പശ്ചിമേഷ്യൻ മേഖല വീണ്ടും വിനാശകരമായ ഒരു മഹാ യുദ്ധത്തിന്റെ നിഴലിലായിരിക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാനെ സൈനികമായി നേരിടാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ട് പച്ചക്കൊടി കാട്ടിയതോടെ മേഖലയിൽ അത്യന്തം ഭീതിജനകമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ഏകദേശം 358 ടോമാഹോക്ക് മിസൈലുകൾ വഹിച്ചുകൊണ്ടുള്ള അമേരിക്കയുടെ ഭീമൻ യുദ്ധക്കപ്പൽ വ്യൂഹം ഇറാൻ ലക്ഷ്യമാക്കി നീങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുഎസ് നാവികസേനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പടപ്പുറപ്പാടുകളിൽ ഒന്നാണ് ഇപ്പോൾ പേർഷ്യൻ ഗൾഫ് മേഖലയിൽ നടക്കുന്നത്. ഇതിന്റെ ഭാഗമായി യുഎസ്എസ് അബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പലും അതിന്റെ സ്ട്രൈക്ക് ഗ്രൂപ്പും തെക്കൻ ചൈനാ സമുദ്രത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലേക്ക് തിരിച്ചുവിട്ടു കഴിഞ്ഞു. ഇറാന്റെ ഭൂഗർഭ ആണവ നിലയങ്ങൾ, സൈനിക കമാൻഡ് സെന്ററുകൾ, തന്ത്രപ്രധാനമായ എണ്ണ ശുദ്ധീകരണ ശാലകൾ എന്നിവ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നാണ് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നത്.
അമേരിക്കയുടെ ഈ സൈനിക വിന്യാസത്തിന് പിന്നാലെ ഇസ്രായേൽ ഇറാനെ ആക്രമിക്കാൻ തക്കം പാർത്തിരിക്കുകയാണെന്ന ഗുരുതരമായ വെളിപ്പെടുത്തലുമായി തുർക്കി രംഗത്തെത്തിയിട്ടുണ്ട്. ഇസ്രായേൽ ഇറാനെ ആക്രമിക്കാൻ അവസരം തേടുന്നതിന്റെ വ്യക്തമായ സൂചനകൾ ഉണ്ടെന്നും ഇത്തരമൊരു നീക്കം മേഖലയെ കൂടുതൽ അസ്ഥിരമാക്കുമെന്നും തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ മുന്നറിയിപ്പ് നൽകി. യുഎസും ഇസ്രായേലും ഇക്കാര്യത്തിൽ ആസൂത്രിതമായ നീക്കങ്ങൾ നടത്തുന്നുണ്ടെന്ന സൂചനയാണ് തുർക്കി നൽകുന്നത്. ഇസ്താംബൂളിൽ ഇറാനിലെ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം ഈ ആശങ്കകൾ പങ്കുവെച്ചിരുന്നു. ഇതിനിടയിൽ തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസേഷ്കിയനുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഇറാനിലെ വിദേശ ഇടപെടലുകൾക്കെതിരെ തുർക്കിയുടെ നിലപാട് ആവർത്തിക്കുകയും മേഖലയിലെ സ്ഥിരതയ്ക്ക് പ്രാധാന്യം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങളെ വെറും ഭീഷണിയായി കണ്ട് തള്ളിക്കളയാൻ ഇറാൻ തയ്യാറല്ല. തങ്ങളുടെ പരമാധികാരത്തിന് നേരെ ഏതെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാൽ അത് പരിമിതമോ അപരിമിതമോ ആയ ആക്രമണമാകട്ടെ, അതിനെ ‘സമ്പൂർണ്ണ യുദ്ധമായി’ കണക്കാക്കി അതിശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് പ്രഖ്യാപിച്ചു കഴിഞ്ഞു. അമേരിക്ക തീകൊണ്ട് കളിക്കുകയാണെന്നും മേഖലയിലെ എല്ലാ യുഎസ് സൈനിക താവളങ്ങളും തങ്ങളുടെ മിസൈൽ പരിധിയിലാണെന്നും ഇറാൻ ഭരണകൂടം ഓർമ്മിപ്പിച്ചു. ഹൈപ്പർസോണിക് മിസൈലുകളും വൻതോതിലുള്ള ഡ്രോൺ ആക്രമണങ്ങളും ഉപയോഗിച്ച് ഏത് കടന്നാക്രമണത്തെയും പ്രതിരോധിക്കാൻ തങ്ങളുടെ സൈന്യം ഏറ്റവും മോശമായ സാഹചര്യത്തിന് തയ്യാറാണെന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇറാന്റെ പരമാധികാരവും പ്രദേശിക സമഗ്രതയും ലംഘിക്കപ്പെട്ടാൽ അത് ലോകക്രമത്തെ തന്നെ ബാധിക്കുന്ന പ്രത്യാഘാതങ്ങളിലേക്ക് നയിക്കും.
മിഡിൽ ഈസ്റ്റിലെ ഈ സംഘർഷം ആഗോളതലത്തിൽ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ, ചരക്ക് പാതയായ ഹോർമുസ് കടലിടുക്ക് ഉപരോധിക്കുമെന്ന ഭീഷണി ഇറാൻ ആവർത്തിക്കുന്നുണ്ട്. ഇത് സംഭവിച്ചാൽ രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരുകയും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ വൻ വിലക്കയറ്റത്തിന് കാരണമാവുകയും ചെയ്യും. കൂടാതെ ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ദശലക്ഷക്കണക്കിന് പ്രവാസികളുടെ സുരക്ഷയും വലിയ ആശങ്കയായി മാറിയിട്ടുണ്ട്. റഷ്യയും ചൈനയും ഈ വിഷയത്തിൽ അതീവ ജാഗ്രതയിലാണ്. അമേരിക്ക ഏകപക്ഷീയമായി സൈനിക നീക്കം നടത്തുന്നത് തടയാൻ അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദങ്ങൾ ശക്തമാണെങ്കിലും നയതന്ത്ര പരിഹാരങ്ങൾ പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. നിലവിൽ ഒരു വെടിമരുന്നിന്റെ മുകളിൽ ഇരിക്കുന്ന പശ്ചിമേഷ്യയിൽ സംഭവിക്കുന്ന ഒരു ചെറിയ തീപ്പൊരി പോലും മനുഷ്യരാശി കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വിനാശകാരിയായ ഒരു പോരാട്ടത്തിനാകും സാക്ഷ്യം വഹിക്കുക.



