്രായില്‍ പത്രമായ ഇസ്രായേല്‍ ഹയോം റിപ്പോര്‍ട്ട് ചെയ്തു. ഡ്രോണ്‍ സ്‌ഫോടനത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായും പത്രം സൂചിപ്പിച്ചു.
ഡ്രോണ്‍ എയ്‌ലാറ്റിൽ വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങാന്‍ കാരണമായതായി യെദിയോത്ത് അഹ്റോണോത്ത് പത്രം റിപ്പോര്‍ട്ട് ചെയ്തു. വ്യോമസേന മറ്റൊരു ഡ്രോണും മിസൈലും തടഞ്ഞതായി ഇസ്രായിലി ആര്‍മി റേഡിയോ അറിയിച്ചു. യെമനില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ വ്യോമസേന തടഞ്ഞു. ഇത് രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ആശങ്ക സൃഷ്ടിച്ചതായി സൈന്യം പറഞ്ഞു. വരും ദിവസങ്ങളില്‍ ആരംഭിക്കുന്ന ജൂത പുതുവത്സര അവധിക്കാല ആഘോഷത്തിനായി നിരവധി ഇസ്രായിലികള്‍ സന്ദര്‍ശിക്കുന്ന ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ തീരദേശ നഗരമായ എയ്‌ലാറ്റിലെ ഹോട്ടലിന്റെ പ്രവേശന കവാടത്തിന് സമീപം ഡ്രോണ്‍ ഇടിച്ചുവീഴുന്നത് കാണിക്കുന്ന ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തു.
ഇസ്രായിലിനെതിരെ മൂന്ന് സൈനിക ഓപ്പറേഷനുകള്‍ നടത്തിയതായി ഹൂത്തി ഗ്രൂപ്പ് പറഞ്ഞു. അതേസമയം, തെക്കന്‍ ഗാസ മുനമ്പിലെ സൈനിക നടപടിക്കിടെ നാലു സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം വ്യാഴായ്ച അറിയിച്ചു. 2023 ഒക്ടോബര്‍ 27 ന് ഗാസ മുനമ്പില്‍ ഇസ്രായിലി കരസേനാ ഓപ്പറേഷന്‍ ആരംഭിച്ച ശേഷം കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ഇതോടെ 472 ആയി. സൈനികരുടെ മരണത്തിന്റെ സാഹചര്യങ്ങളെ കുറിച്ച് സൈന്യം വിശദാംശങ്ങള്‍ നല്‍കിയിട്ടില്ലെങ്കിലും, തെക്കന്‍ ഗാസ മുനമ്പിലെ റഫ നഗരത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ സൈനിക വാഹനത്തിനുള്ളിലാണ് അവര്‍ കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു. വ്യാഴായ്ച വെസ്റ്റ് ബാങ്ക്, ജോര്‍ദാന്‍ അതിര്‍ത്തിയിലെ കിംഗ് ഹുസൈന്‍ ബ്രിഡ്ജ് ക്രോസിംഗില്‍ ജോര്‍ദാനി യുവാവ് നടത്തിയ വെടിവെപ്പിലും കത്തിക്കുത്തിലും രണ്ടു ഇസ്രായിലി സൈനികരും കൊല്ലപ്പെട്ടിരുന്നു.
അതേസമയം, ഗാസ നഗരം പിടിച്ചെടുക്കാനുള്ള ഓപ്പറേഷന്‍ ആരംഭിച്ച് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ബന്ദികളെ കൊല്ലാന്‍ തീരുമാനിക്കുന്നിടത്തോളം കാലം അവരുടെ ജീവന്‍ രക്ഷിക്കില്ലെന്ന് ഹമാസിനു കീഴിലെ സായുധ വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്‌സ് പറഞ്ഞു. ഗാസ നഗരത്തിലെ വിവിധ പ്രദേശങ്ങളിലായാണ് ഇസ്രായിലി ബന്ദികളെ സൂക്ഷിച്ചിരിക്കുന്നത്. ഇസ്രായില്‍ സൈന്യത്തിന് എളുപ്പമുള്ള ലക്ഷ്യമാകില്ല ഗാസ. വീരമൃത്യുവരിക്കാന്‍ തയാറായവര്‍ അടങ്ങിയ സൈന്യത്തെ തങ്ങള്‍ തയാറാക്കിയിട്ടുണ്ട്. ഇസ്രായില്‍ സൈനികരെ ലക്ഷ്യമിട്ട് ആയിരക്കണക്കിന് കെണികളും ബോംബുകളും ഒരുക്കിയിട്ടുണ്ട്. ഗാസ ഇസ്രായിലി സൈനികരുടെ ശവക്കുഴിയായിരിക്കുമെന്നും അല്‍ഖസ്സാം ബ്രിഗേഡ്‌സ് പറഞ്ഞു.