ബെയ്‌റൂത്ത് – ഹിസ്ബുല്ല തങ്ങളുടെ ആയുധശക്തി ഉപേക്ഷിക്കില്ലെന്നും തങ്ങളുടെ ആയുധങ്ങള്‍ ഇസ്രായിലിന് ലഭിക്കില്ലെന്നും ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ നഈം ഖാസിം പ്രഖ്യാപിച്ചു. ദക്ഷിണ ലെബനോനില്‍ നിന്ന് ഭാഗികമായ ഇസ്രായിലി സൈനിക പിന്മാറ്റത്തിന് പകരമായി ഹിസ്ബുല്ലയുടെ നിരായുധീകരണമാണ് പുതിയ കരാറിലൂടെ അമേരിക്ക ആവശ്യപ്പെടുന്നത്. ലിറ്റാനി നദിയുടെ തെക്ക് ഹിസ്ബുല്ല വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണമായും നടപ്പാക്കിയിട്ടുണ്ട്. ഇവിടെ ലെബനീസ് ഭരണകൂടം കഴിയുന്നിടത്തെല്ലാം സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഇസ്രായില്‍ 3,800 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ലോകം മുഴുവന്‍ പറയുന്നു. വെടിനിര്‍ത്തല്‍ ലംഘിച്ച് എട്ട് മാസമായി ഇസ്രായില്‍ ആക്രമണം തുടരുന്നു. ലെബനോന്‍ രാഷ്ട്രവും ഹിസ്ബുല്ലയും എല്ലാ ചെറുത്തുനില്‍പ് പ്രസ്ഥാനങ്ങളും വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ചെയ്യേണ്ടതെല്ലാം നടപ്പാക്കിയിട്ടുണ്ട്. ഇസ്രായില്‍ ഒന്നും നടപ്പിലാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആക്രമണം തുടരുന്നതില്‍ നിന്ന് ഇസ്രായിലിനെ തടയാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടില്ല. എന്നാല്‍ ലെബനീസ് ഭരണകൂടവും ഇസ്രായിലും തമ്മിലുള്ള കരാറിലൂടെ പ്രത്യേക പരിധിയില്‍ ഇസ്രായില്‍ ആക്രമണം നിര്‍ത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ലെബനോനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനും ആക്രമണം അവസാനിപ്പിക്കാനും ഇസ്രായില്‍ ബാധ്യസ്ഥമാണ്. ഇസ്രായിലുമായി ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ രാജ്യത്തിന്റെ ഉത്തരവാദിത്തത്തിലും അധികാരത്തിലുമാണ്.
എട്ട് മാസത്തിനിടെ ഇസ്രായില്‍ നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ ഒരിക്കലും സംഭവിച്ചിട്ടില്ലാത്തതുപോലെയാക്കുന്ന പുതിയ കരാര്‍ ഇപ്പോള്‍ അമേരിക്ക നിര്‍ദേശിക്കുന്നു. മുന്‍ ആക്രമണങ്ങളില്‍ നിന്ന് ഈ കരാര്‍ ഇസ്രായിലിനെ കുറ്റവിമുക്തമാക്കുന്നു. ഈ ആക്രമണത്തിനുള്ള ഏക ന്യായീകരണം ഹിസ്ബുല്ലയുടെ നിരായുധീകരണം മാത്രമാണ്. കാരണം ഇസ്രായിലിന്റെ സുരക്ഷക്ക് ഉറപ്പുനല്‍കാന്‍ ഹിസ്ബുല്ലയെ നിരായുധീകരിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു.
അമേരിക്ക മുന്നോട്ടുവെച്ച പുതിയ നിര്‍ദേശത്തില്‍ ഇസ്രായില്‍ സൈന്യത്തിന്റെ ഭാഗിക പിന്മാറ്റത്തിന് പകരമായി ഹിസ്ബുല്ലയുടെ നിരായുധീകരണം ആവശ്യപ്പെടുന്നതായും നഈം ഖാസിം പറഞ്ഞു. ചെറുത്തുനില്‍പിനും അതിന്റെ പരിസ്ഥിതിക്കും ലെബനോനും അസ്തിത്വ ഭീഷണി നേരിടുന്നതായി ഹിസ്ബുല്ലയും അമല്‍ പ്രസ്ഥാനവും കരുതുന്നു. തെക്ക് ഇസ്രായിലും കിഴക്കന്‍ അതിര്‍ത്തിയില്‍ ഐസിസ് ഭീകരരും ലെബനോനെ നിയന്ത്രിക്കുന്ന അമേരിക്കന്‍ സ്വേച്ഛാധിപത്യവും അടങ്ങിയ യഥാര്‍ഥ അപകടങ്ങളെ ലെബനോന്‍ അഭിമുഖീകരിക്കുന്നു. ഇസ്രായില്‍ സൃഷ്ടിക്കുന്ന അപകടവും ഭീഷണിയും ഇല്ലാതാക്കിയ ശേഷം, പ്രതിരോധ തന്ത്രത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ തയാറാണ്. എന്നാല്‍, ഇന്നത്തെ സാഹചര്യത്തില്‍ ഞങ്ങള്‍ ഞങ്ങളുടെ ആയുധ ശക്തി ഉപേക്ഷിക്കില്ല. പ്രതിരോധ ഏറ്റുമുട്ടലിന് ഞങ്ങള്‍ പൂര്‍ണമായും തയ്യാറാണ് – നഈം ഖാസിം പറഞ്ഞു.
ദക്ഷിണ ലെബനോനില്‍ ഇസ്രായില്‍ സൈന്യം കൈവശപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് പിന്‍വാങ്ങുന്നതിനും കഴിഞ്ഞ വര്‍ഷം ഇസ്രായില്‍ നശിപ്പിച്ച പ്രദേശങ്ങളുടെ പുനര്‍നിര്‍മാണത്തിനായി ഫണ്ട് അനുവദിക്കുന്നതിനും പകരമായി ഹിസ്ബുല്ല തങ്ങളുടെ ആയുധങ്ങള്‍ ഉപേക്ഷിക്കണമെന്ന് അമേരിക്ക ആവശ്യപ്പെടുന്നുണ്ടെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.