കയ്‌റോ: സൂയസ് കനാലില്‍ ടോള്‍ ഫീസില്‍ 12 ശതമാനം മുതല്‍ 15 ശതമാനം വരെ കിഴിവ് നല്‍കുന്ന കാര്യം സൂയസ് കനാല്‍ അതോറിറ്റി പരിഗണിക്കുന്നതായി അതോറിറ്റി മേധാവി ഉസാമ റബീഅ് പറഞ്ഞു. ഗാസയിലെ ഫലസ്തീനികളെ പിന്തുണച്ച് ഇസ്രായിലിലേക്കുള്ള ചരക്ക് വരവ് തടയാന്‍ ശ്രമിക്കുകയാണെന്ന് അവകാശപ്പെട്ട് യെമനിലെ ഹൂത്തി വിമതര്‍ കപ്പലുകള്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് കനാലിന്റെ വരുമാനം കുറഞ്ഞ പശ്ചാത്തലത്തിലാണ് ടോള്‍ ഫീസ് കുറക്കുന്ന കാര്യം അതോറിറ്റി പരിഗണിക്കുന്നത്.
ചെങ്കടലില്‍ ചരക്ക് കപ്പലുകള്‍ക്ക് നേരെയുള്ള ഹൂത്തി ആക്രമണത്തെ തുടര്‍ന്ന് തടസ്സപ്പെട്ട കനാലിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചാണ് ടോള്‍ ഫീസ് കുറക്കുന്നത്. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി അംഗീകാരം നല്‍കിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ടോള്‍ ഫീസ് കുറക്കല്‍ നടപ്പാക്കാന്‍ കഴിയുമെന്ന് ഉസാമ അല്‍റബീഅ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ സൂയസ് കനാല്‍ വരുമാനം 88 കോടി ഡോളറായി കുറഞ്ഞതായി ഈജിപഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഡാറ്റകള്‍ വ്യക്തമാക്കുന്നു. 2023 അവസാന പാദത്തില്‍ സൂയസ് കനാലില്‍ നിന്ന് 240 കോടി വരുമാനം ലഭിച്ചിരുന്നു. ഈജിപ്തിന്റെ വിദേശ നാണയത്തിന്റെ പ്രധാന സ്രോതസ്സാണ് സൂയസ് കനാല്‍ വരുമാനം.
കഴിഞ്ഞ ആഴ്ച ഉസാമ റബീഅ് ഷിപ്പിംഗ് ഏജന്‍സികളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശമായ ചെങ്കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് വര്‍ധിച്ച ഇന്‍ഷുറന്‍സ് ചെലവുകള്‍ നികത്താന്‍ സഹായിക്കുന്ന താല്‍ക്കാലിക ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ഷിപ്പിംഗ് ഏജന്‍സി പ്രതിനിധികള്‍ കൂടിക്കാഴ്ചക്കിടെ ആവശ്യപ്പെട്ടു. ഒമാന്റെ മധ്യസ്ഥതയില്‍ അമേരിക്കയും ഹൂത്തികളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തിയ ശേഷമാണ് കൂടിക്കാഴ്ച നടന്നത്. അമേരിക്കന്‍ കപ്പലുകളെ ആക്രമിക്കുന്നത് നിര്‍ത്താന്‍ ഹൂത്തികള്‍ സമ്മതിച്ചതിന് പകരമായി യെമനിലെ ഹൂത്തികള്‍ക്ക് നേരെയുള്ള വ്യോമാക്രമണം നിര്‍ത്താന്‍ അമേരിക്കയും സമ്മതിച്ചു. ഇറാനുമായി സഖ്യത്തിലുള്ള ഹൂത്തി ഗ്രൂപ്പുമായുള്ള കരാറില്‍ ഇസ്രായിലിനെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇസ്രായിലിനെതിരായ ആക്രമണങ്ങള്‍ തുടരുമെന്ന് ഹൂത്തികള്‍ വ്യക്തമാക്കിയിട്ടുണ്ട്.