വാഷിംങ്ടണ്‍– 9 മാസമായി അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് നാസ അറിയിച്ചു. ഐ.എസ്.എസില്‍ എത്തിയ അമേരിക്കന്‍ ബഹിരാകാശ യാത്രികനും റഷ്യന്‍ യാത്രികനുമൊപ്പം സ്‌പേസ് എക്‌സ് ക്ൂ ഡ്രാഗണ്‍ ക്രാഫ്റ്റിലാണ് മടങ്ങുക. മാര്‍ച്ച് 17 ഇന്ത്യന്‍ സമയം വൈകിട്ട് 6.45 നാകും ക്രൂ 9 ദൗത്യസംഘം ബഹിരാകാശ നിലയത്തില്‍ നിന്ന് പുറപ്പെടുക.
2024 ജൂണ്‍ മുതല്‍ ഇരുവരും ഇന്റര്‍നാഷണല്‍ സ്‌പേസ് സ്‌റ്റേഷനില്‍ (ഐ.എസ്.എസ്) കുടുങ്ങിക്കിടക്കുകയായിരുന്നു. ബോയിംഗ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ കഴിഞ്ഞ ജൂണ്‍ 5 നാണ് ഇരുവരും ഐ.എസ്.എസിലേക്ക് യാത്ര തിരിച്ചത്. എന്നാല്‍ സ്റ്റാര്‍ലൈനറിലെ ഹീലിയം ചോര്‍ച്ചയും പ്രൊപല്‍ഷന്‍ സംവിധാനത്തിലെ തകര്‍ച്ചയും കാരണം എട്ട് ദിപസത്തെ ദൗത്യത്തിന് ശേഷം നിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് തിരിച്ചു വരാന്‍ കഴിഞ്ഞില്ല. പലതവണ ഇവരെ മടക്കികൊണ്ടു വരാന്‍ നാസ ശ്രമിച്ചെങ്കിലും അപകടസാധ്യത മുന്നില്‍ക്കണ്ട് മാറ്റിവെക്കുകയായിരുന്നു.
സ്റ്റാര്‍ലൈനറിനെ പിന്നീട് ആളില്ലാതെ ന്യൂമെക്‌സികോയില്‍ 2024 സെപ്റ്റംബര്‍ ഏഴിന് നാസ ലാന്‍ഡ് ചെയ്യിച്ചു. ഇതോടു കൂടെ ഇരുവരും ബഹിരാകാശത്ത് തുടരേണ്ടി വന്നു. ഏറ്റവും കൂടുതല്‍ സമയം ബഹിരാകശനടത്തം പൂര്‍ത്തിയാക്കിയ വനിതയെന്ന ലോക റെക്കോര്‍ഡ് സുനിത വില്യംസ് കരസ്ഥമാക്കി.
നാസ ബഹിരാകാശ യാത്രിക നിക്ക് ഹേഗും റോസ്‌കോസ്‌മോഗ് ബഹിരാകാശ യാത്രികന്‍ അലക്‌സാണ്ടര്‍ ഗോര്‍ബുനേവും ഡ്രാഗണ്‍ ക്യാപ്‌സ്യൂളില്‍ തിരിച്ചെത്തും. ഹാച്ച് അടയ്ക്കുന്ന തയ്യാറെടുപ്പുകള്‍ ആരംഭിക്കുന്ന തിങ്കളാഴ്ച വൈകുന്നേരം മുതല്‍ യാത്ര തല്‍സമയ സംപ്രേഷണം ചെയ്യും.